കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അസിസ്റ്റൻ്റ് പ്രൊഫസർ

കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിലെ സംഗീത വിഭാഗത്തിൽ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസ  വേതന അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. സംഗീതത്തിൽ ബിരുദാനന്തര ബിരുദവും, നെറ്റുമാണ് യോഗ്യത. താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം 2024 മാർച്ച് 22 നകം hodmusic@kannuruniv.ac.in എന്ന ഇമെയിലേയ്ക്ക് അപേക്ഷ സമർപ്പിക്കണം. ഫോൺ: 9895232334

പരീക്ഷാ കേന്ദ്രത്തിൽ മാറ്റം 

ആറാം സെമസ്റ്റർ ബിരുദ (സപ്ലിമെന്ററി/ മേഴ്‌സി ചാൻസ്) ഏപ്രിൽ 2024 പരീക്ഷകൾക്ക് തൃക്കരിപ്പൂർ ആർട്സ് ആൻഡ് സയൻസ് കോളേജ്  പരീക്ഷാ കേന്ദ്രം ആയി അപേക്ഷിച്ച വിദ്യാർഥികൾ, പ്രസ്തുത പരീക്ഷകൾക്ക് വിളയങ്കോട്, വാദി ഹുദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ (വിറാസ്) ഹാജരാവേണ്ടതാണ്. പരീക്ഷകൾ, വെള്ളിയാഴ്ചകളിൽ രാവിലെ 9 .30 നും  മറ്റു ദിവസങ്ങളിൽ 10 മണിക്കും ആരംഭിക്കും

പരീക്ഷാ ഫലം

കണ്ണൂർ സർവകലാശാല നടത്തിയ  നാലാം സെമസ്റ്റർ  ബിടെക് ഡിഗ്രി സപ്ലിമെൻററി മേഴ്‌സി ചാൻസ് (2007 – 2014 അഡ്മിഷൻ, പാർട്ട് ടൈം ഉൾപ്പെടെ), ഏപ്രിൽ 2023 പരീക്ഷാ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്റ്റുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കുന്നതാണ്. പുനപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 03/04/2024 വൈകുന്നേരം 5 മണി.

ടൈം ടേബിൾ

08.04.2024 ന്  ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2014 മുതൽ 2018 വരെയുള്ള  കാലയളവിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള സപ്ലിമെന്ററി/ മേഴ്‌സി ചാൻസ് പരീക്ഷകളുടെ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും. പരീക്ഷകൾ, വെള്ളിയാഴ്ചകളിൽ രാവിലെ 9 .30 നും മറ്റു ദിവസങ്ങളിൽ 10  മണിക്കും ആരംഭിക്കും.

ഇതിഹാസ നാഷണൽ ഹിസ്റ്ററി ഫെസ്റ്റ് സംഘടിപ്പിച്ചു.

കണ്ണൂർ : കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ചരിത്ര വിഭാഗം സംഘടിപ്പിച്ച ഇതിഹാസ നാഷണൽ ഹിസ്റ്ററി ഫെസ്റ്റിന്റെ എട്ടാമത് എഡിഷൻ സമാപിച്ചു. ചരിത്രം വളച്ചൊടിക്കപ്പെടുന്ന വർത്തമാന കാലത്ത് ഓർമകളുടെ പ്രതിരോധമുയർത്തുകയാണ് കടമയെന്ന് ഫെസ്റ്റിൽ അഭിപ്രായപ്പെട്ടു. രാജ്യസഭാ അംഗം ഡോ. വി ശിവദാസൻ എം പി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇരുണ്ട കാലത്ത് വെളിച്ചമാവേണ്ടത് വിദ്യാർത്ഥികളാണെന്നും ചരിത്രത്തെയും ശാസ്ത്രത്തെയും വളച്ചൊടിക്കുന്ന ഭരണാധികാര വർഗ്ഗത്തിനെതിരെ നിതാന്ത ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. വകുപ്പ് മേധാവി ഡോ. മാളവിക ബിന്നി അധ്യക്ഷയായി. ചരിത്രകാരൻ ഡോ. പി ജെ വിൻസെന്റ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്‌ അംഗം സി പി ഷിജു, അസോസിയേറ്റ് പ്രൊഫസ്സർ ഡോ. മഞ്ജുള പൊയിൽ, ഗണിത ശാസ്ത്ര വിഭാഗം മേധാവി ഡോ. ടി വി രാമകൃഷ്ണൻ, സൈക്കോളജി വിഭാഗം മേധാവി ഡോ. ജോൺസൺ അലക്സ്‌, യൂണിയൻ ചെയർമാൻ എ തേജസ്സ് , ഫിനാൻസ് കോർഡിനേറ്റർ സയൂജ്യ എസ് എൻ എന്നിവർ സംസാരിച്ചു. സ്റ്റുഡന്റ് കോർഡിനേറ്റർ അഖിൽ നാസിം സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ വി വിജിത നന്ദിയും പറഞ്ഞു.

