കണ്ണൂര്‍ പുഷ്‌പോത്സവം: രുചിക്കൂട്ടുകളില്‍ വിസ്മയം തീര്‍ത്ത് പാചക മത്സരം

സ്വാദിഷ്ടമായ രുചിക്കൂട്ടുകള്‍ തീര്‍ത്ത് കണ്ണൂര്‍ പുഷ്പോത്സവ നഗരിയിലെ പാചക മത്സരം. ആറാം ദിനത്തില്‍ വൈവിധ്യങ്ങളായ രീതികളില്‍ പാല്‍കപ്പയും കൊടംപുളിയിട്ട മീന്‍ കറിയും തയ്യാറാക്കിയാണ് മത്സരാർത്ഥികൾ രുചികളുടെ പുതിയ സാദ്ധ്യതകൾ  പകര്‍ന്നത്.
പാല്‍കപ്പ പാചക മത്സരത്തില്‍ 21 ഉം മീന്‍കറിയ്ക്ക് 25 ഉം മത്സരാര്‍ഥികളാണ് ഉണ്ടായിരുന്നത്. വീടുകളില്‍ നിന്ന് നാടന്‍ രുചികളില്‍ തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങള്‍ എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. പാല്‍കപ്പ പാചകത്തില്‍ അപര്‍ണ്ണ സുജിത്ത്, കെ ഇ ശ്രീജ, ഉമ സുനില്‍ എന്നിവരും കൊടം പുളിയിട്ട മീന്‍കറി പാചകത്തില്‍ ഹീര ജയരാജ്, സീനത്ത് റഷീദ്, സൗദ അന്‍വര്‍ എന്നിവരും യഥാക്രമം ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങള്‍ നേടി.
രുചി വൈവിധ്യങ്ങള്‍ മാറ്റുരച്ച മത്സരത്തില്‍ ഷെഫും താവക്കര ബ്രോഡ് ബീന്‍ ഹോട്ടല്‍ മാനേജറുമായ കെ വിനോദ് കുമാര്‍, പാചക വിദഗ്ധ ഷമീമ ആസാദ് എന്നിവരാണ് വിധി നിര്‍ണയം നടത്തിയത്.

ജില്ലാ അഗ്രി ഹോര്‍ട്ടി കള്‍ചറല്‍ സൊസൈറ്റി ജോയിന്റ് സെക്രട്ടറി എം കെ മൃദുല്‍, പുഷ്പോത്സവം മീഡിയ കമ്മിറ്റി കണ്‍വീനര്‍ ടി പി വിജയന്‍, സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഇ ജി ഉണ്ണികൃഷ്ണന്‍, കമ്മിറ്റി അംഗങ്ങളായ ഷീല, ശോഭന ദേവി, അബ്ദുള്‍ ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

About The Author