കണ്ണൂർ കോർപറേഷൻ ബജറ്റ് അവതരിപ്പിച്ചു

കണ്ണൂർ കോർപറേഷൻ കൌൺസിൽ യോഗത്തിൽ ഡെപ്യൂട്ടി മേയർ അഡ്വ.പി ഇന്ദിര അവതരിപ്പിച്ച കണ്ണൂർ കോർപറേഷന്റെ 2024-25 വര്‍ഷത്തെ ബജറ്റ്

62,46,22,269 രൂപ ഓപ്പണിങ് ബാലൻസും 337,59,43,286 രൂപയുടെ പ്രതീക്ഷിത വരവും
ഉൾപ്പെടെ ആകെ 400,05,65,555 രൂപ വരവും
331,80,87,893 രൂപ ചെലവും 68,24,77,662 രൂപയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് 1.18 കോടി

വരുന്ന സാമ്പത്തിക വര്‍ഷം ദാരിദ്ര്യ ലഘൂകരണ പദ്ധതികള്‍ക്ക് ഉയര്‍ന്ന പരിഗണനയാണ് നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്. അതിദരിദ്ര്യര്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം, മരുന്ന് വിതരണം എന്നിവ കൂടാതെ അവരെ അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കുന്നതിനും സുസ്ഥിര വരുമാനം ലക്ഷ്യമിട്ടുകൊണ്ട് തൊഴില്‍ സംരംഭം ആരംഭിക്കുന്നതിനുള്ള ധനസഹായവും ഉള്‍പ്പെടെ നല്‍കുന്നതിനായി 1.18 കോടി രൂപ നീക്കിവയ്ക്കുന്നു.

അംഗപരിമിതി ഒരു കുറവല്ല ക്ഷേമത്തിനായി 1.75കോടി രൂപ

സമൂഹത്തില്‍ പലപ്പോഴും ഒറ്റപ്പെട്ട് പോകുന്നവരാണ് അംഗപരിമിതര്‍. അംഗപരിമിതി ഒരു കുറവായി കാണാതെ അവരിലൊളിഞ്ഞു കിടക്കുന്ന കഴിവുകളെ പുറത്തു കൊണ്ടുവരേണ്ടതുണ്ട്. ഈ വര്‍ഷം അംഗപരിമിതിയുള്ള കുട്ടികളുമായി വിനോദയാത്ര നടത്തുന്നതിനും, ശ്രീനാരായണ പാര്‍ക്കില്‍ ഏകദിന ക്യാമ്പ് സംഘടിപ്പിക്കുവാനും ഉദ്ദേശിക്കുന്നു വിദ്യാര്‍ത്ഥികളായ അംഗപരിമിതര്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള മറ്റ പദ്ധതികള്‍ല്ലൊം കൂടി 1.75 കോടി രൂപ നീക്കിവയ്ക്കുന്നു.

വയോജനങ്ങള്‍ക്ക് കരുതല്‍, ക്ഷേമത്തിനായി 1.4 കോടി രൂപ

പകല്‍ സമയങ്ങളില്‍ വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ധാരാളം വയോജനങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. വീട്ടുകാര്‍ ജോലിക്കും മറ്റുമായി പുറത്തേക്ക് പോകുമ്പോള്‍ ഒറ്റപ്പെട്ടുപോകുന്നവര്‍ക്ക് ആവശ്യമായ കരുതല്‍ നല്‍കേണ്ടതുണ്ട്. അതിനായി ഡേകെയര്‍ സെന്‍റര്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നു. വയോജനങ്ങള്‍ക്ക് കൂട്ടായ്മ വഴി മാനസീകോല്ലാസവും ആരോഗ്യം ഉറപ്പ് വരുത്തുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. നീര്‍ച്ചാല്‍, ഉദയംകുന്ന് എന്നിവിടങ്ങളില്‍ വയോജന വിശ്രമകേന്ദ്രങ്ങള്‍ ആരംഭിക്കും. കൂടാതെ വയോജനങ്ങള്‍ക്ക് വാക്കര്‍, വീല്‍ചെയര്‍, കട്ടില്‍ തുടങ്ങിയവ വിതരണവും ചെയ്യുവാന്‍ ഉദ്ദേശിക്കുന്നു. വയോജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 1.4 കോടി രൂപ നീക്കിവെക്കുന്നു.

ഹാപ്പി എല്‍ഡേഴ്സിനായി ഹാപ്പിനെസ് ലാബ് – 25 ലക്ഷം

വയോജനങ്ങളുടെ മാനസികാരോഗ്യത്തെ പ്രധാനമായും ലക്ഷ്യം വെച്ചുകൊണ്ട് കോര്‍പറേഷന്‍ വിഭാവനം ചെയ്യുന്ന പദ്ധതിയാണ് ഹാപ്പിനെസ് ലാബ്. വലിയ രീതിയില്‍ ഒറ്റപ്പെടലും മാനസിക ശാരീരിക പ്രശ്നങ്ങളിലും അകപ്പെട്ട് പോകുന്ന വയോജനങ്ങളുടെ ജീവിത പരിസരത്തെ ഉയര്‍ത്തുവാനും കൂടുതല്‍ മികച്ച ജീവിത പരിസരം നല്‍കുവാനും വേണ്ടിയാണ് ഹാപ്പിനെസ് ലാബ് എന്ന പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പദ്ധതിയിലൂടെ വയോജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുവാനും പരിഹാരം നിര്‍ദ്ദേശിക്കുവാനും കഴിയുന്ന ഹാപ്പിനെസ് കൗണ്‍സലിംഗ് സെന്‍ററുകള്‍, ഹാപ്പി എല്‍ഡേഴ്സ് പാര്‍ക്കുകള്‍, വയോജനങ്ങളെ ഒരുമിച്ച് ചേര്‍ത്ത് ഹാപ്പി എല്‍ഡേഴ്സ് ടൂറുകള്‍, പ്രൊഫഷണല്‍ ജോലികളില്‍ നിന്ന് വിരമിച്ചവര്‍ക്ക് സാമൂഹിക വികസന പ്രക്രിയയില്‍ സന്നദ്ധ സേവനം നടത്തുന്നതിനായി ഹാപ്പി എല്‍ഡേഴ്സ് റിസോഴ്സ് പൂളുകള്‍ എന്നീ പദ്ധതികളാണ് ഹാപ്പിനെസ് ലാബിലൂടെ നടപ്പിലാക്കുന്നത്. പ്രസ്തുത പദ്ധതിയിലൂടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഹാപ്പി എല്‍ഡേഴ്സ് സിറ്റിയായി മാറും. ഈ പദ്ധതിയുടെ ആദ്യഘട്ടത്തിനായി 25 ലക്ഷം രൂപ നീക്കിവെക്കുന്നു.

