കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടി; കേരളത്തിൻ്റെ ഹർജി മാർച്ച് 6നും 7നും സുപ്രീം കോടതി പരിഗണിക്കും

കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടിയിൽ സുപ്രീം കോടതി മാർച്ച് ആറിനും ഏഴിനും വാദം കേൾക്കും. അടിയന്തിരമായി വാദം കേള്‍ക്കണമെന്ന് കേരളം കോടതിയിൽ ആവശ്യപ്പെട്ടു. ഹര്‍ജി പിന്‍വലിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടുവെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ഹർജി പിൻവലിച്ചാൽ മാത്രമേ മറ്റ് കാര്യങ്ങൾ പരിഗണിക്കാനാകൂവെന്ന് കേന്ദ്രം ഉപാധിവെച്ചുവെന്നും കേരളം സുപ്രീം കോടതിയിൽ വ്യക്തമാക്കി. കേന്ദ്രവുമായുള്ള ചർച്ചയിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം നിരസിച്ചു. നിയമത്തിനപ്പുറം ഒന്നും ചോദിക്കുന്നില്ലെന്ന് കേരളം വ്യക്തമാക്കി. കേരളം ഉന്നയിക്കുന്നത് എല്ലാം ശരിയല്ലെന്ന് കേന്ദ്രവും കോടതിയെ അറിയിച്ചു. ചര്‍ച്ച സാധ്യമല്ലെങ്കില്‍ വിശദമായ വാദം കേള്‍ക്കാമെന്നും സുപ്രീം കോടതി പറയുകയായിരുന്നു.

നേരത്തെ കടമെടുപ്പ് പരിധി വെട്ടിക്കുറിച്ച കേന്ദ്ര നടപടിക്കെതിരെ കേരളം നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു വിഷയത്തിൽ സമവായ ചര്‍ച്ച നടത്തിക്കൂടേയെന്ന് സുപ്രീം കോടതി ഇരുകക്ഷികളോടും ചോദിച്ചത്. സുപ്രീം കോടതി നിർദ്ദേശം കേരളവും കേന്ദ്രവും അംഗീകരിക്കുകയും ഇതിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയും കേരളത്തിൻ്റെ ധനകാര്യ മന്ത്രിയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ കൂടിക്കാഴ്ചയിൽ ഇരുവിഭാഗത്തിനും സമവായത്തിലെത്താൻ സാധിച്ചില്ല.

നേരത്തെ കേസ് പരിഗണിച്ചപ്പോൾ കേരളത്തിന്റെ ധനമാനേജ്‌മെന്റിനെ കുറ്റപ്പെടുത്തി കേന്ദ്രം നൽകിയ കുറിപ്പിന് സംസ്ഥാന സർക്കാർ അക്കമിട്ട് മറുപടി നൽകിയിരുന്നു. കേരളത്തിന് വേണ്ടി അഭിഭാഷകനായ കപില്‍ സിബല്‍ ഹാജരായിരുന്നു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

About The Author