ആലപ്പുഴ, വർക്കല നഗരസഭകൾക്ക് സ്വച്ഛ് സർവേക്ഷൺ 2023 പുരസ്‌കാരം

കേന്ദ്ര ഹൗസിംഗ്, അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയത്തിന്റെ സ്വച്ഛ് ഭാരത്മിഷന്‍-അര്‍ബന്റെ ഭാഗമായുള്ള 2023ലെ സ്വച്ഛ് സര്‍വേക്ഷണ്‍ ക്ലീന്‍ സിറ്റി പുരസ്‌കാരത്തിന് കേരളത്തില്‍ നിന്ന് ആലപ്പുഴ, വര്‍ക്കല നഗരസഭകള്‍ തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച ദില്ലിയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

ഒരു ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള വിഭാഗത്തില്‍ ആലപ്പുഴയും ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള വിഭാഗത്തില്‍ വര്‍ക്കലയും പുരസ്‌കാരത്തിന് അര്‍ഹരായി. ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സണ്‍ കെ കെ ജയമ്മ, വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ എം ലാജി എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

കേന്ദ്ര ഹൗസിംഗ്, അര്‍ബന്‍ അഫയേഴ്സ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി, കേന്ദ്ര സഹമന്ത്രി കൗശല്‍ കിഷോര്‍ എന്നിവര്‍ സംബന്ധിച്ചു. കേരളത്തില്‍ നിന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, നഗരസഭകളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

About The Author