കിടപ്പ് രോ ഗികള്‍ക്ക് സാന്ത്വനം – 66 ലക്ഷം

വളരെ സ്തുത്യര്‍ഹമായ രീതിയിലാണ് കോര്‍പ്പറേഷന്‍റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് കെയറും കിടപ്പ് രോഗികളുടെ പരിചരണവും നടത്തുന്നത്. സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് പലകാരണങ്ങളാലും കിടപ്പിലായവര്‍. വലിപ്പച്ചെറുപ്പമില്ലാതെ ഏവരുടെയും പരിചരണം ആഗ്രഹിക്കുന്നവരാണിവര്‍. 2024-25 വര്‍ഷത്തെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി 66 ലക്ഷം രൂപ നീക്കിവെയ്ക്കുന്നു. വിവിധ ചാരിറ്റി സംഘടനകളുമായി സഹകരിച്ച് ചേലോറ പാര്‍ക്കില്‍ കിടപ്പ് രോഗികളുടെ സംഗമം നടത്തുന്നതാണ്.

വിവിധ വനിതാക്ഷേമ പദ്ധതികള്‍ക്കായി 2.89 കോടി

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയില്‍ 50% സ്ത്രീ സംവരണം നടപ്പാക്കിയെങ്കിലും പൊതുസമൂഹത്തില്‍ സംരംഭങ്ങള്‍ തുടങ്ങാനും സാമ്പത്തികമായി സ്വയംപര്യാപ്തത നേടുന്നതിനും വനിതകള്‍ സാധിക്കുന്നില്ല എന്ന വസ്തുത നാം കണ്ടേ മതിയാകൂ. ഇന്ന് മെട്രോ നഗരങ്ങളില്‍ വനിതാ ഡ്രൈവര്‍മാരെ ധാരാളമായി കാണുന്നുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ ഇവരുടെ എണ്ണം അംഗുലീപരിമിതമാണ്. വനിതാ ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് ടൂറിസ്റ്റ് ടാക്സി സര്‍വ്വീസ് ആരംഭിക്കുന്നതിനും ഓട്ടോ സര്‍വ്വീസ് ആരംഭിക്കുന്നതിനും പ്രത്യേക സഹായം നല്‍കുവാന്‍ ഉദ്ദേശിക്കുന്നു. അതോടൊപ്പം വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനവും നല്‍കുവാന്‍ ഉദ്ദേശിക്കുന്നു. കൂടാതെ വനിതകളുടെ സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കും ജന്‍റര്‍ ഡെസ്ക്, സ്ത്രീപദവി പഠനം എന്നിവ ഉള്‍പ്പെടെയുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായി 2.89 കോടി രൂപ നീക്കിവെക്കുന്നു.

സ്കില്‍ ഡെസ്ക്

വനിതാ ശാക്തീകരണത്തിനായി വലിയ സംഭാവന ചെയ്തിട്ടുള്ള പ്രസ്ഥാനമാണ് കുടുംബശ്രീ. പലപ്പോഴും കുടുംബശ്രീ സംരംഭങ്ങള്‍ വേണ്ടത്ര വിജയിക്കാതിരിക്കുന്നത് പരിശീലനത്തിന്‍റെയും മാര്‍ഗ നിര്‍ദ്ദേശങ്ങളുടെയും അഭാവം മൂലമാണ്. ഇത് പരിഹരിക്കുന്നതിനായും കുടുംബശ്രീ സംരംഭകര്‍ക്ക് വഴികാട്ടുന്നതിനും ആവശ്യമായ പരിശീലനം നല്‍കുന്നതിനും കോര്‍പറേഷനില്‍ സ്കില്‍ ഡെസ്ക് സ്ഥാപിക്കും.

കുടുംബശ്രീ വിപണന കേന്ദ്രം

കുടുംബശ്രീ സംരംഭകര്‍ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് ഉത്പന്നങ്ങളുടെ വിപണനം. കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് സ്ഥിരമായ വിപണികണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ വിപുലമായ രീതിയില്‍ മാസച്ചന്തകള്‍ സംഘടിപ്പിക്കും. പഴയ ബസ്സ്റ്റാന്‍റ് പരിസരത്താണ് മാസച്ചന്ത സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നത്.

വനിതോല്‍സവം:

ലോകവനിതാ ദിനമായ മാര്‍ച്ച് 8ന് കോര്‍പറേഷനിലെ വനിതാസംരംഭകരെ മാത്രം സംഘടിപ്പിച്ച് വിപുലമായ വിപണനമേളയും കൂടാതെ അവര്‍ക്കായി കലാ കായിക മത്സരങ്ങളും സംഘടിപ്പിക്കും. വനിതോല്‍സവമെന്ന പേരില്‍ സംഘടിപ്പിക്കുന്ന ഈ പരിപാടിക്കായി ഒരു ലക്ഷം രൂപ നീക്കിവെക്കുന്നു.

ആരോഗ്യമുള്ള ജനത സമ്പത്ത് – ആരോഗ്യമേഖലയ്ക്ക് 4.5 കോടി രൂപ

നമ്മുടെ സവിശേഷ ശ്രദ്ധ പതിയേണ്ട മേഖലയാണ് ആരോഗ്യം. കേവലം അലോപ്പതി മാത്രമല്ല അതോടൊപ്പം തന്നെ ആയുര്‍വേദ, ഹോമിയോ, യൂനാനി ഉള്‍പ്പെടെയുള്ള ചികിത്സാ ശാഖകളും നാം പരിപോഷിപ്പിക്കേണ്ടതുണ്ട്. ജനങ്ങള്‍ കൂടുതലായി എത്തുന്ന പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെയും ഹോമിയോ, ആയുര്‍വേദ ആശുപത്രികളുടെയും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി രണ്ട് കോടി രൂപയും ഉപകരണങ്ങളും സാധന സാമഗ്രികളും വാങ്ങുന്നതിനായി ഒരു കോടി രൂപയും മരുന്ന് വാങ്ങുന്നതിനായി 1.5 കോടി രൂപയും ഉള്‍പ്പെടെ 4.5 കോടി രൂപ ആകെ വകയിരുത്തുന്നു.
എടക്കാട് സോണല്‍ പരിധിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം ഒരറ്റത്തുള്ള ആറ്റടപ്പയിലാണ്. തന്‍മൂലം മുഴുവന്‍ ജനങ്ങള്‍ക്കും അവിടെ എത്തിച്ചേരുവാന്‍ സാധിക്കാത്ത സ്ഥിതിയുണ്ട്. ഇത് പരിഹരിക്കുന്നതിനായി കീഴുന്നപ്പാറയിലുള്ള റവന്യു പുറമ്പോക്ക് സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും സ്ഥലം വിട്ടുകിട്ടുന്ന മുറയ്ക്ക് പുതിയ നഗര ജനകീയാരോഗ്യ കേന്ദ്രം സര്‍ക്കാര്‍ അനുമതിയോടെ അവിടെ സ്ഥാപിക്കുന്നതിനായി നടപടി സ്വീകരിക്കുകയും ചെയ്യും.

