കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ബജറ്റ് 2024: പ്രധാന പ്രഖ്യാപനങ്ങൾ

ജില്ലാശുപത്രിക്ക് 7.24 കോടി

ജില്ലാ ആശുപത്രിയില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ 20 ലക്ഷവും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകളുടെ നവീകരണത്തിന് 40 ലക്ഷം രൂപയും വകയിരുത്തി. മരുന്ന്, ലാബ് റീ ഏജന്റ്‌സ് എന്നിവ വാങ്ങുന്നതിന് രണ്ട് കോടി. കാന്‍സര്‍ മരുന്ന്, പാലിയേറ്റീവ് മരുന്ന്, മറ്റ് പരിചരണ സാമഗ്രികള്‍ എന്നിവ വാങ്ങുന്നതിന് 60 ലക്ഷം. ഡയാലിസിസ് യൂണിറ്റിലേക്ക് ആവശ്യമായ മരുന്നുകളും മറ്റും വാങ്ങുന്നതിന് ആറ് ലക്ഷം. ജില്ലാ ആശുപത്രിയില്‍ കുടിവെളള പദ്ധതിക്കായി 2.5 കോടി. കൃത്രിമ അവയവ നിര്‍മ്മാണത്തിന് 10 ലക്ഷം. ഡെന്റല്‍ എക്‌സ്-റെ സ്ഥാപിക്കാന്‍ രണ്ട് ലക്ഷം രൂപ.

സൗരോര്‍ജ്ജ തൂക്കുവേലി വ്യാപിപ്പിക്കാന്‍ ഒരു കോടി

വന്യമൃഗങ്ങളുടെ അതിക്രമം തടയാന്‍ വനാതിര്‍ത്തികളില്‍ ”സൗരോര്‍ജ്ജ തൂക്കുവേലി”കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി മൂന്നുകോടി രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്.

വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഐടി മേഖലകള്‍ക്ക് ഊന്നല്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ ബജറ്റില്‍ വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഐടി മേഖലകള്‍ക്ക് മികച്ച പരിഗണന. ജില്ലയുടെ സമഗ്ര വികസനത്തിനുള്ള കാഴ്ചപ്പാടോടെ അവതരിപ്പിച്ച ബജറ്റില്‍ വിവര വിനിമയ രംഗത്തെ പുതുചലനങ്ങളുടെ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്താനുള്ള പദ്ധതികളും മുന്നോട്ട്വെക്കുന്നു. ലൈഫ് ഭവന പദ്ധതി, സ്ത്രീപദവി ഉയര്‍ത്തല്‍, വയോജനക്ഷേമം, പാലിയേറ്റീവ് പരിചരണം തുടങ്ങിയ മേഖലയിലും നൂതന പദ്ധതികളും പരിഗണനയും നല്‍കുന്നുവെന്നതാണ് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ അവതരിപ്പിച്ച ബജറ്റിന്റെ പ്രത്യേകത. കഴിഞ്ഞ മൂന്ന് വര്‍ഷം നടത്തിയ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളും സ്വരാജ് ട്രോഫി ഉള്‍പ്പെടെ  കൈവരിച്ച അംഗീകാരങ്ങളും എടുത്തു പറഞ്ഞുകൊണ്ടാണ് ബജറ്റ് പുതിയ വര്‍ഷത്തിലേക്കുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആരംഭിച്ച വിജയകരമായ പദ്ധതികള്‍ തുടരുമെന്ന് ബജറ്റ് ഉറപ്പുനല്‍കുന്നു.
വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനൊപ്പം ദാരിദ്ര്യ നിര്‍മാര്‍ജനവും സാമൂഹ്യ ക്ഷേമവും ഉറപ്പുവരുത്തുന്നതിനും ഉതകുന്ന പദ്ധതികളാണ് ബജറ്റിലൂടെ മുന്നോട്ട് വെക്കുന്നതെന്ന് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
നികുതിയേതര വരുമാനം, ഗ്രാന്റ് ഇന്‍ എയ്ഡ് എന്നീ ഇനങ്ങളില്‍ ഉള്‍പ്പെടെ ആകെ 132,72,12,210 രൂപയാണ് വരവ് പ്രതീക്ഷിക്കുന്നത്. 130,14,62,000 രൂപ ചെലവും 2,57,50,210 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. ജില്ലാ പഞ്ചായത്ത പ്രസിഡണ്ട് പി പി ദിവ്യയുടെ ആമുഖ പ്രസംഗത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ് സ്വാഗതം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുരേഷ് ബാബു, അഡ്വ. ടി സരള, അഡ്വ. കെ കെ രത്‌നകുമാരി, യു പി ശോഭ, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ എന്നിവര്‍ ബജറ്റ് ചര്‍ച്ച നടത്തി. ഏകകണ്‌ഠേനേ ബജറ്റ് അംഗീകരിച്ചു.

