മാടായി ഗവ ഐടിഐ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം രണ്ടിന്

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ വെങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന മാടായി ഐടിഐയുടെ പുതിയ കെട്ടിട സമുച്ചയം, ചുറ്റുമതില്‍ എന്നിവയുടെ ഉദ്ഘാടനം മാര്‍ച്ച് രണ്ടിന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും. എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.

3.10 കോടി രൂപ ചെലവഴിച്ച് 1112.22 ചതുരശ്ര മീറ്ററില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ നാല് ട്രേഡുകള്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നാല് വര്‍ക്ക്‌ഷോപ്പുകള്‍, ക്ലാസ് മുറികള്‍, ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നിവയും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ ഓഫീസ്, പ്രിന്‍സിപ്പല്‍ റൂം, സ്റ്റോര്‍ റൂം, കോണ്‍ഫറന്‍സ് ഹാള്‍, ടോയ്‌ലറ്റ് ബ്ലോക്കുകള്‍ എന്നിവയുമാണുള്ളത്.  33.80 ലക്ഷം രൂപ ചെലവഴിച്ചാണ് പടിപ്പുരയോട് കൂടിയ ചുറ്റുമതില്‍ നിര്‍മ്മിച്ചത്. 2021 ഫെബ്രുവരിയില്‍ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വ്വഹിച്ചത്. നിലവില്‍ തൊഴില്‍ സാധ്യതയുള്ള എന്‍സിവിടി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളായ പെയിന്റര്‍ ജനറല്‍ (രണ്ടുവര്‍ഷം), പ്ലംബര്‍( ഒരു വര്‍ഷം) എന്നീ കോഴ്‌സുകളാണുള്ളത്. പെയിന്റര്‍ ജനറല്‍ ട്രേഡില്‍ രണ്ട് യൂണിറ്റുകളിലും പ്ലംബര്‍ ട്രേഡില്‍ ഒരു യൂണിറ്റിലുമായി 43 ട്രെയിനികള്‍ക്ക് പരിശീലനം നല്‍കുന്നു. അതില്‍ 38 പേര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരും അഞ്ച് പേര്‍ മറ്റു വിഭാഗത്തില്‍പ്പെട്ടവരുമാണ്.  കഴിഞ്ഞ വര്‍ഷം നാല് കോടി രൂപ ചെലവില്‍ ഹോസ്റ്റലും നിര്‍മ്മിച്ചു. 44 ട്രെയിനികള്‍ക്ക് താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്.

About The Author