റെസ്ക്യൂ ഡാറ്റാബാങ്ക് – 2 ലക്ഷം

നമ്മുടെ റോഡുകളില്‍ അപകടങ്ങള്‍ പതിവാണ്. പ്രകൃതി ദുരന്തങ്ങള്‍ വരുമ്പോഴും അപകടങ്ങള്‍ സംഭവിക്കുമ്പോഴും പലപ്പോഴും നാം പകച്ചുപോവുകയാണ്. ഇതിനൊരു പരിഹാരമായാണ് കോര്‍പ്പറേഷന്‍ റെസ്ക്യൂ ഡാറ്റാബാങ്ക് എന്ന പദ്ധതി അവതരിപ്പിക്കുന്നത്. അത്യാഹിത ഘട്ടത്തിലും ദുരന്തവേളയിലും അടിയന്തിര സഹായം ലഭ്യമാക്കാനായി ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, മുങ്ങല്‍ വിദഗ്ധര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, സ്നേക്ക്/ആനിമല്‍ റെസ്ക്യു ഗ്രൂപ്പിലെ അംഗങ്ങള്‍, ബോട്ട് ഉടമകള്‍ എന്നിവരുടെയും അത്യാവശ്യ രക്ഷാ ഉപകരണങ്ങള്‍ ഉള്ളവരുടെയും വിവരങ്ങളടങ്ങിയ ഡാറ്റാബാങ്ക് ഉണ്ടാക്കുകയും അത് പ്രത്യേക ആപ്പ് വഴി കൗണ്‍സിലര്‍മാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഈ പദ്ധതിക്കായി 2 ലക്ഷം രൂപ നീക്കിവെക്കുന്നു.

പഠനം തന്നെ ലഹരി – വിദ്യാഭ്യാസ മേഖലയ്ക്ക് – 2.90 കോടി

വിദ്യാഭ്യാസ മേഖലയില്‍ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി സവിശേഷമായ പദ്ധതികള്‍ ഈ വര്‍ഷം നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നു. 7ാം തരത്തില്‍ നിന്നും ഹൈസ്ക്കൂളിലേക്ക് വരുന്ന പല കുട്ടികള്‍ക്കും ഇംഗ്ളീഷില്‍ എഴുതാനും വായിക്കാനും സാധിക്കുന്നില്ലെന്നത് വലിയ കുറവ് തന്നെയാണ്. ഈ കുറവ് പരിഹരിക്കുന്നതിനായി 7ാം ക്ലാസ് പാസ്സായി വരുന്ന പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ളീഷ് പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിന് പ്രത്യേക പരിശീലനം നല്‍കുവാന്‍ ഉദ്ദേശിക്കുന്നു. അതോടൊപ്പം തന്നെ 10, +2 എന്നീ പരിക്ഷകള്‍ അഭിമുഖീകരിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്ക് ഊര്‍ജ്ജിത പരിശീലനവും പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ലഘുഭക്ഷണവും നല്‍കുന്നതിനും പദ്ധതിയുണ്ട്. കൂടാതെ കുട്ടികള്‍ക്ക് സിവില്‍ സര്‍വ്വീസ് പോലുള്ള ഉന്നത മത്സര പരീക്ഷകളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നഗരസഭാ തലത്തില്‍ പൊതു വിജ്ഞാന പരീക്ഷകള്‍ അടങ്ങിയ ശില്‍പശാലകള്‍ സംഘടിപ്പിക്കും. എല്‍പി/യുപി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ഗോത്സവം നടത്തുന്നതിന് 5 ലക്ഷം രൂപയും, വായനാശീലം വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള വായനാ കോര്‍ണറുകള്‍ക്ക് 5 ലക്ഷം രൂപയും, ശാസ്ത്രാവബോധം വളര്‍ത്തുന്നതിന് സിംപിള്‍ എക്സ്പെരിമെന്‍റ്വര്‍ക്ക്ഷോപ്പിന് 5 ലക്ഷം രൂപയും, നീന്തല്‍/കരാട്ടെ പരിശീലനത്തിനായി 10 ലക്ഷം രൂപയും, ഫുട്ബോള്‍ പരിശീലനത്തിന് 2 ലക്ഷം രൂപയും, സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമടക്കം ആകെ 2 കോടി രൂപ നീക്കിവെക്കുന്നു. സ്കൂളുകള്‍ ലഹരി മുക്തമാക്കുന്നതിനായും കുട്ടികളില്‍ പൗരബോധം സൃഷ്ടിക്കുന്നതിനും “പഠനം തന്നെ ലഹരി” എന്ന പേരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

അങ്കണവാടികള്‍ക്ക് 2.75 കോടി

നമ്മുടെ കോര്‍പറേഷനിലെ അങ്കണവാടികള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അങ്കണവാടികളിലെ ശിശു പോഷണ പൂരക പദ്ധതിക്ക് മാത്രമായി 1.75 കോടി രൂപ വകയിരുത്തുന്നു. കൂടാതെ അങ്കണവാടികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, ശിശുസൗഹൃദമാക്കുന്നതിനും, കളിക്കോപ്പുകള്‍ വാങ്ങുന്നതിനും, സ്മാര്‍ട്ട് ടിവി, വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങുന്നതിനും മറ്റുമായി 1 കോടി രൂപ വേറെയും വകയിരുത്തുന്നു.

സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ങ്ങള്‍ക്ക് 9 ലക്ഷം

തുടര്‍വിദ്യാഭ്യാസ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് (പത്താമുദയം, തുല്യതാ പഠനം) 9 ലക്ഷം രൂപ വകയിരുത്തുന്നു.

പട്ടികജാതി ക്ഷേമ പദ്ധതികള്‍ക്ക് 3.7 കോടി

പട്ടികജാതി വിഭാഗത്തില്‍പെട്ടവരുടെ ഉന്നമനം ലക്ഷ്യമാക്കി 3.7 കോടി രൂപയാണ് നീക്കിവെക്കുന്നത്. വീടുകള്‍ വാസയോഗ്യമാക്കല്‍, വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറിയില്‍ ഉപയോഗിക്കാന്‍ മേശ, കസേര നല്‍കല്‍, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള്‍, യുവജനങ്ങള്‍ക്ക് ടൂറിസ്റ്റ് ടാക്സി തുടങ്ങിയ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടും. പട്ടികജാതി വിഭാഗത്തില്‍ തെയ്യം കലാകാരന്‍മാര്‍ നിരവധിയുണ്ട്. തെയ്യംകലാകാരന്‍മാര്‍ക്ക് അണിയലം, വാദ്യോപകരണങ്ങള്‍ എന്നിവ നല്‍കുന്ന പദ്ധതി പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്.

