രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: ജനുവരി 22ന് രാജ്യത്തെ എല്ലാ കോടതികൾക്കും അവധി നൽകണം; ബാർ കൗൺസിൽ ഓഫ് ഇന്ത്യ
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് രാജ്യത്തെ എല്ലാ കോടതികൾക്കും അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റീസിന് കത്തെഴുതി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) ചെയർമാൻ.ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) ചെയർമാൻ മനൻ കുമാർ മിശ്രയാണ് കത്ത് നൽകിയത്. ഈ ചടങ്ങ് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് മതപരവും ചരിത്രപരവും സാംസ്കാരികവുമായി പ്രാധാന്യമുള്ളതാണെന്നും അയോധ്യയിലെ മഹത്തായ രാമക്ഷേത്രത്തിന്റെ നിർമാണം പൗരന്മാർക്കിടയിൽ അഗാധമായ വികാരം ഉണർത്തുന്നതുമാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
2019 നവംബർ ഒൻപതിന്, ശ്രീരാമന്റെ ജന്മസ്ഥലം സ്ഥിരീകരിച്ച് തർക്കഭൂമിയിൽ ക്ഷേത്രം പണിയാൻ അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി, ഹിന്ദു സമൂഹത്തിന്റെ സത്യത്തിലും വിശ്വാസത്തിലും പ്രതിധ്വനിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഈ അഭ്യർഥന അങ്ങേയറ്റം സഹാനുഭൂതിയോടെ പരിഗണിക്കുകയും ജനങ്ങളുടെ വികാരവുമായി പൊരുത്തപ്പെടുന്ന രീതിയിൽ ഈ ചരിത്ര സന്ദർഭം അടയാളപ്പെടുത്താൻ ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യണമെന്ന് അഭ്യർഥിക്കുകയും ചെയ്യുന്നുവെന്നും മനൻ കുമാർ മിശ്ര കത്തിലൂടെ പറഞ്ഞു.