വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍: നോര്‍ക്കയുടെ റൂട്ട്‌സ് ക്യാമ്പ് ഏഴിന് കണ്ണൂരില്‍

നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് മേഖലാ ഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി മാര്‍ച്ച് ഏഴിന് കണ്ണൂര്‍ ജില്ലാ ക്യാമ്പ് സംഘടിപ്പിക്കും. കലക്ടറേറ്റിലെ നോര്‍ക്ക സെല്ലില്‍   രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെ നടക്കുന്ന ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ www.norkaroots.org ല്‍ രജിസ്റ്റര്‍ ചെയ്യണം. അപേക്ഷയുടെ പ്രിന്റ് ഔട്ട്,  പാസ്‌പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകളുടെ (ഇംപ്രൂവ്‌മെന്റ്, സപ്ലി ഉള്‍പ്പടെ) അസ്സലും പകര്‍പ്പുകളും അറ്റസ്റ്റേഷനായി ഹാജരാക്കണം. മെഡിക്കല്‍ ഡിഗ്രി/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ അസ്സല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. അപേക്ഷകനു പകരം ഒരേ അഡ്രസ്സിലുള്ള നോമിനിക്ക് ഫോട്ടോ ഐഡി പ്രൂഫുമായി ഹാജരാകാം. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാമ്പില്‍ സ്വീകരിക്കും.

വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്റ്റേഷന്‍, എം ഇ എ, അപ്പോസ്റ്റില്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ നോര്‍ക്ക റൂട്ട്സിലൂടെ ലഭിക്കും. ഫോണ്‍: 0497 2765310, 8281004913, 0495 2304882, 2304885 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലോ 18004253939 ഇന്ത്യയില്‍ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാം.

മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി

2024-25 വര്‍ഷം മത്സ്യഫെഡ് നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മാര്‍ച്ച് 31നകം പ്രീമിയം ഒടുക്കി ഗുണഭോക്താക്കളാവാം. മത്സ്യഫെഡ് അഫിലിയേഷനുള്ള പ്രാഥമിക മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും, സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങള്‍ക്കും അതാത് സംഘങ്ങള്‍ മുഖേന ഒറ്റത്തവണ പ്രീമിയം തുകയായ 509 രൂപ അടച്ച് പരിരക്ഷ ഉറപ്പാക്കാം. പദ്ധതിയില്‍ ഗുണഭോക്താക്കളാകുന്നവര്‍ക്ക് അപകട മരണമോ, അപകടത്തെ തുടര്‍ന്ന് പൂര്‍ണ/ഭാഗിക അംഗവൈകല്യമോ സംഭവിക്കുന്ന പക്ഷം നിബന്ധനകള്‍ക്ക് വിധേയമായി 10 ലക്ഷം രൂപ വരെ ലഭ്യമാകും. അപകടത്തെ തുടര്‍ന്നുള്ള ആശുപത്രി ചികിത്സാ ചെലവും തുകകളും നിബന്ധനകള്‍ക്ക് വിധേയമായി അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ മത്സ്യഫെഡ് ജില്ലാ ഓഫീസ്, ക്ലസ്റ്റര്‍ പ്രൊജക്റ്റ് ഓഫീസ്, പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 9526041270, 9526041123, 0497 2731257.


മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ അഭിമുഖം

നാഷണല്‍ ആയുഷ് മിഷന്‍ വഴി മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ പന്ന്യന്നൂര്‍ ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ കരാര്‍ നിയമനം നടത്തുന്നു. 40 വയസില്‍ താഴെയുള്ള ജി എന്‍ എം/ ബി എസ് സി നഴ്സിങ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് ആറിന് രാവിലെ 11 മണിക്ക് പന്ന്യന്നൂര്‍ ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം. ഫോണ്‍: 0490 2314012.
നാഷണല്‍ ആയുഷ് മിഷന്‍ വഴി മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ പാടിയോട്ടുചാല്‍ ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ കരാര്‍ നിയമനം നടത്തുന്നു. 40 വയസില്‍ താഴെയുള്ള ജി എന്‍ എം/ ബി എസ് സി നഴ്സിങ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് നാലിന് രാവിലെ 11 മണിക്ക് പാടിയോട്ടുചാല്‍ ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം. ഫോണ്‍: 04985 293617.

സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയിലെ വിവിധ വകുപ്പുകളിലുണ്ടാകുന്ന ഫുള്‍ടൈം തസ്തികയിലെ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് സമ്മതമാണെന്ന് അറിയിച്ച പാര്‍ട്ട് ടൈം ജീവനക്കാരെ ഉള്‍പ്പെടുത്തി അവരുടെ നിയമന ഉത്തരവ് തീയതിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ജില്ലാതല പൊതു സീനിയോറിറ്റി ലിസ്റ്റിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു.  കലക്ടറേറ്റിലെ നോട്ടീസ് ബോര്‍ഡ്, ജില്ലാ കലക്ടറുടെ വെബ് സൈറ്റ്, കലക്ടറേറ്റിലെ എ സെക്ഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ അന്തിമ പട്ടിക പരിശോധനക്ക് ലഭിക്കും.

ട്രീറ്റ്മെന്റ് ഓര്‍ഗനൈസര്‍; ഇന്റര്‍വ്യൂ 5, 6, 7 തീയതികളില്‍

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ട്രീറ്റ്മെന്റ് ഓര്‍ഗനൈസര്‍ ഗ്രേഡ് 2 (156/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 നവംബര്‍ 24ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി  മാര്‍ച്ച് അഞ്ച്, ആറ്, ഏഴ് തീയതികളില്‍ ജില്ലാ പി എസ് സി ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, ഫോണ്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം ഹാജരാകണം.

കരുതല്‍ ധനം കൈപ്പറ്റണം

പയ്യന്നൂര്‍ ഗവ.റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്നിക്കില്‍ 2017 – 18 വര്‍ഷങ്ങളില്‍ പഠിച്ച വിദ്യാര്‍ഥികളുടെ കരുതല്‍ ധനം കൈപ്പറ്റാത്തവര്‍ മാര്‍ച്ച് 15നകം അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.  കൈപ്പറ്റാത്തവരുടെ തുക സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുന്നതായിരിക്കുമെന്നും അറിയിച്ചു. ഫോണ്‍: 9961559737.

About The Author