പ്രൊഫസർ എ അയ്യപ്പൻ ചെയർ ത്രിദിന ദേശീയ നരവംശശാസ്ത്ര സെമിനാർ തുടങ്ങി

കണ്ണൂർ സർവകലാശാല നരവംശശാസ്ത്ര വകുപ്പിലെ പ്രൊഫസർ എ അയ്യപ്പൻ ചെയറിൻറെ ആഭിമുഖ്യത്തിൽ പാലയാട്  ഡോ. ജാനകി അമ്മാൾ കാമ്പസ്സിൽ നടത്തുന്ന  എൻഡോവ്മെൻറ് ലക്‌ചറും അവാർഡ് ദാനവും ത്രിദിന ദേശീയ സെമിനാറും മാർച്ച്  19 ന് രാവിലെ

ഒഡിഷയിലെ പട്ടിക ജാതി പട്ടിക വർഗ്ഗ പഠന പരിശീലന സ്ഥാപനത്തിൻറെ മുൻ ഡയറക്ടർ പ്രൊഫസർ പ്രേമാനന്ദ പാണ്ട ഉൽഘാടനം ചെയ്‌തു

പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ വികസനത്തിൽ നരവംശശാസ്ത്രത്തിൻറെ ഉപയോഗം എന്ന വിഷയത്തിലാണ് ത്രിദിന സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്.  സമ്പൽപ്പൂർ സർവകലാശാല നരവംശശാസ്ത്ര വകുപ്പ് മുൻ മേധാവിയും പ്രൊഫസർ എ അയ്യപ്പൻറെ വിദ്യാർത്ഥിയുമായിരുന്ന പ്രൊഫസർ സത്യനാരായണ രാത്ത ഓൺലൈനായിയും  പ്രൊഫസർ പ്രേമാനന്ദ പാണ്ട, കാലടി സംസ്‌കൃത സർവ്വകലാശാല ബുദ്ധിസ്റ്റ് സ്റ്റഡീസ് കോർഡിനേറ്റർ ഡോ. അജയ് എസ് ശേഖർ എന്നിവർ എൻഡോവ്മെൻറ് ലക്ച്ചറുകൾ നടത്തി. നരവംശശാസ്ത്ര വകുപ്പ് മേധാവി ഡോ. എം എസ് മഹേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. സർവകലാശാലയുടെ നരവംശശാസ്ത്ര വകുപ്പിൽ പ്രൊഫസർ എ അയ്യപ്പൻറെ ഫോട്ടോ  പ്രൊഫസർ പ്രേമാനന്ദ പാണ്ട അനാച്ഛാദനം ചെയ്തു. കണ്ണൂർ സർവകലാശാല 2023 ലെ എം എ നരവംശശാസ്ത്ര പരീക്ഷയിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ ലഭിച്ച സ്നേഹ പി, അഞ്ജന എം ബി എന്നീ വിദ്യാർത്ഥിനികൾക്ക് പ്രൊഫസർ എ അയ്യപ്പൻ എൻഡോവ്മെൻറ് അവാർഡുകൾ നൽകി. ഡോ. എം സിനി, രാജീവ് എസ് എന്നിവർ പ്രബന്ധങ്ങൾ  അവതരിപ്പിച്ചു. സർവകലാശാല റിസർച്ച്  ഡയറക്ടർ പ്രൊഫസർ അനൂപ് കുമാർ കെ, സോഷ്യൽ സയൻസസ് ഡീൻ  പ്രൊഫസർ ബി ബിന്ദു എന്നിവർ ആശംസ പറഞ്ഞു. നരവംശ ശാസ്ത്ര വകുപ്പിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. എം സിനി നന്ദി പറഞ്ഞു. നാളെ  കോഴിക്കോട്  കിർടാഡ്‌സ് ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. പ്രദീപ് കുമാർ കെ എസ്   മുഖ്യ പ്രഭാഷണം നടത്തും. 21 ന് സെമിനാർ സമാപിക്കും.

About The Author