വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് 22ന്

തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് ഫെബ്രുവരി 22ന് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ നടക്കും. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മമ്മാക്കുന്ന്-05, രാമന്തളിയിലെ പാലക്കോട് സെന്‍ട്രല്‍-09, മാടായിലെ മുട്ടം ഇട്ടപ്പുറം-20, മട്ടന്നൂര്‍ നഗരസഭയിലെ ടൗണ്‍-29 എന്നീ വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി അഞ്ചാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഫെബ്രുവരി ആറിന് നടക്കും. ഫെബ്രുവരി എട്ടാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി. ഫെബ്രുവരി 23ന് രാവിലെ 10 മണി മുതല്‍ വോട്ടെണ്ണല്‍ നടക്കും. ജനുവരി 27 മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍( ഇന്‍ ചാര്‍ജ്ജ്) ആര്‍ ശ്രീലത, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വരണാധികാരികള്‍, ഉപവരണാധികാരികള്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലാ ക്ഷീരസംഗമം ആറിന്

ജില്ലാ ക്ഷീരസംഗമം ഫെബ്രുവരി ആറിന് രാവിലെ 10 മണിക്ക് പിലാത്തറയില്‍ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ക്ഷീരഭവനം-സുന്ദരഭവനം ക്യാമ്പയിന്‍ ഉദ്ഘാടനം രജിസ്‌ട്രേഷന്‍-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. എം വിജിന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ പി മോഹനന്‍, അഡ്വ. സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ തുടങ്ങിയവര്‍ പങ്കെടുക്കും.
ക്ഷീരസംഗമത്തോടനുബന്ധിച്ച് ഫെബ്രുവരി മൂന്നിന് നടക്കുന്ന വിളംബര ജാഥ മുന്‍ എംഎല്‍എ ടി വി രാജേഷ് ഫ്‌ളാഗ് ഓഫ് ചെയ്യും. നാലിന് പീരക്കാംതടം മുതല്‍ ചെറുതാഴം ക്ഷീരസംഘം ഓഫീസ് വരെ ‘റണ്‍ ഫോര്‍ മില്‍ക്ക്’ മിനി മാരത്തോണ്‍ നടത്തും. അഞ്ച്, ആറ് തീയതികളില്‍ കാര്‍ഷിക-ക്ഷീര ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും നടക്കും. ക്ഷീരമേഖലയിലെ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സെടുക്കും. കലാപരിപാടികളും അരങ്ങേറും.
മിഡ്നൈറ്റ് യൂണിറ്റി റണ്‍ നാലാം എഡിഷന്‍ ശനിയാഴ്ച

റണ്‍ ഫോര്‍ യൂണിറ്റി എന്ന സന്ദേശവുമായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേന്ദ്ര ടൂറിസം മന്ത്രാലയം കൊച്ചി ഓഫീസിന്റെ സഹകരത്തോടെ നടത്തുന്ന മിഡ്നൈറ് യൂണിറ്റി റണ്ണിന്റെ നാലാം എഡിഷന്‍ ഫെബ്രുവരി മൂന്ന് ശനിയാഴ്ച രാത്രി 11 മണിക്ക് നടക്കും. ലോക സര്‍വ മത സൗഹാര്‍ദ്ദ വാരഘോഷത്തോടനുബന്ധിച്ചാണ് ഏഴ് കിലോമീറ്റര്‍ ഓട്ടം. കലക്ടറേറ്റില്‍ നിന്ന് തുടങ്ങി താവക്കര, ഫോര്‍ട്ട് റോഡ്, പ്രഭാത് ജംഗ്ഷന്‍, സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ റോഡ്, പയ്യാമ്പലം ഗസ്റ്റ് ഹൗസ്, പാത്ത് വേ, ശ്രീ നാരായണ പാര്‍ക്ക്, മുനീശ്വരന്‍ കോവില്‍, പഴയ ബസ്റ്റാന്റ്, ടൗണ്‍ സ്‌ക്വയര്‍, താലൂക്ക് ഓഫീസ് വഴി കലക്ടറേറ്റില്‍ സമാപിക്കും. അഞ്ച് പേരടങ്ങുന്ന ടീമായാണ് പങ്കെടുക്കേണ്ടത്. ഒരു ടീമിന് 500 രൂപയും സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളുടെ ടീമിന് 250 രൂപയുമാണ് രജിസ്ട്രേഷന്‍ ഫീസ്.
വനിതാ ടീം, പുരുഷ ടീം, വനിതാ-പുരുഷ ടീം, യൂണിഫോം സര്‍വീസ് ടീം, സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളുടെ ടീം, മുതിര്‍ന്ന പൗരന്‍മാരുടെ ടീം എന്നീ വിഭാഗങ്ങളില്‍ സമ്മാനം നല്‍കും. സര്‍ക്കാര്‍ വിഭാഗത്തിന് പ്രത്യേക സമ്മാനം നല്‍കും. ജില്ലയിലെ കാനറാ ബാങ്ക് റീജിയണല്‍ ഓഫീസിലും ബ്രാഞ്ചുകളിലും, റൂഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫീസ് എന്നിവിടങ്ങളിലും രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായി https://wearekannur.org/ എന്ന ലിങ്കിലും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0497 2706336, 9447524545.

