വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വഴിയോര വിശ്രമ കേന്ദ്രം’ തണ്ണീര്‍പ്പന്തല്‍’ ഉദ്ഘാടനം 11ന്

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വഴിയോര വിശ്രമ കേന്ദ്രം’ തണ്ണീര്‍പ്പന്തലിന്റെ ‘ഉദ്ഘാടനം ഫെബ്രുവരി 11ന് ഉച്ചക്ക് 12 മണിക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് ആര്‍ ആര്‍ എഫിനുള്ള ലാഭവിഹിതവും ചടങ്ങില്‍ ഏറ്റുവാങ്ങും. ഇരിണാവില്‍ നടക്കുന്ന പരിപാടിയില്‍ എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയാകും.

വിവിധ റോഡുകളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും

ചൊക്ലി ഗ്രാമപഞ്ചായത്തിലെയും പാനൂര്‍ നഗരസഭയിലെയും നിര്‍മ്മാണം പൂര്‍ത്തിയായ റോഡുകളുടെ ഉദ്ഘാടനം ഫെബ്രുവരി 10ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ഫിഷറീസ് സാംസ്‌കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പ്രാദേശിക ഉദ്ഘാടനം മോന്താല്‍ പാലത്തില്‍ കെ പി മോഹനന്‍ എം എല്‍ എ നിര്‍വഹിക്കും. പാനൂര്‍ നഗരസഭ ചെയര്‍മാന്‍ വി നാസര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കറുടെ മണ്ഡലം പ്രതിനിധി എം സി പവിത്രന്‍ മുഖ്യാതിഥിയാകും.
തീരദേശ റോഡുകളുടെ നിലവാരമുയര്‍ത്തല്‍ പദ്ധതിയില്‍പ്പെടുത്തി ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒളവിലം പാത്തിക്കല്‍ മോന്താല്‍ റോഡ് ഒന്നാം ഘട്ടം, രാമകൃഷ്ണ സ്‌കൂള്‍ നടക്കല്‍ കളത്തില്‍ മുക്ക്-നടയ്ക്കല്‍ പാലം റോഡ്, പാനൂര്‍ നഗരസഭയിലെ മോന്താല്‍പാലം പടന്നക്കര റോഡ് എന്നിവയാണ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഒളവിലം പാത്തിക്കല്‍ മോന്താല്‍ റോഡ് ഒന്നാം ഘട്ട പ്രവൃത്തിക്ക് 50 ലക്ഷം രൂപ, രാമകൃഷ്ണ സ്‌കൂള്‍ നടക്കല്‍ കളത്തില്‍ മുക്ക് നടയ്ക്കല്‍ പാലം റോഡ് നവീകരണത്തിന് 1.43 കോടി രൂപ, മോന്താല്‍പാലം പടന്നക്കര റോഡിന് 71 ലക്ഷം രൂപ എന്നിങ്ങനെയാണ് ചെലവഴിച്ചത്.

ചെമ്പിലോട് ഭവനസമുച്ചയം : തറക്കല്ലിടല്‍ മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വ്വഹിക്കും

ഭൂരഹിതരും ഭവന രഹിതരുമായവര്‍ക്ക് ലൈഫ് പദ്ധതിയില്‍ ഭവന സമുച്ചയം നിര്‍മിക്കാന്‍ ചെമ്പിലോട് ഗ്രാമ പഞ്ചായത്ത്. വെള്ളച്ചാലില്‍ പഞ്ചായത്തിന്റെ 60 സെന്റിലാണ് ലൈഫ് വില്ലകള്‍ നിര്‍മ്മിക്കുന്നത്. തറക്കല്ലിടല്‍ ഫെബ്രുവരി 11ന് രാവിലെ 11 മണിക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വ്വഹിക്കും. പഞ്ചായത്ത് പ്രസിഡണ്ട് കെ ദാമോദരന്‍ അധ്യക്ഷത വഹിക്കും. 10 കുടുംബങ്ങള്‍ക്ക് ആദ്യ ഘട്ടം വീട് നിര്‍മ്മിക്കും. ഇതിനായി മൂന്ന് സെന്റ് വീതം ഗുണഭോക്താക്കള്‍ക്ക് പതിച്ചു നല്‍കി. രണ്ട് കിടപ്പുമുറി, സ്വീകരണ മുറി, അടുക്കള, ശുചിമുറി എന്നിവയടങ്ങുന്ന 420 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. മഴവെള്ള സംഭരണി നിര്‍മാണം 8500 രൂപ,  ശുചിമുറി നിര്‍മാണം 12,000 രൂപ, മലിനജല സംഭരണത്തിന് ഏഴായിരം രൂപ എന്നിവയും വകയിരുത്തി. രണ്ടാം ഘട്ടത്തില്‍ ഗുണഭോക്താക്കള്‍ക്ക് സ്വയം തൊഴില്‍ പദ്ധതികളും നടപ്പാക്കും. മിനി പാര്‍ക്കും ഷോപ്പുകളും വില്ലയുടെ ഭാഗമായി സജ്ജീകരിക്കും. ചടങ്ങില്‍ 2023-24 ലൈഫ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച 30 വീടുകളുടെ താക്കോല്‍ കൈമാറലും മന്ത്രി നിര്‍വ്വഹിക്കും.

