വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

സംസ്ഥാന ബഡ്സ് കലോത്സവം ‘തില്ലാന’ 20 മുതല്‍

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായുള്ള സംസ്ഥാന കലോത്സവം ‘തില്ലാന’ ജനുവരി 20, 21 തീയതികളില്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ നടക്കും. 20ന് രാവിലെ 10 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. 18 ഇനങ്ങളിലായി 296 കലാകാരന്മാര്‍ മാറ്റുരയ്ക്കും. ലളിതഗാനം, നാടന്‍പാട്ട്, നാടോടി നൃത്തം, മിമിക്രി, പ്രച്ഛന്നവേഷം, ഉപകരണ സംഗീതം- ചെണ്ട ആന്റ് കീബോര്‍ഡ്, പെയിന്റിംഗ് (ക്രയോണ്‍സ്), പെന്‍സില്‍ ഡ്രോയിംഗ്, എംബോസ് പെയിന്റിംഗ് തുടങ്ങിയ വ്യക്തിഗത ഇനങ്ങളും സംഘനൃത്തം, ഒപ്പന എന്നീ ഗ്രൂപ്പിനങ്ങളുമാണുള്ളത്. ബഡ്‌സ് സ്ഥാപനങ്ങളുടെ തീം സ്റ്റാളും, കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയും ഒരുക്കും.
കലോത്സവത്തിന്റെ ഭാഗമായി 18ന് ഉച്ചയ്ക്ക് 3.30ന് മുഴപ്പിലങ്ങാട് ബീച്ചില്‍ ബലൂണ്‍ പറത്തല്‍ നടക്കും. ബഡ്‌സ് സ്‌കൂള്‍ അധ്യാപകര്‍ക്കായി ഡിജിറ്റല്‍ പോസ്റ്റര്‍ രചന മത്സരവും പൊതുജനങ്ങള്‍ക്കായി പ്രവചന മത്സരവും നടത്തും. സമാപന സമ്മേളനം ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാന വിതരണവും 21ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വ്വഹിക്കും. ബ്രണ്ണന്‍ കോളേജില്‍ കലാകാരന്മാരുടെ ചിത്രരചന കൂട്ടായ്മ വരക്കൂട്ടവും, ഫ്‌ളാഷ് മോബും വര്‍ണ്ണാഭമായ വിളംബര ഘോഷയാത്രയും കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മിനിഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്, മീഡിയ കമ്മിറ്റി വൈസ് ചെയര്‍മാന്‍ സെല്‍വന്‍ മേലൂര്‍, കുടുംബശ്രീ അസി. ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പി ഒ ദീപ, അസി. പ്രോഗ്രാം മാനേജര്‍ ഡാനിയല്‍ ലിബിനി പങ്കെടുത്തു.

സര്‍വ്വീസ് സ്റ്റോറി മത്സരം: സമ്മാനദാനം 19ന്

ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി സംഘടിപ്പിച്ച സര്‍വ്വീസ് സ്റ്റോറി-അനുഭവക്കുറിപ്പ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം വെള്ളിയാഴ്ച (ജനുവരി 19) നടക്കും. വൈകിട്ട് 3.30 ന് കലക്ടറേറ്റിലെ പിആര്‍ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
ജീവനക്കാരുടെ വിഭാഗത്തില്‍ ജിഎസ്ടി പ്രിവന്റീവ് ഓഫീസര്‍ സുകുമാരന്‍ കുഞ്ഞിമംഗലം ഒന്നാം സ്ഥാനവും കീഴല്ലൂര്‍ പിഎച്ച്സി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാബുരാജ് അയ്യല്ലൂര്‍ രണ്ടാം സ്ഥാനവും കണ്ണാടി വെളിച്ചം എഫ്എച്ച്സി നഴ്സിങ്ങ് ഓഫീസര്‍ ടി പ്രസന്നകുമാരി മൂന്നാം സ്ഥാനവും നേടി.
അധ്യാപകരുടെ വിഭാഗത്തില്‍ കെ എം സരസ്വതി (ഗവ. യു പി എരുവേശ്ശി), ഒ സി ബേബി ലത (എച്ച്എം, ദേശമിത്രം യുപി, ചേടിച്ചേരി) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് അര്‍ഹമായത്.

ലെയ്‌സണ്‍ ഓഫീസര്‍ സേവനം

ജില്ലാ പഞ്ചായത്ത് ഇന്‍വെസ്റ്റേഴ്‌സ് ഡെസ്‌ക്കിന്റെ നേതൃത്വത്തില്‍ ലെയ്‌സണ്‍ ഓഫീസറെ നിയമിക്കുന്നു. 50 ലക്ഷം രൂപക്ക് മുകളില്‍ മുതല്‍ മുടക്കുള്ള പ്രൊജക്ടുകള്‍ക്ക് ലെയ്‌സണ്‍ ഓഫീസര്‍ സേവനം ആവശ്യമുള്ള സംരംഭകര്‍ ജില്ലാ പഞ്ചായത്തില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. ഇ മെയില്‍: kannurdpinvestorsdesk@gmail.com.

കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍

കെല്‍ട്രോണ്‍ തളിപ്പറമ്പ് നോളജ് സെന്ററില്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്നിക്സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജി, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ വേഡ് പ്രൊസസിങ് ആന്റ് ഡാറ്റാ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍, അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈന്‍ എന്നിവയിലാണ് അപേക്ഷ ക്ഷണിച്ചത്. ഫോണ്‍: 0460 2205474, 2954252.