വിദ്യാഭ്യാസ കുതിപ്പിന് 38.10 കോടി സ്‌കൂളുകളില്‍ ഗ്രീന്‍ ക്യാമ്പസ്

വിദ്യാഭ്യാസ മേഖലയുടെ ആധുനികവല്‍ക്കരണം ലക്ഷ്യമിട്ട് പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്ന പദ്ധതികളാണ് ബജറ്റ് മുന്നോട്ട് വെക്കുന്നത്. സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് 40 ലക്ഷവും ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്യാന്‍ രണ്ട് കോടിയും വകയിരുത്തി. സ്‌കൂളുകള്‍ക്ക് ഓഡിറ്റോറിയങ്ങള്‍ നിര്‍മിക്കാന്‍ നാല് കോടി. ചുറ്റു മതില്‍ നിര്‍മാണത്തിന് നാല് കോടി. സ്‌കൂള്‍ കെട്ടിടങ്ങളുടെ
അറ്റകുറ്റപ്പണിക്ക് അഞ്ച് കോടി. കളിസ്ഥലങ്ങളുടെ നവീകരണത്തിന് നാല് കോടി. ടോയ്ലെറ്റ് നവീകരണത്തിന് രണ്ട് കോടി. പുതിയ ക്ലാസ് മുറികളുടെ നിര്‍മാണത്തിന് മൂന്ന് കോടി. കുടിവെള്ള പദ്ധതികള്‍ക്ക് 20 ലക്ഷം. പ്രീഫാബ് മോഡുലാര്‍ ടോയ്ലെറ്റുകള്‍ക്ക് 4.20 കോടി. സ്‌കൂഫെ പദ്ധതി വിപുലീകരണത്തിന് 40 ലക്ഷം. സയന്‍സ് ലാബുകള്‍ നിര്‍മിക്കാന്‍ 90 ലക്ഷം. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ 4.60 കോടി. മാലിന്യ നിര്‍മാര്‍ജ, ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷം. സയന്‍സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കാന്‍ 10 ലക്ഷം. വര്‍ക്ക് എക്സ്പീരിയന്‍സ് ലാബുകള്‍ക്ക് 10 ലക്ഷം. പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്‌ക്കരണം എന്നിവയിലൂന്നി സ്‌കൂളുകളില്‍ ഗ്രീന്‍ ക്യാമ്പസ് പദ്ധതിക്കായി 20 ലക്ഷം.

എസ് സി, എസ് ടി വിഭാഗത്തിന് 1.5 കോടി

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് 1.5 കോടി രൂപയുടെ പദ്ധതികള്‍. പട്ടികജാതി സാംസ്‌കാരിക കേന്ദ്രങ്ങളെ വിനോദത്തിനും വിജ്ഞാന സമ്പാദനത്തിനും വിശ്രമത്തിനുമുള്ള കേന്ദങ്ങളാക്കുന്ന വിശ്രമകേന്ദ്രം പദ്ധതിക്ക് 10 ലക്ഷം വകയിരുത്തി. പട്ടികജാതി വിഭാഗത്തിലെ പ്രതിഭകള്‍ക്ക് പ്രോത്സാഹനമായി പ്രതിഭ പിന്തുണ പദ്ധതിക്ക് അഞ്ച് ലക്ഷം. പട്ടികജാതി കോളനികളുടെ സമഗ്ര വികസനത്തിന് 25 ലക്ഷം. പട്ടികജാതി സാംസ്‌കാരിക നിലയ നിര്‍മ്മാണത്തിന് 50 ലക്ഷം. ശ്മശാന നവീകരണത്തിന് 10 ലക്ഷം. പട്ടികജാതി യുവതീ യുവാക്കളുടെ തൊഴില്‍ നൈപുണ്യത്തിന് 15 ലക്ഷം.  ആറളം നവജീവന്‍ കോളനിയെ മാതൃ സുസ്ഥിര ഗ്രാമമാക്കാന്‍ 60 ലക്ഷം.
പട്ടികവര്‍ഗ്ഗ കോളനികളിലെ കുടിവെളളക്ഷാമം പരിഹരിക്കാന്‍ 10 ലക്ഷം.

