തെരഞ്ഞെടുപ്പ്: പ്രിന്റിങ്ങ് പ്രസ് ഉടമകള്‍ സത്യവാങ്മൂലം വാങ്ങണം

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിന്റിങ്ങ് ആവശ്യത്തിന് എത്തുന്നവരില്‍ നിന്നും പ്രസ് ഉടമകളും മാനേജര്‍മാരും സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കണമെന്ന് എക്സ്‌പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ കൂടിയായ ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.

സ്ഥാനാര്‍ത്ഥികള്‍, അവരുടെ ഏജന്റുമാര്‍, സ്ഥാനാര്‍ത്ഥികള്‍ക്കായി എത്തുന്ന രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പോസ്റ്റര്‍, ബാനര്‍ മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവ പ്രന്റ് ചെയ്യാന്‍ സമീപിക്കുമ്പോഴാണ് സത്യവാങ്മൂലം വാങ്ങേണ്ടത്. പരിചിതരായ രണ്ട് വ്യക്തികള്‍ ഇതില്‍ സാക്ഷ്യപ്പെടുത്തണം. പ്രിന്റ് ചെയ്യുന്ന പ്രചരണ സാമഗ്രികളില്‍ പ്രിന്റിംഗ് സ്ഥാപനത്തിന്റെ പേര്, പബ്ലീഷ് ചെയ്യുന്ന വ്യക്തിയുടെ പേരും വിലാസവും, കോപ്പികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തണം. അവയുടെ രണ്ട് കോപ്പിയും സത്യവാങ്ങ്മൂലത്തിന്റെ പകര്‍പ്പും പ്രസ് പ്രവര്‍ത്തിക്കുന്ന നിയമസഭാ മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ക്ക് മൂന്ന് ദിവസത്തിനകം കൈമാറണം. ഇത് പാലിക്കാത്ത അച്ചടിശാലകള്‍ക്കെതിരെ 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.

About The Author