മഥുര ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ നടത്താനുള്ള ഉത്തരവിന് സുപ്രീം കോടതി സ്റ്റേ

മഥുര കൃഷ്ണജന്മഭൂമി കേസില്‍ ഷാഹി ഈദ്ഗാഹ് പള്ളിയിലെ സര്‍വെയ്ക്കുള്ള ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. അഡ്വക്കേറ്റ് കമ്മീഷന് സര്‍വ്വേ നടത്താന്‍ അലഹബാദ് ഹൈക്കോടതി നല്‍കിയ ഉത്തരവാണ് സ്റ്റേ ചെയ്തത്. മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയില്‍ ഹൈന്ദവ വിഭാഗത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.

 

ഷാഹി ഇദ് ഗാഹ് പള്ളിയില്‍ സര്‍വ്വേ നടത്താന്‍ മൂന്നംഗ അഭിഭാഷക കമ്മീഷനെ നിയമിക്കാനായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. പള്ളിയില്‍ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും യഥാര്‍ഥ സ്ഥാനമറിയാന്‍ അഭിഭാഷക കമ്മീഷനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ശ്രീകൃഷ്ണ ജന്‍മഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹൈന്ദവ വിഭാഗം കോടതിയെ സമീപിച്ചത്. നേരത്തെ കാശി വിശ്വനാഥ ക്ഷേത്രത്തിനോടുചേര്‍ന്നുള്ള ഗ്യാന്‍വാപിപള്ളി സമുച്ചയത്തില്‍ നടത്തിയ സര്‍വേയുടെ മാതൃകയിലുള്ള പരിശോധനയാകും ഷാഹി ഈദ്ഗാഹിലും നടക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അഡ്വക്കേറ്റ് കമ്മീഷന്‍ സര്‍വെ നടത്താന്‍ അലഹബാദ് ഹൈക്കോടതി നല്‍കിയ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.

ജസ്റ്റസുമാരായ സജ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് സര്‍വ്വേ സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കില്ലെന്ന മുസ്ലീം വിഭാഗത്തിന്റെ ഹര്‍ജി അംഗീകരിച്ചാണ് സ്റ്റേ. അഡ്വക്കേറ്റ് കമ്മീഷന്റെ സര്‍വെയേക്ക് വാദിക്കുന്ന ഹൈന്ദവ വിഭാഗത്തിന്റെ ഹര്‍ജിയില്‍ വ്യകതതയില്ലെന്ന് സുപ്രീകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. സര്‍വെയ്ക്ക വേണ്ടി വാദിക്കുന്ന ഹൈന്ദവ വിഭാഗത്തിന് മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. 13.37 ഏക്കര്‍ വരുന്ന ശ്രീകൃഷ്ണജന്മഭൂമിയിലെ കത്ര കേശവ്ദേവ് ക്ഷേത്രം തകര്‍ത്താണ് മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് 1669-70 കാലത്ത് ഷാഹി ഈദ്ഗാഹ് പണിതതെന്നാണ് ഹിന്ദു വിഭാഗത്തിന്റെ അവകാശവാദം.

About The Author