ക്ഷീരമേഖലക്ക് 2.75 കോടി

ജില്ലയിലെ ക്ഷീരസംഘങ്ങളില്‍ അളക്കുന്ന പാലിന് സബ്‌സിഡി നല്‍കാന്‍ രണ്ട് കോടി രൂപ വകയിരുത്തി. കണ്ണൂരിനെ പാല്‍
സ്വയംപര്യാപ്തതയിലേക്ക് നയിക്കാന്‍ ”ക്ഷീര ഗ്രാമം”പദ്ധതിക്ക് 50 ലക്ഷം. ചാണകം ഉണക്കി ചെറുപാക്കറ്റുകളിലാക്കി വിപണനം ചെയ്യാന്‍ ക്ഷീരസംഘങ്ങള്‍ക്കും സംരംഭക ഗ്രൂപ്പുകള്‍ക്കും 25 ലക്ഷം.

മത്സ്യ മേഖലക്ക് 34.5 ലക്ഷം
നീര്‍ക്കടവ് മത്സ്യ ബന്ധന ഗ്രാമത്തിന് 20 ലക്ഷം

മത്സ്യകര്‍ഷക ഗ്രൂപ്പുകള്‍ക്ക് കല്ലുമ്മക്കായ കൃഷി പദ്ധതിക്ക് 7.5 ലക്ഷം രൂപയും സി ഐ എഫ് ടി സാങ്കേതിക വിദ്യ ഉപയോഗിച്ച്
മത്സ്യ വിപണനം നടത്തുന്നതിനായി മൊബൈല്‍ ഫിഷ് വെന്‍ഡിംഗ് യൂണിറ്റ് ആരംഭിക്കാന്‍ നാല് ലക്ഷം രൂപയും അനുവദിച്ചു. മത്സ്യ പാടങ്ങളുടെ ബണ്ടിന് മുകളില്‍ പച്ചക്കറി കൃഷിക്ക് മൂന്ന് ലക്ഷം. അഴീക്കോട് പഞ്ചായത്തിലെ നീര്‍ക്കടവ് മത്സ്യ ബന്ധന ഗ്രാമത്തിന്റെ സമഗ്ര
പുരോഗതിക്കായി 20 ലക്ഷം.

