കെജ്‌രിവാളിനെ പൂട്ടാനുറച്ച് ഇ.ഡി.; വീണ്ടും സമന്‍സ്, 21-ന് ചോദ്യം ചെയ്യലിന് ഹാജരാകണം

മദ്യനയ അഴിമതിയിലും ജലബോർഡ് അഴിമതിയിലും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇഡി നോട്ടീസ്. മാർച്ച് 21 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. കേസിൽ ഇത് ഒൻപതാം തവണയാണ് ഇഡി കെജ്‌രിവാളിന് നോട്ടീസ് അയക്കുന്നത്. അന്വേഷണ ഏജൻസികളിൽ നിന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഓടിയൊളിക്കുന്നുവെന്ന് ബിജെപി നേതാവ് ഹരിഷ് ഖുറാന പരിഹസിച്ചു.

കെട്ടിച്ചമച്ച കേസിലാണ് കെജ്‌രിവാളിനെ വിളിപ്പിച്ചിരിക്കുന്നതെന്നും ജലബോർഡ് അഴിമതി ആരോപിച്ച് ഇഡി കേസെടുത്തത് അറിഞ്ഞത് ഇപ്പോൾ മാത്രമാണെന്നും എഎപി പ്രതികരിച്ചു. മദ്യനയ അഴിമതിക്കേസിൽ കഴിഞ്ഞ ദിവസം അരവിന്ദ്​ കെജ്‌രിവാളിന് ഡൽഹി റോസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചിരുന്നു. അതേസമയം, ഏജൻസിക്ക് മുമ്പാകെ ഹാജരാകാതിരിക്കാൻ കോടതി കെജ്‌രിവാളിന് ഇളവ് നൽകിയിട്ടില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.

മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലായിരുന്ന മദ്യ വില്‍പനയുടെ ലൈസന്‍സ് 2021-ല്‍ സ്വകാര്യ മേഖലയ്ക്കു കൈമാറിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിച്ചെന്നത് ഉള്‍പ്പെടെയാണ് ഇഡി കണ്ടെത്തിയത്. ഏതാനും മദ്യവ്യവസായികള്‍ക്ക് അനര്‍ഹമായ ലാഭം ലഭിച്ച ഇടപാടില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയും കവിതയും എഎപി നേതാവ് വിജയ് നായരും ഇടപെട്ടുവെന്നാണ് ആരോപണം.

About The Author