2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ

2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന പ്രഖ്യാപനവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. രണ്ടാം എൻഡിഎ സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുകയാണ് ധനമന്ത്രി. വനിതാശാക്തീകരണത്തിനായി നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നുവെന്നും ഗ്രാമീണ മേഖലയിൽ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ അനുവദിച്ച വീടു‌കളില്‍ 70 ശതമാനത്തിന്റേയും ഉടമകൾ വനിതകളാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനായതും മുത്തലാഖ് നിരോധിച്ചതും നേട്ടമായി. കായികരംഗത്ത് വന്‍ പുരോഗതി കൊവരിക്കാന്‍ രാജ്യത്തിനായി. ഏഷ്യൻ പാരാ ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും പുതിയ ഉയരങ്ങൾ കീഴടക്കാൻ കായിക താരങ്ങൾക്ക് കഴിഞ്ഞു. ചെസ് ലോകകപ്പിൽ മാഗ്നസ് കാൾസനെതിരെ ഇന്ത്യയുടെ പ്രഗ്നാനന്ദ പുറത്തെടുത്ത പ്രകടനം.

എല്ലാ മേഖലയിലും സമഗ്ര വികസനമാണ് നടപ്പാക്കുന്നത്. രാജ്യത്ത് വ്യക്തിഗത വരുമാനം 50 ശതമാനം വർധിച്ചു. പണപ്പെരുപ്പം നിയന്ത്രണ വിധേയമായി. 30 കോടി മുദ്രാ ലോണുകളാണ് വനിതാ സംരംഭകർക്ക് നൽകിയത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികളുടെ പ്രവേശനം 28 ശതമാനമാണ് പത്ത് വർഷത്തിനിടെ വർധിച്ചത്.

പുതിയ സംരംഭങ്ങൾക്കുള്ള വായ്പകൾ അനുവദിച്ചു. മുദ്രാ യോജനയിലൂടെയാണ് വായ്പകൾ സാധാരണക്കാർക്ക് ലഭ്യമാക്കിയത്. രാജ്യം വ്യവസായ മേഖലയിൽ വലിയ പുരോഗതി നേടി. വിദ്യാഭ്യാസ ഗുണനിലവാരം പിഎം ശ്രീ പദ്ധതിയിലൂടെ ഉയർത്തി. 1.4 കോടി യുവാക്കൾക്കാണ് സ്കിൽ ഇന്ത്യ മിഷനിലൂടെ പരിശീലനം നൽകിയത്. 7 ഐഐടികൾ, 16 ഐഐഐടികൾ, 7 ഐഐഎമ്മുകൾ, 15 എയിംസ്, 300ലേറെ സർവകലാശാലകൾ എന്നിവ ആരംഭിച്ചു. പുതിയ 3000 ഐടിഐകളാണ് സ്ഥാപിച്ചതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

About The Author