കാര്‍ഷിക മേഖലക്ക് കരുതല്‍

അഗ്രോ ടൂറിസം സര്‍ക്ക്യൂട്ട് ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പുവരുത്താന്‍ കാര്‍ഷിക മേഖലക്ക് ബജറ്റില്‍ ഏറെ പ്രാധാന്യമാണ് നല്‍കിയത്. തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കി നെല്ലുല്‍പാദനം വര്‍ധിപ്പിക്കാന്‍ 20 ലക്ഷം രൂപയും കൈപ്പാട് കൃഷിക്ക് 20 ലക്ഷം രൂപയും അടക്കം ആകെ നെല്‍ കൃഷിക്കായി
രണ്ടുകോടി 40 ലക്ഷം രൂപയാണ് വകയിരുത്തിയത്. ചെറുധാന്യ കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം തുടങ്ങിയ
പദ്ധതിയുടെ തുടര്‍ച്ചയായി ഈ വര്‍ഷവും ജില്ലാ പഞ്ചായത്ത് വിഹിതം മൂന്ന് ലക്ഷം രൂപയും ചെറുധാന്യ പ്രോസസിംഗ് യൂണിറ്റ് ആരംഭിക്കാന്‍ രണ്ടു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്ന് ”മുരിങ്ങ ഗ്രാമം’ പദ്ധതി നടപ്പാക്കാന്‍ 10 ലക്ഷം രൂപയും ഗുണമേന്മയും വിഷരഹിതവുമായ മുളകിന്റെ കൃഷി ജില്ലയില്‍ വ്യാപിപ്പിക്കാനും ബ്രാന്‍ഡ് ചെയ്യാനുമായുള്ള ”കണ്ണൂര്‍ ചില്ലീസ് ‘പദ്ധതിക്ക് ഏഴ് ലക്ഷം രൂപയും വകയിരുത്തി. അടുത്ത ഓണക്കാലത്തേക്ക് ചെണ്ടുമല്ലി കൃഷി ചെയ്യാന്‍ ഓണത്തിന് ഒരു കൊട്ടപ്പൂവ് ‘ പദ്ധതിക്ക് 15 ലക്ഷം രൂപ മാറ്റി വെച്ചു.
ഫലവൃക്ഷ കൃഷി വ്യാപനത്തിനായി മൂന്ന് ലക്ഷം രൂപയും കുറ്റിയാട്ടൂര്‍ മാവുകളുടെ – ചെറുമാന്തോപ്പുകള്‍
ആരംഭിക്കാന്‍ രണ്ടു ലക്ഷം രൂപയും വകയിരുത്തി. ജില്ലയിലെ മാതൃകാ കൃഷിത്തോട്ടങ്ങളും വ്യത്യസ്തമായ കൃഷി രീതികളും വിദ്യാര്‍ഥികള്‍ക്കും കൃഷിക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ജില്ലയില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്കും കാണാനും പഠിക്കാനും സാധിക്കുന്ന വിധം അഗ്രോ ടൂറിസം സര്‍ക്യൂട്ട്
രൂപീകരിക്കാന്‍ 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ജില്ലാ കൃഷിത്തോട്ടം കരിമ്പം അഗ്രിബയോ ടെക്നോളജി
വിഭാഗത്തിന് 45 ലക്ഷം രൂപയും, രാസവളം ഷെഡ്ഡ് നവീകരണത്തിന് മൂന്ന് ലക്ഷം രൂപയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് 40 ലക്ഷം രൂപയും അടക്കം 88
ലക്ഷം രൂപ വകയിരുത്തി.

ആരോഗ്യ സംരക്ഷണത്തിന് മുരിങ്ങ ഗ്രാമവും റെഡ് ചില്ലീസും

വിറ്റാമിനുകളുടെ കലവറയായ മുരിങ്ങയുടെ കൃഷി വ്യാപിപ്പിക്കുന്നതിന് തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്ന് നടത്തുന്ന ‘മുരിങ്ങ ഗ്രാമം’ പദ്ധതി. ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും വരുമാനമുണ്ടാക്കാനും സഹായകമാകുന്ന പദ്ധതിക്ക് ബജറ്റില്‍10 ലക്ഷം രൂപയാണ് വകയിരുത്തിയത്.
ഗുണമേന്മയും വിഷരഹിതവുമായ മുളക് കൃഷി ജില്ലയില്‍ വ്യാപിപ്പിക്കാനും ബ്രാന്‍ഡ് ചെയ്യാനും ‘കണ്ണൂര്‍ ചില്ലീസിനായി ഏഴ് ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