പട്ടികവര്‍ഗക്ഷേമ പദ്ധതികള്‍ക്ക് 36 ലക്ഷം

പട്ടികവര്‍ഗത്തില്‍പെട്ടവരുടെ ജനസംഖ്യ കോര്‍പറേഷന്‍ പരിധിയില്‍ കുറവാണെങ്കിലും അവരുടെ ക്ഷേമത്തിനായി 36 ലക്ഷം രൂപ നീക്കിവെക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറി, വയോജനങ്ങള്‍ക്ക് കട്ടില്‍, വാട്ടര്‍ടാങ്ക് വിതരണം, ക്രഷെ കളിലെ ശിശുക്കള്‍ക്ക് പോഷകാഹാരം, ജീവിതശൈലീ രോഗ ബാധിതര്‍ക്ക് മരുന്ന് വിതരണം എന്നിവയാണ് പ്രധാന പദ്ധതികള്‍.

മത്സ്യബന്ധന മേഖലയ്ക്ക് 1 കോടി

കണ്ണൂരില്‍ മത്സ്യബന്ധന മേഖലയില്‍ ജോലി ചെയ്തു വരുന്നവര്‍ നിരവധിയാണ്. പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ ജോലി സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി സ്കൂട്ടര്‍, ഐസ് ബോക്സ് എന്നിവ നല്‍കും. കൂടാതെ ഈ മേഖലയിലെ മറ്റൊരു പ്രധാന പദ്ധതിയാണ് മുറ്റത്തൊരു മീന്‍തോട്ടം. കൂടാതെ മത്സ്യതൊഴിലാളികളുടെ കുട്ടികള്‍ക്ക് ഫര്‍ണ്ണിച്ചര്‍, പഠനോപകരണങ്ങള്‍, കുടിവെള്ള സംഭരണത്തിനായി വാട്ടര്‍ ടാങ്ക് എന്നിവ ലഭ്യമാക്കുന്നതാണ്. ഈ പദ്ധതികള്‍ക്കായി 1 കോടി രൂപ നീക്കി വെക്കുന്നു.

കാര്‍ഷിക മേഖലയ്ക്ക് 2.2 കോടി

നമ്മെ അന്നമൂട്ടുന്നവരാണ് കര്‍ഷകര്‍. കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിന് നാം എപ്പോഴും ബദ്ധശ്രദ്ധരാണ്. നഗരനിവാസികളെ കൃഷിയോടടുപ്പിക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. കോര്‍പറേഷന്‍ പരിധിയില്‍ തരിശായി കിടക്കുന്ന പ്രദേശങ്ങള്‍ കൃഷിക്ക് ഉപയോക്തമാക്കുന്നതിന് ഉദ്ദേശിക്കുന്നു. കൂടാതെ തെങ്ങ് കൃഷി വികസനം, പൂകൃഷി, പച്ചക്കറി കൃഷി തുടങ്ങിയ കാര്‍ഷിക മേഖലയിലെ പദ്ധതികള്‍ക്കായി 2.2 കോടി രൂപ വകയിരുത്തുന്നു.

ശുചിത്വം, മാലിന്യ സംസ്ക്കരണത്തിന് 10 കോടി

കോര്‍പറേഷനിലെ 55 വാര്‍ഡുകളിലെയും ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായും കേന്ദ്രീകൃത പദ്ധതികള്‍ക്കുമായും 10 കോടി രൂപ നീക്കിവെക്കുന്നു. കോര്‍പറേഷന്‍ പരിധിയിലെ മുഴുവന്‍ വീടുകളിലും ഉറവിട മാലിന്യ സംസ്ക്കരണം നടപ്പിലാക്കുക എന്നതാണ് ലക്ഷ്യം. അതിനായി മുഴുവന്‍ വീടുകളിലും റിംഗ് കമ്പോസ്റ്റ് അടക്കമുള്ള മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ ഒരുക്കുവാനാണ് ഉദ്ദേശിക്കുന്നത്. അതോടൊപ്പം മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ തള്ളുന്നവരെ കണ്ടുപിടിക്കാനായി സ്ഥാപിച്ച ക്യാമറകളുടെ എണ്ണം ഇരട്ടിയാക്കും. ഹെല്‍ത്ത് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡിന്‍റെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തും. കൂടാതെ മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ വാഹനങ്ങള്‍ വാങ്ങുകയും ചെയ്യുന്നതാണ്. പദ്ധതികള്‍ എത്ര നടപ്പാക്കിയാലും ജനങ്ങളുടെ മനോഭാവം മാറിയാല്‍ മാത്രമെ ഇക്കാര്യത്തില്‍ നാം വിജയിക്കൂ എന്നതിനാല്‍ ബോധവല്‍ക്കരണത്തിനായും പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്.
നമ്മുടെ നഗരം ശുചിയാക്കുന്ന സാനിട്ടേഷന്‍ വര്‍ക്കര്‍മാരെ നാം പലപ്പോഴും മറന്ന് പോകുകയാണ് പതിവ്. അവരെ ബോധവല്‍ക്കരിക്കുന്നതിന് പഠനക്ലാസുകളും മെഡിക്കല്‍ ക്യാമ്പും നടത്തും. കൂടാതെ അവരുടെ കലാ-കായിക വാസനകളെ പ്രോത്സാഹിപ്പിക്കാന്‍ കലാ കായിക മത്സരങ്ങള്‍ ഉള്‍പ്പെട്ട ‘ഹെല്‍ത്ത് ഫെസ്റ്റ്’ നടത്തുന്നതാണ്. ഇതിനായി 2 ലക്ഷം രൂപ നീക്കിവെക്കുന്നു.

