കാഴ്ച പരിമിതി തടസമാകില്ല ഇനിയവര്‍ ഓണ്‍ലൈന്‍ ലോകത്തേക്ക്

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ജീവിതത്തിന്റെ ഭാഗമായതോടെ കാഴ്ചപരിമിതിയുള്ളവരെയും അതിനൊപ്പം ചേര്‍ത്തു നിര്‍ത്തുകയാണ് ജില്ലാ പഞ്ചായത്ത്. ഹിയറിങ്ങ് സോഫ്റ്റ് വെയർ  ഇന്‍സ്റ്റാള്‍ ചെയ്ത പ്രത്യേക സ്മാര്‍ട്ട് ഫോണുകള്‍ നല്‍കിയാണ് ഇവരെ സാങ്കേതിക ലോകത്തേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. ഫോണുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു.

സര്‍ക്കാര്‍ സേവനങ്ങള്‍ ഉള്‍പ്പടെ നിലവില്‍ ഓണ്‍ലൈനായി ലഭ്യമാണ്. സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച്  ഇവ അനായാസം ഉപയോഗിക്കാം. എന്നാല്‍ കാഴ്ച പരിമിതിയുള്ളവര്‍ക്ക് ഇത് സാധ്യമായിരുന്നില്ല. ഇതോടെയാണ് ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതി ആവിഷ്‌കരിച്ചത്. സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ 9.8 ലക്ഷം രൂപ ചെലവില്‍ ഏഴ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 64 പേര്‍ക്കാണ് ഫോണ്‍ നല്‍കിയത്. സ്മാർട്ട്ഫോണുകളിൽ ഇൻ ബിൽട്ട്  ആയി ഉണ്ടാവുന്ന സോഫ്റ്റ് വെയറിന് പുറമെ കാഴ്ചപരിമിതിയുള്ളവർക്ക് സൗഹൃദമായ രീതിയിൽ കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്റ് അഥവാ കെ എഫ് ബി പ്രത്യേകമായി തയ്യാറാക്കിയ സോഫ്റ്റ് വെയറും  ഇൻസ്റ്റാൾ ചെയ്താണ് ഫോണുകൾ നൽകിയത്. ഇവര്‍ക്ക് ഇതിന്റെ ഉപയോഗം പഠിപ്പിക്കാന്‍ രണ്ട് ദിവസത്തെ പരിശീലനവും നല്‍കും.

ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, അഡ്വ. ടി സരള, അഡ്വ. കെ കെ രത്‌നകുമാരി, അംഗം തോമസ് വക്കത്താനം, സാമൂഹ്യ നീതി ഓഫീസര്‍ പി ബിജു, കെ എഫ് ബി  ജില്ലാ സെക്രട്ടറി ടി എന്‍ മുരളീധരന്‍, ഒ കെ രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

About The Author