ക്ഷീര ഗ്രാമം പദ്ധതിക്ക് 50 ലക്ഷം, പാല്‍ സബ്‌സിഡി രണ്ട് കോടി

കണ്ണൂരിനെ പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തതയിലേക്ക് നയിക്കാന്‍ ക്ഷീര ഗ്രാമം പദ്ധതി. പശുവളര്‍ത്തലില്‍ ശാസ്ത്രീയമായ രീതി അവലംബിച്ച് കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കും. ക്ഷീര ഗ്രാമം പദ്ധതിക്ക് 50 ലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.
ഉല്‍പാദന ചെലവിനനുസരിച്ച് വരുമാനം ലഭിക്കുന്നില്ല എന്നതാണ് ക്ഷീര മേഖലയിലെ പ്രധാന പ്രശ്നം ഇതിന് ആശ്വാസമേകി ജില്ലയിലെ ക്ഷീര സംഘങ്ങളില്‍ അളക്കുന്ന പാലിന് സബ്സിഡി നല്‍കാന്‍ രണ്ടുകോടി രൂപ ബജറ്റില്‍ വകയിരുത്തി. ചാണകം ഉണക്കി പാക്കറ്റുകളാക്കി വിപണനം ചെയ്യാന്‍ ക്ഷീര സംഘങ്ങള്‍ക്കും സംരംഭക ഗ്രൂപ്പുകള്‍ക്കും 25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

വളപ്രയോഗത്തിന് ഡ്രോണ്‍

ശാസ്ത്രീയമായ വളപ്രയോഗത്തിന് കര്‍ഷകരെ സഹായിക്കാന്‍ ഇനി ഡ്രോണ്‍ സംവിധാനവും. പാടശേഖര സമിതികള്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കും ഡ്രോണ്‍ വിതരണം ചെയ്യാന്‍ 15 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. ശാസ്ത്രീയ കൃഷി രീതികളും കാര്‍ഷികോപകരണങ്ങളുടെ ഉപയോഗവും വളപ്രയോഗവും വഴി കാര്‍ഷിക മേഖലയില്‍ വളര്‍ച്ചയുടെ കുതിച്ചുചാട്ടമാണ് ലക്ഷ്യം.

പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ക്ക് ബനാന ഫൈബര്‍

തുണി വ്യവസായത്തില്‍ വര്‍ധിച്ചു വരുന്ന വാഴനാരിന്റെ ജനപ്രീതി മനസിലാക്കി നൂതന പദ്ധതിയായ ബനാന ഫൈബര്‍. ബനാന ഫൈബര്‍/ വാഴനാര് ഉപയോഗിച്ചുള്ള വസ്ത്രം, ബാഗ് എന്നിവയുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി അഞ്ച് ലക്ഷം രൂപ മാറ്റിവെച്ചു. ജില്ലയിലെ വാഴക്കൃഷിക്കാര്‍ക്ക് വരുമാനവും ആത്മ വിശ്വാസവും വര്‍ധിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതി സഹായകമാകും. വാഴനാരുകള്‍ വിഷരഹിതവും പരിസ്ഥിതി സൗഹൃദവുമായതിനാല്‍ അത്തരം ഉത്പന്നങ്ങളുടെ ഉപയോഗത്തിലൂടെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും സാധിക്കുമെന്നതാണ് മറ്റൊരു നേട്ടം.

ദന്തസംരക്ഷണത്തിന് ‘നിറപുഞ്ചിരി’

ദന്തരോഗങ്ങളാല്‍ മുഖത്തെ പുഞ്ചിരി മായാതിരിക്കാന്‍ ‘നിറപുഞ്ചിരി’ ബോധവത്കരണ പദ്ധതി. ദന്തക്ഷയവും മോണരോഗങ്ങളും അകറ്റാനുള്ള സമഗ്ര ബോധവത്കരണത്തന് 15 ലക്ഷം രൂപ മാറ്റിവെച്ചു. സമൂഹത്തിലെ 90 ശതമാനം പേരെയും ദന്തക്ഷയവും ദന്തരോഗവും ബാധിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. സ്‌കൂള്‍ കുട്ടികള്‍, അധ്യാപകര്‍, അംഗന്‍വാടി ടീച്ചര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവരിലൂടെയാണ് ജില്ലയില്‍ ബോധവത്കരണം നടത്തുക.

