മസാല ബോണ്ട്; ഇഡി നീക്കത്തിനെതിരെ തോമസ് ഐസകും കിഫ്ബിയും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മസാല ബോണ്ടിലെ ഫെമ നിയമലംഘനം പരിശോധിക്കാനുള്ള എൻഫോഴ്സ്മെന്റ് നീക്കം ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ഡോ ടി എം തോമസ് ഐസകും കിഫ്ബിയും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇഡി നൽകിയ സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്.

ഫെമ നിയമ ലംഘനം പരിശോധിക്കാൻ ഇഡിക്ക് അധികാരമില്ല എന്നാണ് ഹർജികളിലെ പ്രധാന വാദം. മസാല ബോണ്ട് പുറപ്പെടുവിക്കാൻ ഉള്ള തീരുമാനം എടുത്തത് കിഫ്‌ബി ഡയറക്ടർ ബോർഡാണ്. തനിക്ക് വ്യക്തിപരമായി ഉത്തരവാദിത്തമില്ലെന്നാണ് തോമസ് ഐസക്കിൻ്റെ ഹർജിയിൽ പറയുന്നത്.

നിയമ വശങ്ങൾ കൂടി പരിശോധിച്ചാണ് മസാല ബോണ്ടിന് റിസർവ് ബാങ്ക് അനുമതി നൽകിയത്. ‌‌ഇഡി നൽകിയ സമാന സ്വഭാവമുള്ള സമൻസ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയതാണെന്നും തോമസ് ഐസക്കിൻ്റെ ഹർജിയിൽ പറയുന്നു. തെളിവില്ലാതെ അന്വേഷണം നടത്തരുതെന്നും തെളിവ് ഉണ്ടെങ്കിൽ അന്വേഷണം നടത്താമെന്നുമായിരുന്നു ഹൈക്കോടതി തോമസ് ഐസകും കിഫ്ബിയും നൽകിയ ഹർജിയിൽ നേരത്തെ വ്യക്തമാക്കിയത്.

About The Author