ഭരണസമിതി യോഗം 19ന്

ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ജനുവരി 19ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.

 
ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ്

കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ് എന്നീ കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9072592412, 9072592416.

‘സ്‌മൈല്‍ 2024’ യോഗം 18നും 19നും

എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ ഉന്നത വിജയം കൈവരിക്കുന്നതിനായി ജില്ലയിലെ സ്‌കൂളുകളില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘സ്‌മൈല്‍ 2024’ പദ്ധതിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള യോഗം ജനുവരി 18, 19 തീയതികളില്‍ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. 18ന് ഉച്ചയ്ക്ക് രണ്ടിന് ഹൈസ്‌കൂളുകളിലെ പ്രധാന അധ്യാപകരും പിടിഎ പ്രസിഡണ്ടുമാരും 19നു രാവിലെ 11ന് ഹയര്‍സെക്കണ്ടറി, വൊക്കേഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരും പങ്കെടുക്കണം.

 
പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 29ന്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട ‘നിധി താങ്കള്‍ക്കരികെ ജില്ലാ വ്യാപന പദ്ധതി’ ഗുണഭോക്താക്കള്‍ക്കായുള്ള പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ജനുവരി 29ന് നടക്കും. നീലേശ്വരം തെരു റോഡ് വ്യാപാരഭവന്‍, തളിപ്പറമ്പ് ചിറവക്കിലുള്ള വ്യാപാരഭവന്‍ എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് പരിപാടി. ഇപിഎഫ് അംഗങ്ങള്‍, തൊഴിലുടമകള്‍, ഇ പി എസ് പെന്‍ഷണര്‍മാര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം എത്തിച്ചേരണം. ഫോണ്‍: 0497 2712388.

തടികള്‍ വില്‍പനക്ക്

വനംവകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ വില്‍പന ജനുവരി 25ന് നടക്കും. കണ്ണവം റേഞ്ച് 1957, 1959, 1960 തേക്ക് തോട്ടങ്ങളില്‍ നിന്നും ശേഖരിച്ച വിവിധ ക്ലാസില്‍പെട്ട തേക്ക് തടികള്‍ വില്‍പനക്കുണ്ട്. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയിലും രജിസ്ട്രേഷന്‍ നടത്താം. രജിസ്ട്രേഷന്‍ നടത്തുന്നതിന് പാന്‍കാര്‍ഡ്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ-മെയില്‍ വിലാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ സഹിതം ഗവ. ടിമ്പര്‍ ഡിപ്പോയില്‍ ഹാജരാകണം. ഫോണ്‍: 0490 2302080, 9562639496.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 24ന്

സി-ഡിറ്റിന്റെ ഇ ഗവേണന്‍സ് ഡിവിഷന്‍ നടത്തുന്ന പ്രൊജക്ടിലേക്ക് നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജനുവരി 24ന് രാവിലെ 11 മണിക്ക് തിരുവന്തപുരം സി ഡിറ്റ് സിറ്റി സെന്റര്‍, എറണാകുളം സി ഡിറ്റ് റീജിയണല്‍ സെന്റര്‍, കണ്ണൂര്‍ റബ്‌കോ ഹൗസിലെ സി ഡിറ്റ് റീജിയണ്‍ സെന്റര്‍ എന്നിവിടങ്ങളില്‍ വാക്ക് ഇന്റര്‍വ്യൂ നടക്കും. നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ യോഗ്യത- ബി ടെക്ക്/ ബി ഇ(സി എസ്/ഐ ടി)/ എം സി എ, മൂന്ന് വര്‍ഷം പ്രവൃത്തി പരിചയം. അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ യോഗ്യത-എഞ്ചിനീയറിങ് ഡിപ്ലോമ ഇന്‍ ഐ ടി/ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്/ ബി സി എ/ ബി എസ് സി(സി എസ്), ഒരു വര്‍ഷം പ്രവൃത്തി പരിചയം. പ്രായപരിധി 35 വയസ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം എത്തിച്ചേരണം. വെബ്‌സൈറ്റ്: www.careers.cdit.org ഫോണ്‍: 9895788311.

ലേലം

പൊതുമരാമത്ത് വകുപ്പ് പ്രത്യേക കെട്ടിട ഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിന് കീഴിലെ പി ഡബ്ല്യു ഡി കോമ്പൗണ്ടിലും പമ്പ് ഹൗസിന് സമീപവും മുറിച്ചിട്ട വിറക് തടികള്‍ ജനുവരി 23ന് രാവിലെ 11 മണിക്ക് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ലേലം ചെയ്യും.

ടെണ്ടര്‍
കണ്ണൂര്‍ ഡിവിഷന്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ കാര്യാലയത്തിലേക്ക് കരാറടിസ്ഥാനത്തില്‍ ഫോര്‍ വീലര്‍ വാഹനം ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഏഴ് ഉച്ചക്ക് രണ്ട് മണി വരെ. ഫോണ്‍. 0497 2708125, 2700841. ഇ മെയില്‍: spkannur.keralapost@gmail.com.

പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ മെഡിസിന്‍, ലാബ് ടെസ്റ്റ്, ലാബ് റീ ഏജന്റ്സ്/ കണ്‍സ്യൂമബിള്‍സ്, പ്രിന്റിങ് എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 29ന് വൈകിട്ട് അഞ്ച് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0490 2445355.

ജില്ലാ പ്രൊബേഷന്‍ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ എ സി കാര്‍ ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 25ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0490 2344433.

About The Author