അരവഞ്ചാല്‍- ചട്ടിയോള്‍ റോഡ് ഉദ്ഘാടനം മൂന്നിന്

പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജനയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ അരവഞ്ചാല്‍- കാഞ്ഞിരപ്പൊയില്‍- കോട്ടോള്‍- ഉദയംകുന്ന്-ചട്ടിയോള്‍ റോഡ് ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് രാവിലെ 11.30ന് നടക്കും. അരഞ്ചാല്‍ ഭഗവതിക്കാവ് പരിസരത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. ടി ഐ മധുസൂദനന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയാകും.

ജില്ലാ തല ട്രൈബല്‍ അത്‌ലറ്റിക് മേള മൂന്നിന്

കുടുംബശ്രീ ജില്ലാ മിഷന്റെ ജില്ലാതല ട്രൈബല്‍ അത്‌ലറ്റിക് മേള ‘അത്‌ലോസ് 24’ ഫെബ്രുവരി മൂന്നിന് രാവിലെ ഒമ്പത് മണിക്ക് മാങ്ങാട്ടുപറമ്പ് കെഎപി ബറ്റാലിയന്‍ ഗ്രൗണ്ടില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 500 പട്ടിക വര്‍ഗ്ഗ കായിക താരങ്ങള്‍ പങ്കെടുക്കും. 11 അത്‌ലറ്റിക് ഇനങ്ങളില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടത്തും.

വാടക മുറി: അപേക്ഷ ക്ഷണിച്ചു

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ ഇരിണാവിലെ വനിതാ സംരംഭകത്വ കേന്ദ്രത്തിലെ നിര്‍മാണം പൂര്‍ത്തിയായ മുറികള്‍ വാടകക്ക് എടുക്കുന്നതിന് വനിതകള്‍, പൊതുവിഭാഗം എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടറി, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, താവം പി ഒ എന്ന വിലാസത്തില്‍ ഫെബ്രുവരി 15ന് വൈകിട്ട് മൂന്ന് മണിക്കകം അപേക്ഷ ലഭിക്കണം. ഫോണ്‍: 04972871101

വെള്ളക്കരം കുടിശിക: കണക്ഷന്‍ വിച്ഛേദിച്ചു തുടങ്ങി

വെള്ളക്കരം കുടിശ്ശികയുള്ളവരുടെയും കേടായ മീറ്റര്‍ മാറ്റി സ്ഥാപിക്കാത്തവരുടെയും വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചു തുടങ്ങി. കണ്ണൂര്‍, പെരളശ്ശേരി, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, കൊളച്ചേരി, ചാവശ്ശേരിപ്പറമ്പ് എന്നീ ഓഫീസ് പരിധിയിലുള്ള ഉപഭോക്താക്കള്‍ ഫെബ്രുവരി 20ന് മുമ്പ് കുടിശിക അടച്ച് തീര്‍ത്തും, കേടായ മീറ്റര്‍ മാറ്റി സ്ഥാപിച്ചും നടപടിയില്‍ നിന്ന് ഒഴിവാകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 04972706837

വനിതാരത്ന പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പ് 2023 ലെ വിവിധ മേഖലകളിലെ വനിതകള്‍ക്കായി വനിതാരത്ന പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
സാമൂഹ്യസേവനം, കായികരംഗം, പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ, ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത തുടങ്ങിയവരെയാണ് പരിഗണിക്കുക. മറ്റ് വ്യക്തികള്‍/സ്ഥാപനങ്ങള്‍/സംഘടനകള്‍ എന്നിവര്‍ മുഖേന ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ക്ക് നോമിനേഷന്‍ നല്‍കണം. പ്രവര്‍ത്തന മേഖല വിശദീകരിക്കുന്ന രേഖകള്‍ (പുസ്തകം, സിഡികള്‍, ഫോട്ടോകള്‍, പത്രകുറിപ്പ്) എന്നിവ ഉള്‍പ്പെടുത്തണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി അഞ്ച്.

