വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ സജീവമാക്കണം: വനിതാ കമ്മിഷന്‍

സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ കാര്യക്ഷമമാക്കണമെന്ന് വനിതാകമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷക്കൊപ്പം നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അഡ്വ. പി സതീദേവി.
സ്ത്രീപക്ഷ നിലപാട് സ്വീകരിക്കാന്‍ എല്ലാ മേഖലകളിലും ഇടപെടലുകള്‍ നടത്തേണ്ട സാഹചര്യമാണുള്ളത്. പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധതയാണ് പരാതികളില്‍ പ്രതിഫലിക്കുന്നത്. ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീകള്‍ പലപ്പോഴും സമൂഹത്തില്‍ മോശക്കാരായി ചിത്രീകരിക്കപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ ജാഗ്രതാ സമിതികള്‍ക്ക് കഴിയുമെന്നും വനിതാകമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
ഗാര്‍ഹിക പീഡനം, വഴിത്തര്‍ക്കം, ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, പോലീസ് സ്റ്റേഷനുകളില്‍ പരാതിയുമായി ചെല്ലുമ്പോള്‍ പോലീസുകാരുടെ സമീപനവും ഉപയോഗിക്കുന്ന ഭാഷ തുടങ്ങിയ പരാതികളാണ് അദാലത്തില്‍ പരിഗണനയ്ക്ക് എത്തിയത്. ജില്ലാതല അദാലത്തില്‍ 13 പരാതികള്‍ പരിഹരിച്ചു. 15 പരാതികളില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. 33 പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. ആകെ 58 പരാതികളാണ് പരിഗണനയ്ക്ക് എത്തിയത്. പാനല്‍ അഭിഭാഷകരായ അഡ്വ. പ്രമീള, അഡ്വ. ചിത്തിര ശശിധരന്‍, കൗണ്‍സിലര്‍ മാനസ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

About The Author