ഭാരത് അരി റെയില്‍വേ സ്റ്റേഷനില്‍ കിട്ടും; തീരുമാനവുമായി റെയിൽവേ

രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷൻ വളപ്പുകളിലും ഭാരത് അരി വിതരണത്തിന് അനുമതി. സ്റ്റേഷൻ വളപ്പുകളിൽ മൊബൈല്‍ വാനുകള്‍ പാര്‍ക്കുചെയ്ത് ഭാരത് അരി, ഭാരത് ആട്ട എന്നിവ വിതരണം ചെയ്യുന്നതിന് റെയില്‍വേ പാസഞ്ചര്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനുമതി നല്‍കി. അടുത്ത മൂന്ന് മാസ കാലയളവിൽ പരീക്ഷണാടിസ്ഥാനത്തിലാകും പദ്ധതി നടപ്പിലാക്കുക.

എല്ലാദിവസവും വൈകിട്ട്‌ രണ്ടുമണിക്കൂര്‍ നേരമായിരിക്കും വില്‍പ്പന. അതാത് ഡിവിഷണല്‍ ജനറല്‍ മാനേജര്‍മാർക്കാണ് ഇതിന്റെ ചുമതല. വാൻ പാർക്ക് ചെയ്യുന്ന സ്ഥലം ഉൾപ്പടെയുള്ള കാര്യങ്ങളിലും മാനേജർമാരാണ് തീരുമാനമെടുക്കേണ്ടത്. ഇതിനായി പ്രത്യേകം ലൈസന്‍സോ ചാര്‍ജോ റെയില്‍വേ ഈടാക്കില്ല.

വിൽപ്പന സംബന്ധിച്ച യാതൊരുവിധ അറിയിപ്പുകളോ വീഡിയോ പ്രദര്‍ശനമോ പാടില്ലെന്നും നിബന്ധനയില്‍ പറയുന്നു. ഇതോടെ ഭാരത് അരി വില്‍പ്പന നടത്തുന്നതിന് കൃത്യമായ ഒരു സ്ഥലമില്ലെന്ന പരാതി പരിഹരിക്കപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

About The Author