മൈതാനപ്പള്ളിയില്‍ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് – 124 കോടി

കേരളത്തില്‍ തദ്ദേശഭരണ സ്ഥാപനത്തിന്‍റേതായി ആദ്യമായി സ്ഥാപിക്കപ്പെട്ട മലിനജല ട്രീറ്റ്മെന്‍റ് പ്ലാന്‍റാണ് മഞ്ചപ്പാലത്തെ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് എന്നത് അഭിമാനകരമാണ്. രണ്ടാമത്തെ ഘട്ടമായി 40 മുതല്‍ 44 വരെ ഡിവിഷനുകള്‍ക്കായി മൈതാനപ്പള്ളിയില്‍ അമൃത് 2.0ല്‍ ഉള്‍പ്പെടുത്തി സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റും സ്വീവേജ് നെറ്റ്വര്‍ക്ക് ലൈനുകളും സ്ഥാപിക്കുന്നതിനായി 124 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി മുഖാന്തിരം നടപ്പാക്കുന്നതോടു കൂടി ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടു കൂടി കണ്ണൂര്‍ സിറ്റി പ്രദേശത്തെ മലിനജല പ്രശ്നത്തിന് പരിഹാരമാകുന്നതാണ്.

ഭവനപദ്ധതികള്‍ക്കായി 9.5 കോടി:

സ്വന്തമായി വീടെന്നത് എല്ലാവരുടെയും സ്വപ്നമാണ്. കോര്‍പറേഷന്‍ പരിധിയിലെ ഭൂരഹിത ഭവന രഹിതരായവര്‍ക്ക് ഭൂമി വാങ്ങുന്നതിനും വീട് വെക്കുന്നതിനുമായി പിഎംഎവൈ-ലൈഫ് പദ്ധതികള്‍ക്കുമായി 9.75 കോടി രൂപ നീക്കിവെക്കുന്നു.

പശ്ചാത്തല മേഖലയ്ക്ക് 30 കോടി:

സര്‍ക്കാറിന്‍റെ നിലപാടു മൂലം വര്‍ഷാവര്‍ഷം പശ്ചാത്തലമേഖലയിലേക്ക് നീക്കിവെക്കുന്ന തുക അതത് വര്‍ഷം പൂര്‍ണ്ണമായി വിനിയോഗിക്കുവാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. എങ്കിലും തനത് ഫണ്ട് ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി മുന്‍ വര്‍ഷങ്ങളിലായി അഞ്ഞൂറോളം പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിനും നിലവിലുള്ള റോഡുകള്‍ പരിപാലിക്കുന്നതിനും സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം പുതിയ റോഡുകളുടെ നിര്‍മ്മാണത്തിനും നിലവിലുള്ള റോഡുകളുടെ റീതാറിംഗ്, അറ്റകുറ്റപ്പണി, ഡ്രെയിന്‍ നിര്‍മ്മാണം, മറ്റ് അനുബന്ധ ജോലികള്‍ എന്നിവയ്ക്കായി 30 കോടി രൂപ നീക്കിവെക്കുന്നു.

മിയാവാക്കി വനം – 15 ലക്ഷം

വായുമലിനീകരണം അനുദിനം കൂടി വരികയാണ്. മരങ്ങളുടെ എണ്ണം വലിയ തോതില്‍ നാള്‍ക്കുനാള്‍ കുറയുകയും ചെയ്തു വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ എയര്‍ക്വാളിറ്റി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കോര്‍പറേഷന്‍റെ വിവിധ ഭാഗങ്ങളില്‍ മിയാവാക്കി വനം സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നു. ഇതിനായി 15 ലക്ഷം രൂപ നീക്കിവെക്കുന്നു.

കക്കാട് പുഴയോരത്ത് പക്ഷിസങ്കേതം – 5 ലക്ഷം

‘നല്ല മനുഷ്യന്‍ എല്ലാ ജീവജാലങ്ങളുടെയും സുഹൃത്താണ്’ എന്ന ഗാന്ധി വചനം സ്മരിച്ചുകൊണ്ട് കക്കാട് പുഴയോരത്ത് പക്ഷി സങ്കേതം സ്ഥാപിക്കുകയാണ്. ദേശീയ പ്രധാന്യമുള്ള മുണ്ടേരി പക്ഷി സങ്കേതത്തിന്‍റെ സമീപത്തായി സ്ഥിതി ചെയ്യുന്ന കക്കാട് പുഴയോരം ദേശാടന പക്ഷികളും മറ്റ് അപൂര്‍വ്വ ഇനം പക്ഷികളും ചേക്കേറുന്ന സ്ഥലമാണ്. ജൈവവൈവിധ്യ കലവറ എന്ന നിലയിലും ഈ പുഴയോരം പ്രശസ്തമാണ്. നിരവധി പക്ഷി നിരീക്ഷകരുടെ ശ്രദ്ധാകേന്ദ്രമായി മാറിയ കക്കാട് പുഴയെ പക്ഷി സങ്കേതമാക്കി മാറ്റുന്നതിന് 5 ലക്ഷം രൂപ വകയിരുത്തുന്നു.

ടൂറിസ്റ്റുകള്‍ക്കായി ഇലക്ട്രിക്ക് ബസ് സര്‍വ്വീസ് – 50 ലക്ഷം

കൊവിഡിനു ശേഷം ടൂറിസം മേഖല തിരിച്ചു വരവിന്‍റെ പാതയിലാണ്. വിദേശികളോടൊപ്പം സ്വദേശികളായ സഞ്ചാരികളും വലിയതോതില്‍ കണ്ണൂരിലെത്തുന്നുണ്ട്. കുറഞ്ഞ ചെലവില്‍ കോര്‍പറേഷനിലെയും പരിസരപ്രദേശങ്ങളിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക്ക് മിനി ബസ് സര്‍വ്വീസ് ആരംഭിക്കുന്നതാണ്. ഇതിനായി കുടുംബശ്രീ സംരംഭകരെ പ്രയോജനപ്പെടുത്തുവാനും ഉദ്ദേശിക്കുന്നു. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തുന്നു.

കടല്‍ മത്സ്യവിഭവ മേളയ്ക്ക് 2 ലക്ഷം:

ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി കടല്‍ മത്സ്യ വിഭവ മേളകള്‍ സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നു. പയ്യാമ്പലം ബീച്ചില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി സഹകരിച്ച് എല്ലാ മാസവും ഇത്തരം വിവിധ വിഭവ മേളകള്‍ സംഘടിപ്പിക്കുന്നത് ടൂറിസത്തിന് ഗുണം ചെയ്യുന്നതോടൊപ്പം സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതുമാകും. ഇതിനായി 2 ലക്ഷം രൂപ വകയിരുത്തുന്നു. ഇത് സമീപകാലത്തെ നൂതന സംരംഭങ്ങളിലൊന്നാണെന്ന് അറിയിക്കട്ടെ.

