ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നീതി ലഭിക്കണം; ധർണ്ണയുമായി മുസ്ലിംലീ​ഗ് എംപിമാർ

ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി നേതാവും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ ടി മുഹമ്മദ് ബഷീർ. വിഷയത്തിൽ നീതി നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 1991 ലെ ആരാധനാലയ സരക്ഷണ നിയമം പരിരക്ഷിക്കുക, മസ്ജിദുകൾ സംരക്ഷിക്കുക, മതേതരത്വം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എം പിമാരായ അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവർക്കൊപ്പം ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധ ധർണയും നടത്തി. പ്രതിഷേധ ധർണയുടെ ചിത്രത്തോടൊപ്പം ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

കഴിഞ്ഞ ദിവസമാണ് ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ വാരണാസി ജില്ലാ കോടതി ഉത്തരവിനെതിരെ മസ്ജിദ് ഭരണസമിതി അപ്പീൽ നൽകിയത്. മസ്ജിദ് ഭരണസമിതി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൂജയ്ക്ക് അനുമതി നൽകിയ ഉത്തരവ് റദ്ദാക്കണ‌മെന്ന് സമിതി ആവശ്യപ്പെടുകയും ചെയ്തു. മസ്ജിദ് സമിതി നൽകിയ ഹർജി ഉടൻ കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപ്പീൽ നൽകിയത്. അതേസമയം ഹിന്ദുമത വിശ്വാസികൾ ഹൈക്കോടതിയിൽ തടസ ഹർജി നൽകിയിരുന്നു.

കോടതി അനുമതി നൽകിയതിന് പിന്നാലെ വ്യാഴാഴ്ച ​ഗ്യാൻവാപിയിൽ ഹൈന്ദവ വിഭാ​ഗം ആരാധന ന‌ടത്തിയിരുന്നു. ​ഗ്യാൻവാപി മസ്ജിദിന്റെ പേരും ഹിന്ദുത്വ സംഘടനകൾ മറക്കുകയും ചെയ്തു. മാത്രമല്ല മസിജിദിന് പുറത്ത് സ്ഥാപിച്ചിരുന്ന ബോർഡിൽ ​ഗ്യാൻവാപി ക്ഷേത്രം എന്നാക്കി സ്റ്റിക്കറും ഒട്ടിച്ചു. ​ഗ്യാൻവാപി മസ്ജിദ് എന്നായിരുന്നു സൂചന ബോർഡിലുണ്ടായിരുന്നത്. ഇതോടെ മസ്ജിദിന് മുന്നിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

About The Author