ജില്ലാ ഇന്‍ക്ലൂസീവ് കായികമേള: ഇത് രക്ഷിതാക്കളുടെ കൂടി ജയം

കളത്തില്‍ കായിക താരങ്ങള്‍ നിറഞ്ഞാടിയപ്പോള്‍ മനംനിറയെ ആഹ്ലാദിച്ചത് കാണികളായ അധ്യാപകരും രക്ഷിതാക്കളും. ഭിന്നശേഷി കുട്ടികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം സംഘടിപ്പിച്ച ജില്ലാ ഇന്‍ക്ലൂസീവ് കായികമേളയാണ് ഇവരുടെ കൂടെ ഇടമായത്. ക്രിക്കറ്റ്, ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ചൂട് പിടിച്ചപ്പോള്‍ ഗാലറിയിലുള്ള അധ്യാപകര്‍ക്കും രക്ഷിതാക്കളുടെയും ആവേശവും ആര്‍പ്പുവിളിയും കളിക്കളത്തില്‍ ഇരട്ടി ഊര്‍ജമായി. ഇത്തരത്തില്‍ മത്സരത്തിനിറങ്ങുന്ന ഭിന്നശേഷി കുട്ടികള്‍ക്ക് പിന്തുണയേകാന്‍ നൂറുകണക്കിന് രക്ഷിതാക്കളെയും അധ്യാപകരെയും കൊണ്ട് ഗാലറി നിറഞ്ഞിരുന്നു. മാസങ്ങള്‍ നീണ്ട പരിശീലനങ്ങള്‍ക്കൊടുവിലാണ് കുട്ടികളെ മത്സരത്തിനായി ഒരുക്കിയതെന്ന് കണ്ണൂര്‍ സൗത്ത് ബി ആര്‍ സിയിലെ അധ്യാപിക പി വി പ്രസീത പറയുന്നു.

കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതില്‍ കാണികള്‍ക്ക് പ്രചോദനമായതും ഈ അധ്യാപകിയായിരുന്നു. നേരിയ വ്യത്യാസത്തില്‍ കുട്ടികള്‍ പരാജയപ്പെട്ടപ്പോള്‍ നിരാശപ്പെടാതെ നിറഞ്ഞ പുഞ്ചിരിയോടെ അവരെ സ്വീകരിക്കാനും ടീച്ചര്‍ ഓടിയെത്തി. പരിശീലനത്തിനായി ബിആര്‍സിയിലെ 14 കുട്ടികള്‍ക്ക് കായികോപരണങ്ങളും ഈ അധ്യാപിക വാങ്ങി നല്‍കിയിരുന്നു. ഇത്തരത്തില്‍ ഓരോ ബിആര്‍സിയിലെയും അധ്യാപകരുടെ ആത്മര്‍ഥതയുടെ മറ്റൊരു മുഖം കൂടി കായികമേളയില്‍ ദൃശ്യമായി. അധ്യാപകര്‍ക്കു പുറമേ രക്ഷിതാക്കളും കുട്ടികളുടെ പരിശീലനത്തിനായി മുന്നില്‍ നിന്നു. ഏഴോം പട്ടുവം സ്വദേശി രജിതയുടെ മകന്‍ ആദിദേവിന് ബാഡ്മിന്റണിനോടുള്ള കമ്പം തിരിച്ചറിഞ്ഞ് എല്ലാ പരിശീലനം നല്‍കിയിരുന്നു. ഇത്തരത്തില്‍ നിരവധി വിദ്യാര്‍ഥികളുടെ കായിക മികവ് തിരിച്ചറിയുകയും അവര്‍ക്കു വേണ്ട എല്ലാ പരിശീലനവും നല്‍കാന്‍ രക്ഷിതാക്കള്‍ മുന്നിലുണ്ടായിരുന്നു. കായികതാരങ്ങളുടെ കൂടെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂടെ വിജയമായിരുന്നു ജില്ലാ കായികമേള.

About The Author