തമിഴ്നാടിനെതിരായ വിദ്വേഷ പരാമർശം: ക്ഷമ ചോദിച്ച് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ

തമിഴ്നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ ക്ഷമ ചോദിച്ച് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ. തമിഴ്നാട്ടുകാർ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി, ബംഗളൂരുവിൽ സ്ഫോടനം നടത്തുന്നുവെന്ന പ്രസ്താവനയാണ് വിവാദമായത്. പരാമർശത്തിനെതിരെ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. എന്നാൽ കേരളത്തെക്കുറിച്ചുള്ള പരമാർശം പിൻവലിക്കാൻ കേന്ദ്രമന്ത്രി തയ്യാറായില്ല.

കേരളത്തിൽ നിന്നുള്ളവർ കർണാടകയിൽ ആസിഡ് ആക്രമണം നടത്തുന്നുവെന്നും തമിഴ്നാട്ടുകാർ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിൽ സ്ഫോടനം നടത്തുന്നുവെന്നുമായിരുന്നു ശോഭ കരന്ദ്‌ലാജെയുടെ പ്രസ്താവന. ബംഗളൂരു കഫെ സ്ഫോടനത്തിലെ പ്രതി തമിഴ്നാട്ടിലെ കൃഷ്ണഗിരി വന മേഖലയിലാണ് പരിശീലനം നേടിയതെന്നും ശോഭ ആരോപിച്ചു.

പ്രസ്താവന വിവാദമായതോടെയാണ് മന്ത്രി മാപ്പപേക്ഷ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. എല്ലാ തമിഴ്നാട്ടുകാരെയും താൻ ഉദ്ദേശിച്ചില്ലെന്നും മാനസിക ബുദ്ധിമുട്ടുണ്ടാക്കിയതിൽ മാപ്പ് ചോദിക്കുന്നുവെന്നും ശോഭ പറഞ്ഞു. മാപ്പപേക്ഷയ്ക്കൊപ്പം മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ രൂക്ഷമായി വിമർശിക്കുന്നുമുണ്ട് ശോഭ. മുഖ്യമന്ത്രിയുടെ അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് ശോഭ കരന്ദ്‌ലാജെ പറഞ്ഞു. രണ്ട് സംസ്ഥാനങ്ങൾക്കിടെ വിദ്വേഷം പരത്തുന്നുവെന്ന് കാണിച്ച് ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. എന്നാൽ കേരളത്തിനെതിരായ പരാമർശം ശേഭ പിൻവലിച്ചില്ല.

About The Author