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് പരിശീലനം 12 മുതല്‍

ഹരിതകര്‍മ്മ സേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും, സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, സാങ്കേതിക പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനുമായി പരിശീലനം നല്‍കുന്നു. കിലയും കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്റ്റും സംയുക്തമായി നഗരസഭകളില്‍ നടത്തുന്ന ത്രിദിനപരിശീലന പരിപാടിക്ക്   ഫെബ്രുവരി 12ന് ജില്ലയില്‍ തുടക്കമാകും. ആന്തൂര്‍, തലശ്ശേരി, തളിപ്പറമ്പ് നഗരസഭകളിലാണ് ആദ്യം പരിശീലനം നല്‍കുന്നത്. തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകളുടെ പരിശീലനം-12ന്-തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍,
തലശ്ശേരി -12ന് -മുനിസിപ്പല്‍ ടൗണ്‍ഹാള്‍, ഇരിട്ടി, മട്ടന്നൂര്‍- 13ന്-ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്, കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആദ്യ ബാച്ച്-14ന്- എളയാവൂര്‍ സോണല്‍ ഓഫീസ്, കൂത്തുപറമ്പ്, പാനൂര്‍ -15ന്- നഗരസഭാ വി കെ സി ഹാള്‍ കൂത്തുപറമ്പ്, ശ്രീകണ്ഠാപുരം- 15ന് – കെ നാരായണ സ്മാരക ഹാള്‍, പയ്യന്നൂര്‍ – 19ന്-നഗരസഭ ഹാള്‍ എന്നിങ്ങനെയാണ് പരിശീലനം നടക്കുക. ജില്ലയില്‍ 430 പേരാണ് പരിശീലനത്തിന്റെ ഭാഗമാകുന്നത്. സംസ്ഥാനത്ത് 113 ബാച്ചുകളിലായി സംഘടിപ്പിക്കുന്ന ത്രിദിന പരിപാടിയില്‍ എല്ലാ കോര്‍പ്പറേഷന്‍/നഗരസഭകളില്‍ നിന്നുമായി 8,000 ലധികം ഹരിത കര്‍മ്മ സേന അംഗങ്ങള്‍ പങ്കെടുക്കും.


 പാരമ്പര്യേതര ട്രസ്റ്റി നിയമനം

തലശ്ശേരി താലൂക്കിലെ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും  മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റായ www.malabardevaswom.kerala.gov.in ല്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മാര്‍ച്ച് 14ന് വൈകീട്ട് അഞ്ച് മണിക്കകം മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ കോഴിക്കോട് ഓഫീസില്‍ ലഭിക്കണം.

ക്ഷേമനിധി വിഹിതം അടക്കണം

കേരള മദ്രസ്സാധ്യാപക ക്ഷേമനിധിയില്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടക്കാന്‍ ബാക്കിയുള്ളവര്‍ മാര്‍ച്ച് 10നകം പോസ്റ്റ് ഓഫീസില്‍ അടക്കേണ്ടതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

വരയുത്സവം-ചിത്രരചനാ ക്യാമ്പ് 18ന്

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴില്‍ പിണറായില്‍ പ്രവര്‍ത്തിക്കുന്ന ബാലഭവന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി വരയുത്സവം ചിത്രരചനാക്യാമ്പ് നടത്തുന്നു. ഫെബ്രുവരി 18ന് രാവിലെ 9.30ന് പിണറായി ബാലഭവനിലാണ് ക്യാമ്പ്. ചിത്രകല, നൂല്‍വര, മണ്‍വര, ക്ലേ മോഡലിങ് എന്നിവയില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. ആറ് വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9037111031, 9995808041.

About The Author