തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് കേന്ദ്രം വെട്ടിക്കുറച്ചു: മന്ത്രി എം ബി രാജേഷ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് കേന്ദ്ര സര്‍ക്കാര്‍ അന്യായമായി വെട്ടിക്കുറച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

14-ാം ധനകാര്യ കമ്മീഷന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വ്യവസ്ഥകളില്ലാതെയാണ് ഗ്രാന്റ് അനുവദിച്ചത്. എന്നാല്‍ 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് അനുവദിക്കുമ്പോള്‍ കേന്ദ്രം അപ്രതീക്ഷിതമായി വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിച്ചു. ചെലവഴിക്കാത്ത തുക 10 ശതമാനത്തില്‍ കുറവുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാത്രമെ ഗ്രാന്റ് അനുവദിക്കു എന്നായിരുന്നു വ്യവസ്ഥ. അത് പ്രകാരം കേരളത്തില്‍ 42 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് തുക ലഭിക്കുക. ഒടുവില്‍ വലിയ ഇടപെടല്‍ നടത്തിയാണ് 814 കോടി ലഭിക്കേണ്ടിടത്ത് 357 കോടിയെങ്കിലും ലഭിച്ചത്. ധനകാര്യ കമ്മീഷന്‍ പോലും മുന്നോട്ടുവെക്കാത്ത വ്യവസ്ഥയാണ് കേന്ദ്രം അടിച്ചേല്‍പ്പിച്ചത്. കേന്ദ്ര വിഹിതം കൃത്യമായി ചെലവഴിക്കുന്നതില്‍ പല തദ്ദേശ സ്ഥാപനങ്ങളും പിന്നിലാണെന്നും ഇതാണ് കേന്ദ്രം ആയുധമാക്കിയതെന്നും മന്ത്രി പറഞ്ഞു.

അതിദരിദ്ര നിര്‍മ്മാര്‍ജനം, മാലിന്യ മുക്തം, കേന്ദ്ര ഫണ്ട് വിനിയോഗം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് ഇനി പ്ലാന്‍ ഫണ്ട് അനുവദിക്കുക. മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഇന്‍സെന്റീവ് ലഭിക്കും. അലംഭാവം കാട്ടുന്നവര്‍ക്ക് വിഹിതം കുറയും. ഇത് സംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

About The Author