എല്ലാ പ്രദേശത്തെയും ഒരു പോലെ കണ്ടുള്ള വികസനം: മന്ത്രി കെ എന്‍ ബാലഗോപാല്‍

എല്ലാ പ്രദേശത്തും വികസനം എത്തുന്ന തരത്തിലാണ് സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പായം ഗ്രാമ പഞ്ചായത്തിലെ കിളിയന്തറ പുനരധിവാസ പദ്ധതി ഭവന സമുച്ചയം ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പ്രദേശത്തും വികസനം എത്താത്ത അവസ്ഥ ഉണ്ടാവില്ല. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഇനിയും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനുണ്ട്. കേരളത്തിലെ മുഴുവന്‍ പേര്‍ക്കും വീട് എന്ന സര്‍ക്കാര്‍ ലക്ഷ്യം നമ്മള്‍ പൂര്‍ത്തീകരിക്കും. ഇനിയും രണ്ടു ലക്ഷത്തോളം വീടുകള്‍ ലഭ്യമാക്കാനുണ്ട്. അത് നടപ്പാക്കും. ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതി വിജയിപ്പിക്കുന്നതിനും ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 15 കുടുംബങ്ങള്‍ക്കാണ് പുതിയ വീട് ഒരുക്കിയത്. ഹിന്ദുസ്ഥാന്‍ യൂണി ലിവര്‍ ലിമിറ്റഡ് സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ഭവന സമുച്ചയം നിര്‍മ്മിച്ചത്. 5.30 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഭവന സമുച്ചയത്തില്‍ നടപ്പാത, കുടിവെള്ളം, വൈദ്യുതി എന്നിവ ഗ്രാമപഞ്ചായത്ത് ഒരുക്കി.
കിളിയന്തറയില്‍ നടന്ന പരിപാടിയില്‍ അഡ്വ. സണ്ണി ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു.
ഹിന്ദുസ്ഥാന്‍ യൂണി ലിവര്‍ പ്രൈവറ്റ് സീനിയര്‍ പ്രൊജക്ട് മാനേജര്‍ രാജഗോപാല്‍, പായം ഗ്രാമ പഞ്ചായത്ത് അസി. എന്‍ഞ്ചിനീയര്‍ ഇന്‍ ചാര്‍ജ് രമ്യ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍, അംഗം മേരി റെജി, പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി രജനി, വൈസ് പ്രസിഡണ്ട് അഡ്വ. എം വിനോദ് കുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ പി എന്‍ ജെസ്സി, മുജീബ് കുഞ്ഞിക്കണ്ടി, വി പ്രമീള, അംഗങ്ങളായ അനില്‍ എം കൃഷ്ണന്‍, ഷൈജന്‍ ജേക്കബ്, പഞ്ചായത്ത് സെക്രട്ടറി ഷീന കുമാരി പാല, സി ഡി എസ് ചെയര്‍പേഴ്സണ്‍ സ്മിത രജിത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി, സഹകരണസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

About The Author