കണ്ണൂര്‍ മേയര്‍ ടി ഒ മോഹനന്‍ രാജിവെച്ചു

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ രാജിവെച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറിയാണ് രാജി കത്ത് നല്‍കിയത്. പുതിയ മേയറെ തിരഞ്ഞെടുക്കുന്നത് വരെ ഡെപ്യൂട്ടി മേയര്‍ ചുമതല വഹിക്കും. നിരവധി വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം എന്ന് ടി ഒ മോഹനന്‍ പറഞ്ഞു.

മുസ്ലിം ലീഗുമായുള്ള മുന്‍ധാരണ പ്രകാരമാണ് രാജിവെച്ചത്. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് രാജ്യസന്നദ്ധത പ്രകടിപ്പിച്ചില്ലെങ്കിലും മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ടതോടെയാണ് മേയര്‍ രാജിവെക്കാന്‍ തീരുമാനിച്ചത്. പുതിയ മേയര്‍ ആരാണെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ലീഗ് ജില്ലാ നേതൃത്വം അറിയിച്ചു.

രണ്ടര വര്‍ഷം വീതം മേയര്‍ സ്ഥാനം പങ്കിടാനായിരുന്നു ലീഗുമായുള്ള ധാരണ. എന്നാല്‍ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് രാജി വെയ്ക്കാന്‍ തയ്യാറായില്ല. മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതിന്റെ ഭാഗമായാണ് മൂന്ന് വര്‍ഷത്തിന് ശേഷമുള്ള രാജി.

പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മുസ്ലിഹ് മടത്തിലും ഡെപ്യൂട്ടി മേയര്‍ ഷബീന ടീച്ചറുമാണ് ലീഗിന്റെ പരിഗണനയിലുള്ളത്. കോര്‍പ്പറേഷന്‍ പരിധിയില്‍ നിര്‍ണായക സ്വാധീനശക്തി അല്ലാതിരുന്നിട്ടും ലീഗിന് മേയര്‍ സ്ഥാനം വിട്ടുനല്‍കുന്നതില്‍ ജില്ലയിലെ കോണ്‍ഗ്രസിനകത്ത് രണ്ടഭിപ്രായമുണ്ട്. എന്നാല്‍ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു കോണ്‍ഗ്രസ് രാജി വെക്കാന്‍ മേയറോട് ആവശ്യപ്പെട്ടത്.

About The Author