മാനന്തവാടി പട്ടണത്തിലിറങ്ങിയ കാട്ടാനയെ വേണ്ടിവന്നാൽ മയക്കുവെടിവെയ്ക്കും; എ കെ ശശീന്ദ്രൻ

മാനന്തവാടിയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടുക മാത്രമാണ് പോംവഴിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. എന്നാൽ ജനവാസമേഖലയിൽ മയക്കുവെടി സാധ്യമല്ലെന്നും അപകടകരമെന്നും മന്ത്രി പറയുന്നു. ഇതിനായി ജനങ്ങൾ സഹകരിക്കണമെന്നും ജാ​ഗ്രത പാലിക്കണമെന്നും നിർദേശം.

പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചാകും നടപടി സ്വീകരിക്കുക. ജില്ലാ കലക്ടറുടെ ഏകോപനത്തിൽ ഉദ്യേ​ഗസ്ഥർ ജാ​​ഗ്രതയോടെ പ്രവർത്തനം നടത്തുന്നു, സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥികൾ അവിടെ തന്നെ തുടരണം. മറ്റ് വിദ്യാർത്ഥികൾ വീടുകളിൽ തുടരണമെന്നും മന്ത്രി. റേഡിയോ കോളർ ഘടിപ്പിച്ച ഒറ്റയാനാണ് ഇറങ്ങിയത്. കർണാടകയിൽ നിന്നുള്ള ആനയായതുകൊണ്ട് അവിടെ നിന്നുള്ള സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി.

മാനന്തവാടി പായോട് ആണ് പുലർച്ചെ ആനയെത്തിയത്. രാവിലെ പാലുകൊണ്ടുപോയ ക്ഷീര കർഷകരാണ് ആനയെ കണ്ടത്. വനം വകുപ്പും പൊലീസും ചേർന്ന് കാട്ടാനയെ തുരത്താനുള്ള നടപടികൾ ആരംഭിച്ചു. കാട്ടാന ഭീതി തുടരുന്നതിനിടെ മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു. വിദ്യാർത്ഥികളെ സ്കൂളിലേക്ക് അയക്കരുതെന്നും നിർദേശം. ആന കാട് കയറും വരെ വ്യാപാരസ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിടുമെന്ന് മർച്ചന്റ് അസോസിയേഷൻ അറിയിച്ചു.

കാട്ടാന മാനന്തവാടി പട്ടണത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശവാസികൾക്ക് വനംവകുപ്പ് ജാഗ്രത നിർദേശം നൽകി. എടവക പഞ്ചായത്തിലെ പായോടിൽ ഇറങ്ങിയ കാട്ടാന മാനന്തവാടി പട്ടണത്തിലേയ്ക്ക് എത്തുകയായിരുന്നു.

നേരത്തെ തലപ്പുഴ എസ് വളവിലും പിന്നീട് മാനന്തവാടി ടൗണിന് അടുത്തുള്ള ചൂട്ടക്കടവ് ഭാഗത്തും ആനയെ കണ്ടതായാണ് വിവരം. നിലവിൽ ആന മാനന്തവാടി നഗരത്തിനടുത്തുള്ള കെഎസ്ആർടിസി ഗ്യാരേജിൽ സമീപത്തേക്ക് നീങ്ങിയ ആന മാനന്തവാടി കോടതി പരിസരത്താണ് നിലയുറപ്പിച്ചിരിക്കുന്നത്.

About The Author