സിറ്റി ഓഫ് ഫോക് ആര്‍ട്സ് – 5 ലക്ഷം

കണ്ണൂര്‍ അറിയപ്പെടുന്നത് തറികളുടെയും തിറകളുടെയും നാടെന്നാണ്. കണ്ണൂരിനെ യുനെസ്കോയുടെ പൈതൃകപട്ടികയില്‍ ഇടംനേടുന്നതിനായി സിറ്റി ഓഫ് ഫോക് ആര്‍ട്സ് എന്ന ആശയം മുന്‍ നിര്‍ത്തി വിപുലമായ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കി വരികയാണ്. കണ്ണൂരിന്‍റെ പൈതൃകം സഞ്ചാരികളെ പരിചയപ്പെടുത്തുവാനും അതോടൊപ്പം പ്രദേശിക ഉല്‍പ്പന്നങ്ങളെ പരിചയപ്പെടുത്തുവാനും ‘ഫോക്ക് എക്സപോ’ സ്ഥിരം സംവിധാനമാക്കയ നടത്തുവാന്‍ ഉദ്ദേശിക്കുന്നു. ഒരേ സമയം ടൂറിസം വികസനത്തിനും പ്രദേശിക സംരംഭകരെ സഹായിക്കുവാനും ഇത് പ്രയോജനപ്പെടും. ഇതിനായി 5 ലക്ഷം രൂപ വകയിരുത്തുന്നു.

വാരംകടവില്‍ ഇക്കോപാര്‍ക്ക് – 5 ലക്ഷം

വാരംകടവ് പുഴയോരം പരിസ്ഥിതിക്കിണങ്ങുന്ന രീതിയില്‍ വികസിപ്പിച്ചെടുക്കുവാന്‍ ഉദ്ദേശിക്കുന്നു. നഗരത്തിന്‍റെ തിരക്കുകളില്‍ നിന്നു മാറി സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ ഒരു ഉചിതമായ സ്ഥലമാണിത്. ഇവിടം ഒരു ഇക്കോപാര്‍ക്കായി വികസിപ്പിച്ചെടുക്കുന്നതിന് വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതാണ്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 5 ലക്ഷം രൂപ നീക്കി വെക്കുന്നു.

സ്വാഗതകമാനങ്ങള്‍ക്ക് 20 ലക്ഷം
കണ്ണൂര്‍ കോര്‍പറേഷന്‍ രൂപീകരണം നടന്ന് 8 വര്‍ഷം കഴിഞ്ഞെങ്കിലും കോര്‍പറേഷനിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളില്‍ ഉചിതമായ സ്വാഗത കമാനങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടില്ല. പ്രശസ്തരായ കലാകാരന്‍മാരെകൊണ്ട് ഡിസൈന്‍ തയ്യാറാക്കി സ്വാഗത കമാനങ്ങള്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നു. ഇതിനായി സ്വകാര്യ സംരംഭകരുടെ സഹായവും തേടുന്നതാണ്. ഈ പദ്ധതിക്കായി 20 ലക്ഷം രൂപ നീക്കിവെക്കുന്നു.

തെക്കീബസാറിലും ഗാന്ധി സര്‍ക്കിളിനു സമീപവും ആധുനിക ഷോപ്പിംഗ് കോംപ്ലക്സുകള്‍ – പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം
ഏതൊരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും തനത് വരുമാനം വര്‍ദ്ധിപ്പിക്കാതെ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന നിത്യനിദാനചെലവുകളുമായി പൊരുത്തപ്പെട്ട് പോകുവാന്‍ സാധിക്കുകയില്ല. നമ്മുടെ മുന്‍ഗാമികള്‍ ദീര്‍ഘവീക്ഷണത്തോടെ ഷോപ്പിംഗ് കോംപ്ലക്സുകളും മറ്റ് വരുമാന സ്രോതസ്സുകളും നിര്‍മ്മിച്ചതിനാലാണ് തനത് വരുമാനം മികച്ച രീതിയില്‍ ലഭിച്ചു വരുന്നത്. അതില്‍ രണ്ടു കോംപ്ലക്സുകളുടെ നിലവിലെ സ്ഥിതി മോശമാണ്. പല ലൈസന്‍സികളും ഇതിനകം തന്നെ മുറികള്‍ ഉപേക്ഷിക്കുന്ന അവസ്ഥയുണ്ട്. ആയതിനാല്‍ തെക്കീബസാറിലെ ഫിഷ് മാര്‍ക്കറ്റ് കോംപ്ലക്സും ഗാന്ധിസര്‍ക്കിളിനു സമീപത്തെ എസ്ബിഐ സ്ഥിതി ചെയ്യുന്ന ഷോപ്പിംഗ് കോംപ്ലക്സും പൊളിച്ചു മാറ്റി ആധുനിക സൗകര്യങ്ങളോടെ ബഹുനില വ്യാപാര സമുച്ചയം പണിയുന്നതിന് ഉദ്ദേശിക്കുന്നു. ആയതിനുള്ള വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിനായും മറ്റ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും 50 ലക്ഷം രൂപ നീക്കിവെക്കുകയാണ്.

ചേലോറയില്‍ ഫുഡ്കോര്‍ട്ടും പെട്രോള്‍പമ്പും ഉള്‍പ്പെടെയുള്ള ഹാല്‍ട്ടിംഗ് പോയിന്‍റ് – പ്രാരംഭചെലവുകള്‍ക്ക് 8 ലക്ഷം
കണ്ണൂര്‍ എയര്‍പോര്‍ട്ട് വന്നതോടുകൂടി കണ്ണൂര്‍-മട്ടന്നൂര്‍ റോഡില്‍ ഗതാഗതം അനുദിനം വര്‍ദ്ധിച്ചു വരികയാണ്. ചേലോറ പാര്‍ക്ക് വന്നതോടൂകൂടി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കാര്‍ വിശ്രമത്തിനായി ഇവിടെ എത്തുന്നുണ്ട്. ഈ സാഹചര്യം ഉപയോഗപ്പെടുത്തുവാന്‍ ഫൂഡ്കോര്‍ട്ടും പെട്രോള്‍ പമ്പും ടോയ്ലറ്റ് കോംപ്ലക്സും ഉള്‍പ്പെടെയുള്ള നവീന രീതിയിലുള്ള ഹാള്‍ട്ടിംഗ് പോയിന്‍റ് ഇവിടെ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നു. പൊതുമേഖലയിലെ ഓയില്‍ കമ്പനികളുമായി സഹകരിച്ചാവും പെട്രോള്‍പമ്പ് സ്ഥാപിക്കുക. ഫീസിബിലിറ്റി പഠനത്തിനും പ്രാരംഭ ചെലവുകള്‍ക്കുമായി 8 ലക്ഷം രൂപ വകയിരുത്തുന്നു.