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ബ്ലഡ്ബാങ്കില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു.
താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഫെബ്രുവരി ഒമ്പതിന് രാവിലെ 10.30ന് ഇന്റര്‍വ്യൂവിന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകുക. കൂടുതല്‍ വിവരങ്ങള്‍ https://gmckannur.edu.in/ ല്‍ ലഭിക്കും. ഫോണ്‍: 0497 2808111.

വിമുക്തഭടന്‍മാര്‍ക്ക് ജോലി ഒഴിവ്

ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്സ് ലിമിറ്റഡിലെ വിവിധ തസ്തികകളില്‍ വിമുക്തഭടന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഓണ്‍ലൈനായി ജില്ലാ സൈനിക ക്ഷേമ ഓഫീസ് ഇ മെയിലില്‍ ഐഡി zswokannur@gmail.com ല്‍ ഫെബ്രുവരി ഏഴിന് വൈകിട്ട് നാലിനകം സമര്‍പ്പിക്കണം.  അപേക്ഷകര്‍ വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പറും എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ നമ്പറും ഇ മെയിലില്‍ ഉള്‍പ്പെടുത്തണം.  ഫോണ്‍:0497 2700069.

ഐഇസി ഇന്റേണ്‍ നിയമനം

ജില്ലാ ശുചിത്വമിഷന്‍ ഐഇസി ഇന്റേണുകളെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം ജേണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം ഒരു വര്‍ഷത്തിനുള്ളില്‍ നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വ മിഷന്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ ഫെബ്രുവരി 10ന് മുമ്പ് അയക്കണം. ഫോണ്‍: 0497 2700078.

ഡിപ്ലോമ ഇന്‍ എലിമെന്ററി എഡുക്കേഷന്‍ കോഴ്‌സ്

ഹിന്ദി അധ്യാപക യോഗ്യതയായ ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കോടെ ഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കില്‍ ഹിന്ദി ബി എ പാസായിരിക്കണം. പ്രായം 17നും 35നും ഇടയില്‍. അപേക്ഷകള്‍ ഫെബ്രുവരി 15ന് മുമ്പായി പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04734296496, 8547126028.

സി ഡിറ്റില്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍

സി-ഡിറ്റിന്റെ മേലെചൊവ്വ പഠന കേന്ദ്രത്തില്‍  ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അക്കൗണ്ടിങ്ങ്,  ഡാറ്റാ എന്‍ട്രി, ടാലി, ഡിടിപി, എംഎസ് ഓഫീസ് എന്നീ കോഴ്സുകള്‍ക്ക് രജിസ്ട്രേഷന്‍ തുടങ്ങി. എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. ഫോണ്‍: 9947763222.

ലോണ്‍ മേള

വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള ഫെബ്രുവരി മൂന്നിന് രാവിലെ 11 മണിക്ക് ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിക്കുന്നു. വ്യവസായ വകുപ്പിന്റെ പദ്ധതികളും സേവനങ്ങളും വിശദീകരിക്കുന്ന പ്രോഗ്രാം ഫെബ്രുവരി മൂന്നിന് നാല് മണിക്ക് ടണ്‍ സ്‌ക്വയറില്‍ നടക്കും. ഫോണ്‍: 9447772638, 7012051880..

ദര്‍ഘാസ്

തലശ്ശേരി ഐ സി ഡി എസ് പ്രൊജക്ടിലെ 146 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ എജുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 14ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0490 2344488.

ക്വട്ടേഷന്‍

ജില്ലാ ഇലക്ഷന്‍ വിഭാഗത്തിന് ഉപയോഗിക്കാന്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി എട്ടിന് വൈകിട്ട് നാല് മണി വരെ.

കണ്ണൂര്‍ ഗവ ഐ ടി ഐയിലെ സിഒഇ ഹാള്‍ 18 ഗേജ് പ്ലെയിന്‍ ഷീറ്റ് ഉപയോഗിച്ച് പാര്‍ട്ടീഷന്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 16ന് ഉച്ചക്ക് രണ്ട് മണി വരെ.

About The Author