കേരളത്തിൽ വൈകാതെ ബിജെപിക്ക് ഒരു മുഖ്യമന്ത്രി ഉണ്ടാകും; കെ. സുരേന്ദ്രൻ

കേരളത്തിൽ വൈകാതെ ബിജെപിക്ക് ഒരു മുഖ്യമന്ത്രി ഉണ്ടാകുമെന്നും കേരളത്തിലെ ജനങ്ങൾ പൊറുതി മുട്ടിക്കൊണ്ടിരിക്കുന്ന കാലമാണിതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി സംസ്ഥാന കാര്യാലയം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫിനെയും യുഡിഎഫിനെയും ജനങ്ങൾ മടുത്തു കഴിഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ഗ്യാരണ്ടി എല്ലാവരിലും എത്തിക്കാനുള്ള പരിശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയൻ സർക്കാരിന് ഭരിക്കാൻ അറിയാത്തതുകൊണ്ടാണ് സംസ്ഥാനം സാമ്പത്തികമായി തകർന്നത്. അതിന് ഡൽഹിയിൽ പോയി സമരം ചെയ്തതു കൊണ്ട് കാര്യമില്ല. കേന്ദ്ര സർക്കാരിൻ്റെ കൂടുതൽ സഹായം ഇല്ലാതിരുന്നെങ്കിൽ കേരളം പട്ടിണിയായേനെ.

ജന്തർമന്തറിൽ അഴിമതിക്കാരുടെ കൂട്ടായ്മയാണ് കണ്ടത്. നിലനിൽപ്പിന് വേണ്ടിയാണ് അവർ ഒന്നിച്ചു നിൽക്കുന്നത്. മസാല ബോണ്ട് പോലെയുള്ള തലതിരിഞ്ഞ സാമ്പത്തിക നയമാണ് സംസ്ഥാനത്തിൻ്റെ സമ്പദ്ഘടന പൂർണമായും തകർത്തത്. വലിയ തട്ടിപ്പാണ് മസാല ബോണ്ടിൻ്റെ മറവിൽ തോമസ് ഐസക്കും മുഖ്യമന്ത്രിയും നടത്തിയത്. തെറ്റ് ചെയ്തത് കൊണ്ടാണ് ഐസക്ക് ഇഡിയിൽ നിന്നും ഒളിച്ചോടുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് കേരളത്തെ തകർത്തിട്ട് ദില്ലിയിൽ പോയി നാടകം കളിച്ചിട്ട് കാര്യമില്ല.

About The Author