പ്രഥമശുശ്രൂഷ പരിശീലനത്തിന് അഞ്ച് ലക്ഷം

അപകടങ്ങളില്‍ റോഡില്‍ ജീവന്‍ പൊലിയുന്നത് തടയാന്‍ പ്രഥമശുശ്രൂഷ പരിശീലനത്തിന് അഞ്ച് ലക്ഷം രൂപ. സമ്പൂര്‍ണ്ണ പ്രഥമ ശുശ്രൂഷ അവബോധമുള്ള ജില്ലയാക്കുകയാണ് ലക്ഷ്യം.
അപകടങ്ങളും പ്രകൃതി ദുരന്തങ്ങളും നിരവധി ജീവനുകളാണ് ഇല്ലാതാക്കുന്നത്. എന്നാല്‍ പലപ്പോഴും ശാസ്ത്രീയമായ പ്രഥമശുശ്രൂഷ ലഭിക്കാത്തതാണ് ഇതിന് ഇടയാക്കുന്നത്. ദുരന്ത മുഖത്തേക്ക് എത്തുന്ന ഭൂരിഭാഗം പേരും കാഴ്ചക്കാരാവുകയാണ് പതിവ്. ഇത് പരിഹരിക്കാന്‍ സംഘടനകളുടെയും മറ്റും സഹകരണത്തോടെയാണ് പരിശീലനം നല്‍കുക.

ഡിജിറ്റലാകാന്‍ ‘ഡിജി കണ്ണൂര്‍’

കണ്ണൂരിനെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ ജില്ലയാക്കാന്‍ ഡി ജി കണ്ണൂര്‍. ഇതിനായി 10 ലക്ഷം രൂപ മാറ്റിവെച്ചു. ആധുനിക കാലത്ത് ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളുടെ ഉപയോഗം ഒഴിച്ചുകൂടാനാകാത്തതാണ്. ഇതിന്റെ ഉപയോഗം അറിയാതെ പണം ഉള്‍പ്പെടെ നഷ്ടപ്പെട്ടവര്‍ ഒത്തിരിയാണ്. എന്നാല്‍ ഡിജി കണ്ണൂരിലൂടെ മുഴുവന്‍ പേരും ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ കണ്ടെത്താനും വിലയിരുത്താനും ആശയവിനിമയം നടത്താനും പ്രാപ്തരാകും.

കല്ല്യാശ്ശേരിയില്‍ ജനകീയാസൂത്രണ മ്യൂസിയവും നായനാര്‍ പ്രതിമയും

ചരിത്രത്തിന്റെ അടയാളമായി കല്ല്യാശ്ശേരിയുടെ മണ്ണില്‍ ജനകീയാസൂത്രണ മ്യൂസിയവും മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ പ്രതിമയും ഉയരും.
ജനകീയാസൂത്രണവും അതിന്റെ നേതാവും പിറവി കൊണ്ട നാടെന്ന നിലയിലാണ് കല്ല്യാശ്ശേരിയില്‍ മ്യൂസിയം ഒരുക്കാന്‍ 50 ലക്ഷം രൂപ അനുവദിച്ചത്.
73, 74 ഭരണഘടനാ ഭേദഗതികളിലൂടെ കേന്ദ്രസര്‍ക്കാര്‍ അധികാര വികേന്ദ്രീകരണവും പഞ്ചായത്ത് രാജ് നഗരപാലിക ആശയങ്ങളും മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോഴും തദ്ദേശസ്ഥാപനങ്ങളും അധികാര വികേന്ദ്രീകരണവും ശൈശവ അവസ്ഥയിലാണ്. എന്നാല്‍ കേരളത്തില്‍ നായനാര്‍ സര്‍ക്കാര്‍ 1996ല്‍ തന്നെ ജനകീയാസൂത്രണം നടപ്പിലാക്കി. ഇതോടെ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 35 ശതമാനവും അധികാരങ്ങളും ഉദ്യോഗസ്ഥരെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചു. ജനപങ്കാളിത്തത്തോടെയുള്ള വികസനപ്രവര്‍ത്തനത്തിന്റെ കല്യാശ്ശേരി മാതൃകയാണ് ജനകീയാസൂത്രണത്തിന് പ്രചോദനമായത്. ഗ്രാമങ്ങളില്‍ പോലും വികസന വെളിച്ചമെത്തിച്ച ജനകീയാസൂത്രണത്തിന്റെ ചരിത്രം പുതുതലമുറക്കും പകര്‍ന്നു നല്‍കാനാണ് മ്യൂസിയവും പ്രതിമയും ഒരുക്കുന്നത്.

About The Author