പി എം സൂരജ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു

പി എം സൂരജ് നാഷണല്‍ പോര്‍ട്ടലിന്റെയും ശുചീകരണ തൊഴിലാളികള്‍ക്കുള്ള ആയുഷ്മാന്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണത്തിന്റെയും ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇതിനോടനുബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സാമൂഹ്യക്ഷേമ / പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന / പിന്നോക്ക ക്ഷേമ / നഗര വികസന വകുപ്പുകളുമായി സഹകരിച്ച് ജില്ലാ ഭരണകൂടം പരിപാടി സംഘടിപ്പിച്ചു. രാജ്യമൊട്ടാകെ ഒരുലക്ഷം ഗുണഭോക്താക്കള്‍ക്ക് കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പ വിതരണത്തിനുള്ളതാണ് പിഎം സൂരജ് പോര്‍ട്ടല്‍ പദ്ധതി.
ജില്ലയില്‍ വനിതാ വികസന കോര്‍പ്പറേഷന്റെ 59 ഗ്രൂപ്പുകളിലെ 590 ഗുണഭോക്താക്കള്‍ക്കായുള്ള രണ്ടു കോടിയുടെയും നാഷണല്‍ സഫായി കരംചാരി ഫിനാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍, ദേശീയ പിന്നോക്ക ധനകാര്യ വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ ചാനലിങ് ഏജന്‍സിയായ കെ എസ് ബി സി ഡി സി മുഖേന 232 ഗുണഭോക്താക്കള്‍ക്കായി 1.55 കോടി രൂപയുടെയും മത്സ്യഫെഡിന്റെ മൂന്നു ലക്ഷം രൂപയുടെയും വായ്പ അനുമതി പത്രം വിതരണം ചെയ്തു. ജില്ലയില്‍ 69 പേര്‍ക്കാണ് ആയുഷ്മാന്‍ ഹെല്‍ത്ത് കാര്‍ഡ് അനുവദിച്ചത്. ഇതില്‍ 10 പേര്‍ക്കുള്ള കാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു.
കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി ഷമീമ വിശിഷ്ടാതിഥിയായി. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ പി ബിജു, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ മനോഹരന്‍, ജില്ലാ പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ മാനേജര്‍ കെ വി പ്രമോദ് കുമാര്‍, കെ എസ് ബി സി ഡി സി ജില്ലാ മാനേജര്‍ എന്‍ കെ നര്‍മദ, തലശ്ശേരി മാനേജര്‍ അനീറ്റ ജോസ്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ വി രജിത, തദ്ദേശ സ്വയംഭരണവകുപ്പ് ജൂനിയര്‍ സൂപ്രണ്ട് കെ ചിത്രന്‍, കണ്ണൂര്‍ ലീഡ് ബാങ്ക് സീനിയര്‍ മാനേജര്‍ പി വി ശബരീനാഥ് എന്നിവര്‍ പങ്കെടുത്തു.

About The Author