കണ്ണൂര്‍ പുഷ്പോത്സവം എട്ട് മുതല്‍

ജില്ലാ അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂര്‍ പുഷ്‌പോത്സവം’ 24 ഫെബ്രുവരി എട്ട് മുതല്‍ 19 വരെ കണ്ണൂര്‍ പൊലീസ് മൈതാനത്ത് നടക്കും. ജല സസ്യങ്ങളുപയോഗിച്ചുണ്ടാക്കിയ അക്വേറിയത്തിന്റെ മാതൃകയിലുള്ള ഡിസ്‌പ്ലേ പുഷ്പോത്സവത്തിന്റെ മുഖ്യ ആകര്‍ഷണമാകും. 40 ഓളം ഇനം ശുദ്ധ ജല സസ്യങ്ങള്‍ ഉപയോഗിച്ചാണ് ഇത് ഒരുക്കുന്നത്. 60 രൂപയാണ് പ്രവേശന ഫീസ്. അഞ്ചു വയസ്സിന് താഴെയുള്ളവര്‍ക്കും 80 വയസ്സ് കഴിഞ്ഞവര്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. കൃഷി വകുപ്പ്, ആറളം ഫാം, കരിമ്പം ഫാം, ബി എസ് എന്‍ എല്‍, അനെര്‍ട്ട്, റെയിഡ്‌കോ, സ്വകാര്യ നഴ്സറി സ്ഥാപനങ്ങള്‍ എന്നിവയുടെ പവലിയനുകള്‍, ജൈവ വളം, ജൈവ കീടനാശിനികള്‍, പൂച്ചട്ടികള്‍, മണ്‍പാത്രങ്ങള്‍, മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ സ്റ്റാളുകളും പുഷ്‌പോത്സവ നഗരിയില്‍ സജ്ജീകരിക്കും. ഫുഡ് കോര്‍ട്ടും, കുട്ടികള്‍ക്ക് അമ്യൂസ്‌മെന്റ് പാര്‍ക്കും ഒരുക്കും.
വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന മത്സരം, പുഷ്പാലങ്കാരങ്ങള്‍, വെജിറ്റബിള്‍ കാര്‍വിങ്, പാചകം, സലാഡ് അറേഞ്ച്‌മെന്റ്, മൈലാഞ്ചി ഇടല്‍, ഓലമടയല്‍, കൊട്ടമടയല്‍, പുഷ്പരാജ, പുഷ്പറാണി, കാര്‍ഷിക ഫോട്ടോഗ്രാഫി, മൊബൈല്‍ ഫോട്ടോഗ്രാഫി, ഫാബ്രിക് പെയിന്റിംഗ് തുടങ്ങിയ മത്സരങ്ങളാണ് അനുബന്ധ പരിപാടികൾ. മികച്ച നഴ്‌സറി ഡിസ്‌പ്ലേ തയ്യാറാക്കുന്ന സ്റ്റാളുകള്‍ക്ക് സമ്മാനം നല്‍കും. സെമിനാറുകള്‍, കുട്ടി കര്‍ഷക സംഗമം, ഹരിതകര്‍മ്മ സേനാംഗങ്ങളെ ആദരിക്കല്‍, സംസ്ഥാന കലോത്സവ വിജയികളെ ആദരിക്കല്‍, കാർഷിക മേഖലയിലെ മൂല്യവര്‍ധിത സംരംഭങ്ങള്‍ നടത്തുന്നവരുമായുള്ള സംവാദം, ബഡ്സ് സ്‌കൂള്‍ കുട്ടികളുടെ കലാമേള എന്നിവയും നടക്കും.
എട്ടിന് വൈകിട്ട് ആറ് മണിക്ക് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പുഷ്‌പോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കോര്‍പറേഷന്‍ മേയര്‍ മുസ്ലീഹ് മഠത്തില്‍ എന്നിവര്‍ ഡിസ്‌പ്ലേ, സ്റ്റാള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സിനിമാ താരം സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയാകും. ചടങ്ങില്‍ പത്മശ്രീ ജേതാവായ കര്‍ഷകന്‍ സത്യനാരായണ ബേളേരിയെ ആദരിക്കും. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് കൊല്ലം ഷാഫിയുടെ നേതൃത്വത്തിലുള്ള ഗാനമേളയും അരങ്ങേറും.
19ന് നടക്കുന്ന സമാപന ചടങ്ങ് രജിസ്ട്രേഷന്‍-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ മുഖ്യാതിഥിയാകും. അച്ചടി, ശ്രവ്യ, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പുരസ്‌കാരം നല്‍കും. സമഗ്ര കവറേജ്, മികച്ച റിപ്പോര്‍ട്ടര്‍, മികച്ച ഫോട്ടോഗ്രാഫര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം.
വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി സെക്രട്ടറി വി പി കിരണ്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറും മീഡിയ കമ്മിറ്റി ചെയര്‍മാനുമായ ഇ കെ പത്മനാഭന്‍, സൊസൈറ്റി ട്രഷറര്‍ കെ എം ബാലചന്ദ്രന്‍, വൈസ് പ്രസിഡണ്ട് ഡോ കെ സി വത്സല, ജോയിന്റ് സെക്രട്ടറിമാരായ എം കെ മൃദുല്‍, അബ്ദുള്‍ ജലീല്‍, ഡിസ്‌പ്ലേ കമ്മിറ്റി ചെയര്‍മാന്‍ യു കെ ബി നമ്പ്യാര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി വി രത്‌നാകരന്‍, സ്റ്റാള്‍ കമ്മിറ്റി കണ്‍വീനര്‍ ടി വേണുഗോപാല്‍, സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ സുലൈമാന്‍ എന്നിവർ പങ്കെടുത്തു.

About The Author