ജില്ലാതല സമ്മതിദായക ദിനാഘോഷം; മുഴുവന്‍ വോട്ടര്‍മാരെയും പോളിങ് ബൂത്തിലെത്തിക്കാനാകണം: പി പി കുഞ്ഞികൃഷ്ണന്‍

മുഴുവന്‍ വോട്ടര്‍മാരെയും പോളിങ് ബൂത്തിലെത്തിച്ച് ജനാധിപത്യത്തിന്റെ ഭാഗമാക്കാനാകണമെന്ന് സിനിമാ നടന്‍ പി പി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ജില്ലാ ഇലക്ഷന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല സമ്മതിദായക ദിനാഘോഷം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ 70 ശതമാനമൊക്കെയാണ് പലപ്പോഴും പോളിങ്. വോട്ട് രേഖപ്പെടുത്താത്തതില്‍ കൂടുതല്‍ പേരും യുവാക്കളാണ്. 25 ശതമാനത്തോളം യുവാക്കള്‍ വോട്ട് രേഖപ്പെടുത്താറില്ലെന്നാണ് കണക്കുകള്‍. ഇതില്‍ പലരും വോട്ടര്‍ പട്ടികയില്‍ പോലുമില്ല. പഠനത്തിനോ ജോലിക്കോ വിദേശത്തായതിനാല്‍ വോട്ട് ചേര്‍ക്കുമ്പോഴോ തെരഞ്ഞെടുപ്പ് നടക്കുമ്പോഴോ ഇവര്‍ നാട്ടില്‍ ഇല്ലാത്തതാണ് ഇതിന് കാരണം. പണ്ടുകാലത്ത് വോട്ട് ചേര്‍ക്കല്‍ ഏറെ പ്രയാസമായിരുന്നു. എന്നാല്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം കൊണ്ട് ഇന്നത് എളുപ്പമായി. കള്ളവോട്ട് ഇല്ലാതാക്കണെമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിനിമാ അഭിനേതാക്കളെ സ്റ്റാര്‍ എന്നാണ് പറയാറ്. നക്ഷത്രങ്ങളിരിക്കുന്നത് ആകാശത്താണ്. പക്ഷെ മണ്ണില്‍ ചവിട്ടി നടന്ന് മനുഷ്യരുമായി സംവദിക്കുമ്പോഴേ യഥാര്‍ഥ കലാകാരനാകു. ജനങ്ങള്‍ തന്നെയാണ് നടന്‍മാര്‍ക്ക് താരപരിവേഷം നല്‍കുന്നത്. സത്യത്തില്‍ അതിന്റെ ആവശ്യമില്ല. സിനിമയില്‍ അഭിനയിച്ചത് കൊണ്ട് എല്ലാം തികഞ്ഞുവെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും പി പി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷത വഹിച്ചു. വോട്ടേഴ്സ് ദിനത്തോടനുബന്ധിച്ച് കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികള്‍ക്ക് സിറ്റി പൊലീസ് കമ്മീഷ്ണര്‍ അജിത്ത്കുമാര്‍ ഉപഹാരം നല്‍കി. എഡിഎം ടി വി രഞ്ജിത്ത്, അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ലിറ്റി ജോസഫ്, ഹുസൂര്‍ ശിരസ്തദാര്‍ പി പ്രേംരാജ്, തളിപ്പറമ്പ് റവന്യൂ ഡിവിഷന്‍ ഓഫീസര്‍ ടി എം അജയ് കുമാര്‍, സ്വീപ് അസി.നോഡല്‍ ഓഫീസര്‍ സാജന്‍ സി വര്‍ഗീസ്, ജില്ലാ ഇ എല്‍ സി കോ-ഓര്‍ഡിനേറ്റര്‍മാരായ ജയ്സണ്‍ മാസ്റ്റര്‍, ഹരീഷ് മാസ്റ്റര്‍ തുങ്ങിയവര്‍ പങ്കെടുത്തു.

About The Author