കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുചാട്ടം; കേസില്‍ നിര്‍ണായക പുരോഗതിയെന്ന് പ്രത്യേക അന്വേഷണ സംഘം

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് മയക്കുമരുന്ന് കേസിലെ ശിക്ഷാ തടവുകാരന്‍ ഹര്‍ഷാദ് ജയില്‍ ചാടിയ കേസില്‍ നിര്‍ണായക പുരോഗതി. ഹര്‍ഷാദ് ഉടന്‍ വലയിലാകുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം. ഹര്‍ഷാദ് ബൈക്കില്‍ രക്ഷപ്പെട്ടത് കണ്ണൂര്‍ക്കാരനായ സുഹൃത്തിന്‍റെ കൂടെയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഹര്‍ഷാദിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഇവര്‍ സഞ്ചരിച്ച ബൈക്ക് ബെംഗളൂരു സിറ്റിയില്‍നിന്ന് കണ്ടെത്തിയിരുന്നു. ബെംഗളൂരു സിറ്റിക്കടുത്ത് കടയില്‍നിന്നാണ് ഇവര്‍ ബൈക്ക് വാടകയ്ക്കെടുത്തത്. സുഹൃത്ത് തന്നെയാണ് ബൈക്ക് വാടകയ്ക്ക് എടുത്തതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ ഹര്‍ഷാദ് ബെംഗളൂരുവില്‍ തന്നെയുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. എസിപി ടികെ രത്നകുമാര്‍, ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ പിഎ ബിനു മോഹന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബെംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുന്നത്.

ഹര്‍ഷാദ് വെല്‍ഫെയര്‍ ഓഫീസിലുളള ഡ്യൂട്ടിയുടെ ഭാഗമായി ജയിലിലേക്ക് വന്ന പത്രക്കെട്ടുകള്‍ എടുക്കുന്നതിനായി 14ന് പുലര്‍ച്ചെ ജയില്‍ കവാടത്തില്‍ പോയപ്പോഴാണ് അവിടെ നിര്‍ത്തിയിട്ട കൂട്ടാളിയുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ടത്. ഒരാഴ്ച്ച മുന്‍പ് നടന്ന സംഭവത്തില്‍ പ്രതിയെ ഇതുവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

കണ്ണവം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്ന് മയക്കുമരുന്ന് കടത്തവെയാണ് ഹര്‍ഷാദിനെ പോലീസ് പിടികൂടിയത്. ഈ കേസില്‍ ഇയാളെ വടകര നാര്‍ക്കോട്ടിക്ക് കോടതി പത്തുവര്‍ഷം തടവിന് ശിക്ഷിച്ചു. ഇതേതുടര്‍ന്ന്, ഒരു വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് ജയില്‍ ചാട്ടം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവനക്കാരുടെ കുറവ് കാരണമാണ് അന്തേവാസികളെ വിവിധ സ്ഥലങ്ങളില്‍ ഡ്യൂട്ടിക്കായി നിയോഗിക്കുന്നതെന്നാണ് തടവുകാരന്‍ ജയില്‍ ചാടിയതിനെ കുറിച്ച് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് ജയില്‍ ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിലുളളത്.

About The Author