വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

റിപ്പബ്ലിക് ദിനാഘോഷം; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സല്യൂട്ട് സ്വീകരിക്കും

കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ രജിസ്ട്രേഷന്‍-പുരാവസ്തു- മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി രാവിലെ ഒമ്പത് മണിക്ക് ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. 9.05ന് മാര്‍ച്ച് പാസ്റ്റ് ആരംഭിക്കും. പരേഡില്‍ 33 പ്ലാറ്റൂണുകള്‍ അണിനിരക്കും. പൊലീസ് -നാല്, എക്സൈസ്-ഒന്ന്, എന്‍സിസി -ആറ്, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് -10, എസ് പി സി -ആറ്, ജൂനിയര്‍ റെഡ് ക്രോസ് -ആറ് എന്നിങ്ങനെയാണ് പരേഡില്‍ പ്ലാറ്റൂണുകള്‍ അണിനിരക്കുക. വിവിധ വകുപ്പുകളുടെ പ്ലോട്ടുകളും ഒരുക്കും. പരേഡിന്റെ റിഹേഴ്‌സല്‍ ജനുവരി 20, 22, 23, 24 തീയതികളില്‍ നടന്നു. വിവിധ വകുപ്പുകളുടെ പ്ലോട്ടുകളും അണി നിരക്കും. പോലീസ്, എക്സൈസ്, ഫോറസ്റ്റ്, ആര്‍ടിഒ, കണ്ണൂര്‍ താലൂക്ക് ഓഫീസ്, ആരോഗ്യവകുപ്പ് തുടങ്ങിയവയുടെ പ്ലോട്ടുകളാണുണ്ടാവുക. ദേശഭക്തിഗാനം, ദേശീയഗാനം, മറ്റ് കലാപരിപാടികള്‍ എന്നിവ അരങ്ങേറും.

എരഞ്ഞോളി പുഴയോര സൗന്ദര്യവല്‍ക്കരണ പദ്ധതി ഉദ്ഘാടനം വെള്ളിയാഴ്ച

എരഞ്ഞോളി പുഴയോര സൗന്ദര്യവല്‍ക്കരണ പദ്ധതി ഉദ്ഘാടനം ജനുവരി 26 വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. എരഞ്ഞോളി പാലത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അധ്യക്ഷത വഹിക്കും. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 99.90 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയത്. നടപ്പാത, ഇരിപ്പിടങ്ങള്‍, കഫ്റ്റീരിയ, അലങ്കാര വിളക്കുകള്‍ എന്നിവയാണ് ഒരുക്കിയത്. ഉദ്ഘാടന ശേഷം മയ്യില്‍ കാവിന്മൂല നന്തൂടി കലാസംഘത്തിന്റെ കാവേറ്റം നാടന്‍പാട്ട് അരങ്ങേറും.

എന്യൂമറേറ്റര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

മൈക്രോ പ്ലാന്‍ പദ്ധതി നടപ്പിലാക്കുന്നതിന് തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയിലുള്ള പട്ടിക വര്‍ഗക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ എന്യൂമറേറ്ററെ നിയമിക്കുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 29ന് രാവിലെ 10.30ന് ഓഫീസില്‍ നടക്കും. പ്ലസ്ടു യോഗ്യതയുള്ള  തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയിലുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9496070401.

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2024-25 അധ്യയന വര്‍ഷത്തെ അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗം, പട്ടികജാതി, നിശ്ചിത ശതമാനം മറ്റ് സമുദായങ്ങള്‍ എന്നിവയില്‍പ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയോ അതില്‍ താഴെയോ ആകണം.
വിദ്യാര്‍ഥിയുടെ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, സമുദായം, കുടുംബ വാര്‍ഷിക വരുമാനം, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേര് തുടങ്ങിയ വിവരങ്ങളടങ്ങിയ നിശ്ചിത മാതൃകയിലുള്ള അപേക്ഷ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം ഫെബ്രുവരി 20നകം ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ഐ ടി ഡി പി ഓഫീസിലോ എത്തിക്കണം. ഫോണ്‍: 0497 2700357.

ടോപ് ക്ലാസ് സ്‌കോളര്‍ഷിപ്പ്: തീയതി നീട്ടി

സംസ്ഥാനത്തെ ടോപ് ക്ലാസ് സ്‌കൂളുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാലയങ്ങളില്‍ ഒമ്പത്, 11 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒബിസി, ഇബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന  ടോപ് ക്ലാസ് എജുക്കേഷന്‍ ഫോര്‍ ഒബിസി, ഇബിസി, ഡിഎന്‍ടി പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജനുവരി 31വരെ നീട്ടി. അപേക്ഷകള്‍ സ്‌കൂളുകളില്‍ പരിശോധിക്കുന്നതിനും ഇതിലെ ന്യൂനതകള്‍ പരിഹരിച്ച് സമര്‍പ്പിക്കുന്നതിനുമുള്ള തീയതി ഫെബ്രുവരി 15ലേക്കും ജില്ലാ തലത്തില്‍ പരിശോധിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 26ലേക്കും നീട്ടിയതായി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ https://scholarships.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495 2377786.

