നികുതിഭരണ സംവിധാനം പരാജയം, പ്രതിസന്ധിക്ക് പ്രധാന കാരണം കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍: റോജി എം ജോണ്‍

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിയമസഭയില്‍ ചർച്ച തുടങ്ങി. രണ്ട് മണിക്കൂർ സഭ നിർത്തിവെച്ചാണ് ചർച്ച. സർക്കാർ ചെയ്യേണ്ട കാര്യം ചെയ്യാതെ കൈ കെട്ടി ഇരിക്കുകയാണെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച് റോജി എം ജോൺ എംഎൽഎ വിമർശിച്ചു.

സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലാണ്. സർക്കാർ 26,000 കോടിയോളം രൂപ കുടിശ്ശിക നല്‍കാനുണ്ട്. സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം നികുതി ഭരണ സംവിധാനത്തില്‍ സർക്കാർ പൂര്‍ണമായും പരാജയപ്പെട്ടതാണ്. നികുതി പിരിവില്‍ കാര്യമായ വര്‍ധന ഇല്ലെന്ന് ധന മന്ത്രി തന്നെ സമ്മതിച്ചതാണ്. പിരിവിന്റെ വളര്‍ച്ച ദേശീയ ശരാശരിയിലും കുറവാണ്. ജിഎസ്ടി നടപ്പാക്കുന്നതില്‍ തോമസ് ഐസക് തുള്ളിച്ചാടി. ആറു വര്‍ഷം കഴിഞ്ഞ ശേഷമാണ് നികുതി വകുപ്പില്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറായത്. നികുതി പിരിക്കേണ്ടവരെ സ്‌പോണ്‍സര്‍ഷിപ്പ് പിരിക്കാന്‍ ഏല്പിച്ചുവെന്നും റോജി എം ജോണ്‍ വിമർശിച്ചു.

സ്പോൺസർഷിപ്പ് നൽകിയവരിൽ നികുതി കുടിശിക വരുത്തിയവർ എത്ര പേരുണ്ടെന്ന് പുറത്തു വിടാൻ സർക്കാർ തയ്യാറുണ്ടോയെന്നും റോജി എം ജോണ്‍ ചോദിച്ചു. സ്വർണ വില്പനയുടെ 20 ശതമാനത്തിന് പോലും നികുതി ഈടാക്കാൻ കഴിയുന്നില്ല എന്നാണ് പഠനം. സർക്കാർ ചെയ്യേണ്ട കാര്യം ചെയ്യാതെ കൈ കെട്ടി ഇരുന്നു. പ്രതിസന്ധിയുടെ പേരിൽ നികുതിയും, സെസും കൂട്ടി. ഇന്ധന സെസ് മൂലം ഇന്ധന ഉപഭോഗം കുറഞ്ഞു. ഇന്ധന സെസ് പിൻവലിക്കാൻ തയ്യാറാകണം. ക്ഷേമ പെൻഷൻ നൽകാതെയാണ് വലിയ ഇടത്പക്ഷ ബദൽ എന്ന് പറയുന്നതെന്നും പ്രതിപക്ഷം വിമർശിച്ചു.

കേന്ദ്രത്തെ കാണുമ്പോൾ കവാത്ത് മറക്കുന്നവരല്ല പ്രതിപക്ഷം. കശ്മീർ മുതൽ കന്യാകുമാരി വരെ കേന്ദ്രത്തിന് എതിരെ ജാഥ നടത്തിയവരാണ് പ്രതിപക്ഷമെന്നും റോജി എം ജോൺ പറഞ്ഞു.

About The Author