ആസ്ഥാന മന്ദിരം തുടര്‍ പ്രവര്‍ത്തികള്‍ക്ക് 10 കോടി
കോര്‍പറേഷന്‍റെ ആസ്ഥാന മന്ദിരത്തിന്‍റെ പ്രവൃത്തി ധ്രുതഗതിയില്‍ നടന്നു വരുന്നുണ്ട്. ചില പ്രശ്നങ്ങള്‍ മൂലം ഇടയ്ക്ക് പ്രവൃത്തികള്‍ നിര്‍ത്തിവെക്കുകയുണ്ടായി. ബഹു. മേയറുടെ കൃത്യമായ ഇടപെടല്‍കൊണ്ട് പ്രശ്നങ്ങള്‍ പരിഹരിച്ച് നിര്‍മ്മാണം ഇപ്പോള്‍ പൂര്‍ണ്ണതോതില്‍ നടന്നു വരുന്നുണ്ട്. ഈ വര്‍ഷം കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് കരുതുന്നു. കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായാല്‍ അടിയന്തിരമായി ഇലക്ട്രിക്കല്‍-ഇന്‍റീരിയര്‍ ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ത്ത് പുതിയ ആസ്ഥാന മന്ദിരത്തിലേക്ക് ഓഫീസ് പ്രവര്‍ത്തനം മാറ്റണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതിനായി 10 കോടി വകയിരുത്തുന്നു.

മരക്കാര്‍കണ്ടിയില്‍ ഹെല്‍ത്ത് ഡിവിഷന്‍ കാര്യാലയത്തിന് 10 ലക്ഷം
നിലവില്‍ തയ്യിലില്‍ പ്രവര്‍ത്തിക്കുന്ന ഡി ഡിവിഷന്‍ ഹെല്‍ത്ത് ഓഫീസിനായി മരക്കാര്‍കണ്ടിയില്‍ പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിക്കുവാനും ഉദ്ദേശിക്കുന്നു. ഇതിനായി 10 ലക്ഷം രൂപ വകയിരുത്തുന്നു.

ബസ്ബേകളും വെയ്റ്റിംഗ് ഷെല്‍ട്ടറുകളും – 50 ലക്ഷം
കണ്ണൂര്‍ മുനിസിപ്പാലിറ്റി ആയിരുന്ന സമയത്താണ് നഗരത്തില്‍ ആധുനികരീതിയിലുള്ള ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറുകള്‍ ബിഒടി അടിസ്ഥാനത്തില്‍ സ്ഥാപിച്ചിരുന്നത്. എന്നാല്‍ അവ ജനങ്ങള്‍ക്ക് വേണ്ടത്ര ഉപകാരപ്രദമാകുന്ന രീതിയിലല്ല നിലവിലുള്ളത്. അവയുടെ കാലവധിയും അവസാനിച്ചിരിക്കയാണ്. ആധുനിക കാലത്തിനനുസൃതമായി ആകര്‍ഷകമായ രീതിയില്‍ ബസ്ബേകളും ഷെല്‍ട്ടറുകളും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നു. എം.പി, എംഎല്‍എ ഫണ്ടുകളും പൊതുമേഖലാ സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ടുകളും കൂടി ഉപയോഗിച്ചാവും ഈ പദ്ധതിയുടെ നിര്‍വ്വഹണം. ഇതിനായി ബജറ്റില്‍ 50 ലക്ഷം രൂപ നീക്കി വയ്ക്കുന്നു.

ഓപണ്‍ജിമ്മുകള്‍ക്ക് 40 ലക്ഷം
ജീവിതശൈലീരോഗങ്ങള്‍ക്ക് അടിമപ്പെട്ടാണ് ഇന്നത്തെ മിക്കയാളുകളും ജീവിക്കുന്നത്. വ്യായാമത്തിന്‍റെ കുറവാണ് ഇതിന്‍റെ മൂലകാരണമായി വിലയിരുത്തപ്പെടുന്നത്. കൂടാതെ ജനങ്ങളുടെ കായിക മാനസിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും വ്യായാമം വളരെ ആവശ്യമാണ്. ഇതിനായി നഗരപരിധിയിലെ നാല് ഇടങ്ങളില്‍ ഓപണ്‍ജിം സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നു. ഐഎംഎ ഹാളിന് സമീപം, ചേലോറ പാര്‍ക്ക്, മരക്കാര്‍കണ്ടി സ്റ്റേഡിയം, കസാനകോട്ട എന്നീ സ്ഥലങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഈ പദ്ധതിക്കായി 40 ലക്ഷം രൂപ നീക്കിവെക്കുന്നു.

കളറാക്കാം കണ്ണൂര്‍ – നഗരസൗന്ദര്യവല്‍ക്കരണത്തിന് 3 കോടി
കണ്ണൂര്‍ നഗരസൗന്ദര്യവല്‍ക്കരണത്തിന് പലതവണ പദ്ധതികള്‍ ആവിഷ്ക്കരിച്ചെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച സിറ്റി റോഡ് ഇംപ്രൂവ്മെന്‍റ് പദ്ധതി അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ ആയത് ഇതുവരെയായി നടപ്പാക്കുവാന്‍ സാധിച്ചില്ല. നഗരസൗന്ദര്യവല്‍ക്കരണമെന്നത് ഈ കൗണ്‍സിലിന്‍റെ മുഖ്യ അജണ്ടയാണ്. പ്രഭാത് ജംഗ്ഷന്‍ മുതല്‍ പ്ലാസവരെയും കലക്ടറേറ്റ്, കലക്ടറേറ്റ് മൈതാനം, പോലീസ് മൈതാനം, സ്റ്റേഡിയം എന്നിവയ്ക്ക് ചുറ്റുമായുള്ള നടപ്പാതകള്‍ നവീകരിച്ചും കൈവരികള്‍ സ്ഥാപിച്ചും നഗരം മോടിപിടിപ്പിച്ച് നഗരസൗന്ദര്യവല്‍ക്കരണം ഈ സാമ്പത്തിക വര്‍ഷം തന്നെ നടപ്പില്‍ വരുത്തുക എന്നതാണ് ലക്ഷ്യം. ഇതോടൊപ്പം ഗാന്ധി സ്ക്വയറില്‍ നഗരത്തിന്‍റെ പ്രൗഡിക്ക് ചേര്‍ന്ന രീതിയില്‍ ക്ലോക്ക് ടവര്‍ സ്ഥാപിക്കും. ഇതിനായി 3 കോടി രൂപ മാറ്റിവെക്കുന്നു.

