കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗന്റെ ഭാര്യയെ ചോദ്യം ചെയ്യും

കണ്ടല ബാങ്ക് തട്ടിപ്പ് കേസിൽ മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗന്റെ ഭാര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഭാര്യയ്ക്കും മകളുടെ ഭർത്താവിനും ഇഡി സമൻസ് അയച്ചു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനിടെ രണ്ടുമാസത്തിലേറെയായി ജയിലിൽ കഴിയുന്ന ഭാസുരാംഗന്റെയും മകൻ അഖില്‍ ജിത്തിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി.

എൻ ഭാസുരാംഗനും മകനുമടക്കം ആറ് പ്രതികൾക്കെതിരെയായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ ആദ്യഘട്ട കുറ്റപത്രം. മൂന്ന് കോടി 22 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ഇഡി നൽകിയ കുറ്റപത്രത്തിൽ പറയുന്നത്. വ്യാജരേഖ ചമച്ച് കുടുംബാംഗങ്ങളുടെ പേരിൽ എടുത്ത വായ്പയാണിതെന്നാണ് ഇഡി ആരോപിക്കുന്നത്.

ബാങ്കിൽ ആകെ 101 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് സഹകരണവകുപ്പ് കണ്ടെത്തിയത്. പ്രസിഡന്റായ ബാങ്കിൽ നിന്ന്, വ്യാജരേഖ ചമച്ച് എടുത്ത വായ്പ മകൻറെ പേരിൽ ബിസിനസ്സിൽ നിക്ഷേപിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. മകനെ കൂടാതെ ഭാര്യയും രണ്ട് പെൺമക്കളും കേസിൽ പ്രതികളാണ്.

About The Author