അരവിന്ദ് കെജ്‌രിവാളിനെ CBI അറസ്റ്റ് ചെയ്‌തേക്കും; കസ്റ്റഡി അപേക്ഷ നല്‍കും

മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‍രിവാളിനെ പ്രതിയാക്കാൻ സിബിഐയുടെയും ശ്രമം. ഇഡിയെ ഉടൻ തന്നെ സിബിഐ ബന്ധപ്പെട്ടേക്കും. ചോദ്യം ചെയ്യൽ അടക്കമുള്ള നടപടിയിലേക്ക് കടക്കാനാണ് സിബിഐ നീക്കം. ഇ ഡി കസ്റ്റഡി കാലാവധി അവസാനിക്കുമ്പോൾ കോടതിയെ സമീപിച്ച് കെജ്‍രിവാളിനെ കസ്റ്റഡിയിൽ വാങ്ങാനാണ് സിബിഐ നീക്കം. ഏറ്റവും ശക്തമായ തെളിവുകൾ കയ്യിലുണ്ടെന്നാണ് സിബിഐയുടെ വാദം. പലതവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഡൽഹി മുഖ്യമന്ത്രി അന്വേഷണത്തോട് സഹകരിച്ചില്ലെന്നും സിബിഐ വാദിക്കുന്നു.

സിബിഐ കൂടി രം​ഗത്തെത്തുന്നതോടെ അരവിന്ദ് കെജ്‍രിവാളിനെതിരെ നിയമകുരുക്ക് ശക്തമാകും. ഇ ഡി കസ്റ്റഡിയിലെടുത്ത എല്ലാവരും സിബിഐയുടെ പ്രതി പട്ടികയിലുമുണ്ട്. അതിനാൽ കൂടുതൽ നേതാക്കൾ മദ്യനയ കേസിൽ നിയമകുരുക്കിൽ പെടുമെന്നാണ് സൂചന. അതിനിടെ ഡൽഹിയിലെ ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം കടുക്കുകയാണ്. കെജ്‍രിവാളിന്റെ അറസ്റ്റിന് പിന്നാലെയാണ് പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചത്. ആം ആദ്മി പ്രവർത്തകർക്കൊപ്പം ഇൻഡ്യ മുന്നണിയിലെ പ്രധാന നേതാക്കളും പ്രതിഷേധത്തിൽ അണിചേരും.

 

About The Author