ഡിജിറ്റല്‍ സിറ്റി പദ്ധതി – 5 ലക്ഷം :
ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷര കോര്‍പ്പറേഷനാക്കുന്നതിനായി വിഭാവനം ചെയ്യുന്ന പദ്ധതിയാണ് ഡിജിറ്റല്‍ സിറ്റി പദ്ധതി. എല്ലാ വിഭാഗം ജനങ്ങളെയും സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരരാക്കുകയും ഒപ്പം എല്ലാ മേഖലകളെയും ഡിറ്റിറ്റൈസ് ചെയ്യുക എന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം.

കോര്‍പ്പറേഷന്‍ പരിധിയിലെ സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അതോടൊപ്പം തന്നെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സാധാരണ ആളുകള്‍ക്കും ഡിജിറ്റല്‍ സാക്ഷരത നല്‍കാന്‍ പ്രത്യേകം മോഡ്യൂള്‍ പ്രകാരം വിദ്യാഭ്യാസം നല്‍കും. ഇതിനായി എല്ലാ ഡിവിഷനുകളിലും ഡിജിറ്റല്‍ ഫെസിലിറ്റി സെന്‍ററുകള്‍ ആരംഭിക്കും. അതോടൊപ്പം കോര്‍പറേഷന്‍ ഓഫീസടക്കമുള്ള സ്ഥാപനങ്ങളെയും ഡിജിറ്റലൈസ് ചെയ്യുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ഇതിലൂടെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സിറ്റിയായി മാറാന്‍ നമുക്ക് സാധിക്കും. ഈ പദ്ധതിക്കായി 5 ലക്ഷം രൂപ നീക്കിവെക്കുന്നു.

കണ്ണൂര്‍ ഫിന്‍-സിറ്റി പദ്ധതി – 25 ലക്ഷം
കണ്ണൂര്‍ നഗരത്തെ ഫിനാന്‍ഷ്യല്‍ സിറ്റി ആക്കി ഉയര്‍ത്താന്‍ കോര്‍പ്പറേഷന്‍ ആരംഭിക്കുന്ന പദ്ധതിയാണ് ഫിന്‍ സിറ്റി പദ്ധതി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെയുള്ള വാണിജ്യ അവസരങ്ങളെ മുന്നില്‍ കണ്ടുകൊണ്ടാണ് നമ്മള്‍ ഈ പദ്ധതി വിഭാവനം ചെയ്യുന്നത് പദ്ധതിയിലൂടെ നമുക്ക് വാണിജ്യ-വ്യവസായ അവസരങ്ങളും ഒട്ടേറെ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കാന്‍ സാധിക്കും. ഈ പദ്ധതിയുടെ ഭാഗമായി ചുവടെ പറയുന്ന വിവിധ ഉപ പദ്ധതികളും നടപ്പിലാക്കുന്നതാണ്.

സ്റ്റാര്‍ട്ടപ്പ് കണ്ണൂര്‍: യുവസംരംഭകരെ പ്രോത്സാഹിപ്പാിക്കുന്നതിനായി സ്റ്റാര്‍ട്ടപ്പ് കണ്ണൂര്‍ എന്ന പദ്ധതിക്ക് രൂപം നല്‍കും. സംരംഭകരാകുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കികൊണ്ട് അവരെ സംരംഭകരാക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. ഇതിനായി യുവ സംരംഭകരെ കണ്ടെത്താന്‍ വേണ്ടി സ്റ്റാര്‍ട്ടപ്പ് ഹണ്ട് നടത്തും. അതോടൊപ്പം ഇന്‍വെസ്റ്റേഴ്സ് മീറ്റ് ഉള്‍പ്പെടെ നടത്തി യുവസംരംഭകരെ ലക്ഷ്യത്തിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതി വിഭാഗം ചെയ്യുന്നത്.

ഇന്‍ക്യൂബേഷന്‍ സെന്‍റര്‍: കോര്‍പ്പറേഷന്‍ പരിധിയിലെ സ്കൂളുകള്‍, കോളേജുകള്‍, വായനശാലകള്‍, കുടുംബശ്രീ യൂണിറ്റുകളില്‍ ഉള്‍പ്പെടെ ബിസിനസ് ഇന്‍ക്യൂബേഷന്‍ സെന്‍ററുകള്‍ ആരംഭിക്കും. യൂണിറ്റുകള്‍ ഉള്‍പ്പെടെ ബിസിനസ് ഇന്‍ക്യൂബേഷന്‍ സെന്‍ററുകള്‍ ആരംഭിക്കും. ഇതുവഴി സംരംഭകത്വ ശീലം വളര്‍ത്തിയെടുക്കാന്‍ സാധിക്കും.

ഫിന്‍ ലിറ്ററസി: നഗരത്തിന് 100% ഫിനാന്‍ഷ്യല്‍ ലിറ്ററസി കൈവരിക്കാനായി കുടുംബശ്രീ, സ്കൂളുകള്‍, കോളേജുകള്‍, വായനശാലകള്‍ തുടങ്ങിയവരെ കോര്‍ത്തിണക്കികൊണ്ട് ഫിന്‍-ലേണ്‍ എന്ന പദ്ധതി ആരംഭിക്കും.

കണ്ണൂര്‍ ഓട്ടോ ആപ്പ് – 3 ലക്ഷം
കണ്ണൂര്‍ നഗരത്തിലെ ഓട്ടോറിക്ഷകള്‍ക്ക് മതിയായ പാര്‍ക്കിംഗ് സൗകര്യമില്ല എന്നതാണ് പ്രസ്തുത മേഖലയിലെ ഏറ്റവും വലിയ പ്രതിസന്ധി. ആയത് പരിഹരിക്കുവാന്‍ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യവുമായി നഗരപരിധിക്കകത്ത് സര്‍വ്വീസ് നടത്തുന്ന എല്ലാ ഓട്ടോറിക്ഷകളെയും ബന്ധപ്പെടുത്തി കണ്ണൂര്‍ ഓട്ടോ ആപ്പ് എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്പിന് രൂപം നല്‍കുവാന്‍ ഉദ്ദേശിക്കുന്നു. ഇതിനായി 3 ലക്ഷം രൂപ നീക്കിവെക്കുന്നു.

കണ്ണൂര്‍ സൈബര്‍ വര്‍ക്ക് സ്പേസ് –
ലോകം ആഗോള ഗ്രാമമായി മാറിയ ഇക്കാലത്ത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന കണ്ണൂരുകാര്‍ക്ക് വീട്ടില്‍ നിന്നും മാറി സൗകര്യപ്രദമായ രീതിയില്‍ ജോലി ചെയ്യുന്നതിന് ഒരു സൈബര്‍ വര്‍ക്ക് സ്പേസ് സ്ഥാപിക്കുന്നതിന് ലക്ഷ്യമിടുന്നു. ഇതിനായി 10 ലക്ഷം രൂപ നീക്കിവെക്കുന്നു.

About The Author