കേന്ദ്രവിഹിതം കിട്ടണമെങ്കിൽ കേരളം നൽകിയ കേസ് പിൻവലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു; ധനമന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാനത്തിന് നൽകാനുള്ള കേന്ദ്ര വിഹിതം കിട്ടണമെങ്കിൽ കേരളം നൽകിയ കേസ് പിൻവലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. തരാനുള്ള തുക വളരെ വലുതാണ്. എന്നാൽ ന്യായമായത് പോലും കിട്ടുന്നില്ല. മാർച്ച് 6, 7 തീയതികളിൽ കേസ് കോടതി പരിഗണിക്കും. ഹർജി പിൻവലിച്ചാലേ വിഹിതം തരികയുള്ളു എന്ന് പറയുന്നത് ശരിയല്ല. ഹർജി ഇല്ലെങ്കിലും തരാനുള്ളത് കേന്ദ്രം തരേണ്ടതാണ്. അർഹതപ്പെട്ടതും അവകാശപ്പെട്ടതുമാണ് നമ്മൾ ചോദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനങ്ങൾ ശക്തമായി പ്രതിഷേധിക്കേണ്ട സാഹചര്യത്തിലേക്ക് പോയിരിക്കുകയാണ്. പല സംസ്ഥാനങ്ങൾക്കും കേന്ദ്ര അവഗണനയുടെ പ്രശ്‌നമുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും അല്ലാത്ത സംസ്ഥാനങ്ങളും എന്ന രീതിയിലാണ് കാര്യങ്ങൾ. ബിജെപി പറയുന്നതാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നിയമസഭയിൽ പറയുന്നത്. കോൺഗ്രസ് അധ്യക്ഷനും കർണാടക നേതാക്കൾക്കും വ്യത്യസ്ത അഭിപ്രായമാണ്. കോൺഗ്രസിന്റെ ഈ നിലപാട് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.

കടമെടുപ്പ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ച പോസിറ്റീവായില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ചർച്ചയിൽ പ്രധാനപ്പെട്ട പല കാര്യങ്ങളിലും പ്രതികൂലമായ മറുപടിയാണ് ലഭിച്ചത്. കേരളം കേസ് കൊടുത്തതില്‍ കേന്ദ്രത്തിന് അതൃപ്തിയാണ്. ന്യായമായി ലഭിക്കേണ്ട കാര്യങ്ങളില്‍ പോലും അനുകൂല തീരുമാനമുണ്ടായില്ല.

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളവും കേന്ദ്രവും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിനായി സുപ്രിംകോടതിയാണ് ചര്‍ച്ചയുടെ വഴിതുറന്നത്. കേരളം പ്രതീക്ഷയോടെ ഉറ്റു നോക്കിയ ചര്‍ച്ച വേണ്ടത്ര ഫലം കാണാതെയാണ് അവസാനിച്ചത്. സംസ്ഥാനം കോടതിയെ സമീപിച്ചതില്‍ കേന്ദ്രത്തിന് അതൃപ്തി ഉണ്ടാകേണ്ട കാര്യമില്ലെന്നും സംസ്ഥാന ധനമന്ത്രി വ്യക്തമാക്കി.

About The Author