പ്രളയം തകര്‍ത്ത ജീവിതത്തിന് പുതിയ തുടക്കം

വര്‍ഷങ്ങളായി താമസിച്ചിരുന്ന വീട് ഇരമ്പിയെത്തിയ വെള്ളത്തില്‍ ഒഴുകിപ്പോകുന്നത് നോക്കിനില്‍ക്കാനെ സക്കീനക്കും കുടുംബത്തിനും കഴിഞ്ഞിരുന്നുള്ളൂ. ഉലഞ്ഞുപോയ മനസ്സിന് കരുത്തും ആശ്വാസവുമേകിയാണ് ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ വീട്ടിലേക്ക് കാലെടുത്തു വെച്ചത്. പായം ഗ്രാമപഞ്ചായത്ത് കിളിയന്തറ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വന്തമായൊരു വീട് കിട്ടിയതിന്റെ സന്തോഷം അറിയിക്കാന്‍ സക്കീനക്ക് വാക്കുകളില്ല. കൈവിടാതെ ചേര്‍ത്തു നിര്‍ത്തിയവരോട് സ്നേഹം മാത്രം.

കൂട്ടുപുഴ പാലത്തിന് സമീപത്തുള്ള സ്വന്തം വീട്ടിലായിരുന്നു തെക്കഞ്ചേരി സക്കീനയും മകനും ഭാര്യയും രണ്ടു മക്കളും ഉള്‍പ്പെടുന്ന അഞ്ചംഗ കുടുംബം താമസിച്ചിരുന്നത്. 2018ല്‍ വൈകിട്ട് നോമ്പ് മുറിക്കാനുള്ള സമയത്തും നിര്‍ത്താതെ പെയ്യുന്ന മഴ. സാധാരണ പോലെ വെള്ളം കയറുമെന്ന് മാത്രമെ കരുതിയിരുന്നുള്ളൂ. മുറ്റത്ത് കുത്തിനിര്‍ത്തിയ അളവ് കോലിനും മുകളില്‍ വെള്ളം ഉയര്‍ന്നതോടെ ആകെ പരിഭ്രാന്തരായി. എല്ലാം ഇട്ടെറിഞ്ഞ് ഉയര്‍ന്ന പ്രദേശത്തുള്ള റോഡിലേക്ക് ഓടിക്കയറി. മിനിറ്റുകള്‍ക്കകം വീട് നിലംപൊത്തി. വീട്ടുസാധനങ്ങളടക്കം എല്ലാം ഒഴുക്കിപ്പോയി.  മൂന്ന് ദിവസം കിളിയന്തറ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍.  പിന്നീട് താമസിക്കാനൊരു വീടിനായി അന്വേഷണം. വാടക വീടുകളില്‍ മാറി മാറി താമസം. ഇന്ന് പുതിയ വീടിന്റെ താക്കോല്‍ കൈപ്പറ്റിയതോടെ പ്രളയം തട്ടിയെടുത്ത സ്വസ്ഥ ജീവിതത്തിന് വീണ്ടും തുടക്കം കുറിക്കുകയാണ് സക്കീനയും കുടുംബവും.

About The Author