താല്‍ക്കാലിക ഡോക്ടര്‍ നിയമനം

ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളില്‍ അഡ്ഹോക്ക് വ്യവസ്ഥയില്‍ താല്‍ക്കാലിക ഡോക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത: എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷന്‍.
ഉദ്യേഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡാറ്റയും സഹിതം ഫെബ്രുവരി ഒന്നിന് രാവിലെ 10.30നകം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2700194.

അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ നിയമനം

ജില്ലയിലെ ഇ എസ് ഐ ആശുപത്രി/ ഡിസ്‌പെന്‍സറികളിലേക്ക് അസിസ്റ്റന്റ്  ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകളില്‍ നിയമനം നടത്തുന്നു. കോഴിക്കോട് മാങ്കാവുള്ള ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ഫെബ്രുവരി 13ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തും. താല്‍പര്യമുള്ളവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, ടി സി എം സി രജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, സമുദായ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പുമായി ഹാജരാകണം. ഫോണ്‍: 0495 2322339.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തളിപ്പറമ്പ് താലൂക്കിലെ പനങ്ങാട്ടൂര്‍ ശ്രീവേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ്  നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസിലും  മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റായ www.malabardevaswom.kerala.gov.in ലും തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 24ന് വൈകീട്ട് അഞ്ച് മണിക്കകം നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

ഗതാഗതം നിരോധിച്ചു

പുറക്കുന്ന് – പേരൂല്‍ – കാനായി – നരീക്കംവള്ളി റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 27 വരെ വാഹനഗതാഗതം തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസി.എക്സി.എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ പയ്യന്നൂര്‍ അമ്പലത്തറ – കാനായി – മണിയറവയല്‍ വഴിയും ചെറുതാഴം കുറ്റൂര്‍ – പെരിങ്ങോം റോഡിലൂടെയും പോകണം.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

ചീമേനി ഐ എച്ച് ആര്‍ ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നു. ജനുവരി 29ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കും. അതാത് വിഷയങ്ങളില്‍  പി ജി, നെറ്റ്, പി എച്ച് ഡി, എം ഫില്‍ എന്നിവയാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരേയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാവുക. ഫോണ്‍ :  8547005052

അക്കൗണ്ടിങ് കോഴ്‌സുകള്‍

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ വിവിധ അക്കൗണ്ടിങ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് വിത്ത് സെപ്ഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിങ് എന്നിവയാണ് കോഴ്‌സുകള്‍.   ഫോണ്‍: 0460 2205474,  8589815706.

സീറ്റ് ഒഴിവ്

കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ ടാലി ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്  മാനേജ്‌മെന്റ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് എന്നീ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്..ഫോണ്‍: 0490  2321888, 9400096100.

മിനി ജോബ് ഫെയര്‍

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് ജനുവരി 29, 30 തീയതികളില്‍ രാവിലെ 10  മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.
ഫര്‍മസിസ്റ്റ്, അബാക്കസ് ടീച്ചര്‍, വേദിക് മാത്‌സ് ടീച്ചര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍-അക്ഷയ സേവാ കേന്ദ്രം, ഓഫീസ് ബോയ്, എച്ച് ആര്‍ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, കെമിസ്റ്റ്-മെയില്‍, ഐടിഐ ടെര്‍ണര്‍-മെയില്‍, ബാക് ഓഫീസ് അസിസ്റ്റന്റ്, ഫോട്ടോഗ്രാഫര്‍, ബിസിനസ് കോ ഓര്‍ഡിനേറ്റര്‍, സെയില്‍സ് അസ്സോസിയേറ്റ് എന്നിവയിലാണ് ഒഴിവുകള്‍.
യോഗ്യത: ഡി ഫാം, ബി ഫാം, ഡിഗ്രി, പി ജി, പ്ലസ് ടു, ഐടിഐ ടര്‍ണര്‍, ബിഎസ്‌സി കെമിസ്ട്രി. താല്‍പര്യമുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0497 2707610, 6282942066.

രേഖകള്‍ ഹാജരാക്കണം

കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ അംഗങ്ങളുടെയും ആധാര്‍, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ വിവരങ്ങള്‍ ഓഫീസില്‍ ഹാജരാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0497 2706806.

ക്വട്ടേഷന്‍

ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സ്റ്റേറ്റ് നിര്‍ഭയ സെൽ  എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആയോധന പരിശീലന പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്കുള്ള ടീഷര്‍ട്ട് തയ്യാറാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.  ജനുവരി 31ന് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0490 2967199.

ടെണ്ടര്‍

ഇരിട്ടി ആശുപത്രിയില്‍ അടുത്ത വര്‍ഷത്തേക്ക് ലാബ് റീഏജന്റ് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ഫെബ്രുവരി ഒമ്പതിന് രാവിലെ 10.30വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0490 2493180.

About The Author