മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് ഒരുങ്ങി ; പ്രവൃത്തി അവസാന ഘട്ടത്തിലേക്ക്

കണ്ണൂർ ജില്ലയുടെ യാത്രാ ദുരിതത്തിന് പരിഹാരമായി മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് പ്രവൃത്തി അവസാന ഘട്ടത്തിലേക്ക്. ഇനി പൂർത്തീകരിക്കാനുളളത് മാഹി – അഴിയൂർ റെയിൽവെ മേൽപ്പാലത്തിൻ്റെ പ്രവൃത്തി മാത്രമാണ്. ഇതിൻ്റെ 90 ശതമാനം നിർമാണവും കഴിഞ്ഞതായി കരാർ കമ്പനി അധികൃതർ അറിയിച്ചു. ബാലം പാലത്തിന് മുകളിൽ സ്ലാബുകളുടെ കോൺക്രീറ്റ് നടന്നുവരികയാണ്. തുടർന്ന്, എക്സ്പാൻഷൻ യോജിപ്പിച്ച് ടാറിങ് ജോലി തീർക്കണം. അവസാനഘട്ട മിനുക്ക് പണി മാത്രമാണ് ഇനിയുള്ളത്.

കൊളശേരിക്കും ബാലത്തിനുമിടയിൽ ടോൾ പ്ലാസ സ്ഥാപിച്ചു . ഫാസ്റ്റ് ടാഗ് സംവിധാനം വഴിയാണ് ടോൾ അടയ്ക്കേണ്ടത്. ഇതിനുള്ള ക്യാമറ ഉൾപ്പെടെയുള്ളവ സ്ഥാപിക്കുന്ന പ്രവൃത്തിയും പെയിൻ്റിങ് ജോലിയുമാണ് പുരോഗമിക്കുന്നത്. ആറുവരിപാതയിലൂടെ എത്തുന്ന വാഹനങ്ങൾ ടോൾ പ്ലാസയിലുടെ രണ്ടുവരിയായി കടന്നുപോകണം. ഇതു ഗതാഗത തടസമുണ്ടാക്കുമോയെന്ന ആശങ്ക നാട്ടുകാർക്കുണ്ട്. എന്നാൽ, താത്കാലികമായാണ് ഇവിടെയുള്ള ടോൾ പിരിവെന്നാണ് സൂചന. ഓട്ടോമാറ്റിക്ക് നമ്പർ പ്ലേറ്റ് ( എഎൻപിആർ) ക്യാമറകൾ ഉപയോഗിച്ച് ദേശീയ പാതയിലൂടെ സഞ്ചരിച്ച ദൂരത്തിന് മാത്രം തുക ഈടാക്കുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്.

ടോൾ പ്ലാസയിൽ വെളിച്ചം ലഭിക്കുന്നതിനായി പാതയിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൻ്റെ ഇരുഭാഗത്തുമുള്ള 80 ലൈറ്റുകൾക്ക് പുറമേ അടിപ്പാതകളിലും വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. പാത ഒട്ടാകെ തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടില്ല. ഇതു അവസാന ഘട്ടത്തിൽ സ്ഥാപിക്കും. പെരുമ്പാവൂരിലെ ഇകെ കെ കമ്പനിയാണ് കരാറുകാർ. റോഡുകൾ അടിപ്പാതകൾ, പെയിൻ്റിങ് മീഡിയൻ നിർമാണം, ക്രഷ് ബാരിയർ എന്നിവയെല്ലാം നിർമിച്ചു കഴിഞ്ഞു.

ഈസ്റ്റ് പള്ളൂരിലെ സിഗ്നൽ ലൈറ്റുകൾ കെൽട്രോൺ കമ്പനിയാണ് സ്ഥാപിച്ചത്. പ്രവൃത്തി മുഴുമിപ്പിക്കേണ്ട രണ്ടിടങ്ങളിലും മിഷനറി വർക്കാണ് കൂടുതൽ മുഴപ്പിലങ്ങാട് ടോൾ ബൂത്തിന് സമീപത്തു നിന്നുമാരംഭിച്ച് മാഹി അഴിയൂർ ഗവ. എച്ച്എസ്എസ് സ്കൂൾ വരെ ദുരത്തിലുള്ളതാണ് പാത തലശേരി, മാഹി പട്ടണങ്ങളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കിൽ അകപ്പെടാതെ മുഴപ്പിലങ്ങാടുനിന്ന് അഴിയൂരിൽ 20 മിനിറ്റുകൊണ്ടു വാഹനങ്ങൾക്ക് എത്തിച്ചോരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

About The Author