ഇറാനിൽ ഇരട്ടസ്ഫോടനത്തിൽ 73 പേർ കൊല്ലപ്പെട്ടു

ഇറാനിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ 73 പേർ കൊല്ലപ്പെട്ടു. 171 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇറാന്‍റെ മുന്‍ സൈനികമേധാവി ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന്റെ നാലാംവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ശവകുടീരത്തിന് സമീപമാണ് സ്ഫോടനം നടന്നതെന്ന് ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണമെന്നാണ് ലഭിക്കുന്ന വിവരം.

സ്ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് സ്യൂട്ട്‌കേസുകള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ആദ്യ സ്‌ഫോടനം പ്രാദേശിക സമയം ഉച്ചക്ക് ശേഷം 2.50- ഓടെയും രണ്ടാമത്തേത് 15 മിനിറ്റുകള്‍ക്ക് ശേഷവുമാണ് നടന്നത്.

ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൽ സേവനമനുഷ്ഠിച്ച ഇറാനിയൻ സൈനിക ഉദ്യോഗസ്ഥനായിരുന്നു സുലൈമാനി. 2020-ൽ ബാഗ്ദാദ് വിമാനത്താവളത്തിൽ യുഎസ് ഡ്രോൺ ആക്രമണത്തിലാണ് ഇറാന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടത്.

About The Author