പാസ്സ്‌പോർട്ട് ഡെലിവറിയുടെ പേരിൽ സൈബർ തട്ടിപ്പ്
പാസ്പോർട്ട് ഡെലിവറിയുടെ മറവിലും സൈബർ തട്ടിപ്പ് നടന്നതായി പരാതി. പാസ്പോർട്ടിന് അപേക്ഷിച്ച കോഴിക്കോട് വടകര ആയഞ്ചേരി സ്വദേശി വീട്ടമ്മയിൽ നിന്നാണ് പണം തട്ടിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തട്ടിപ്പിനിരയായ ആയഞ്ചേരി സ്വദേശിനി കോഴിക്കോട് സൈബർ സെല്ലിലും വടകര റൂറൽ എസ്പിക്കും പരാതി നൽകി.
ഉംറയ്ക്ക് പോകാനായി പാസ് പോർട്ടിന് അപേക്ഷിച്ച് കാത്തിരിക്കുന്ന ആയഞ്ചേരി സ്വദേശിനിക്ക് തപാൽ വകുപ്പിന്റെ സ്പീഡ് പോസ്റ്റ് ഉദ്യോഗസ്ഥനെന്ന പേരിലാണ് ഫോൺ വിളിയെത്തുന്നത്. പാസ്പോർട്ട് എത്തിച്ച് നൽകണമെങ്കിൽ 5 രൂപ ഗൂഗിൾ പേ ചെയ്ത് നൽകണമെന്നതായിരുന്നു ആവശ്യം. ഇതിനായി ഫോണിലേക്ക് ഒരു ലിങ്ക് അയച്ച് നൽകാമെന്നും ഇയാൾ പറഞ്ഞു. 5 രൂപ അയക്കാൻ കഴിയാതെ വന്നതോടെ വീണ്ടും വിളിച്ച ആളെ ബന്ധപ്പെടുകയായിരുന്നു. അപ്പോൾ 500 രൂപ അയക്കാൻ ആവശ്യപെട്ടതോടെ സംശയം തോന്നിയ വീട്ടമ്മ 200 രൂപ നൽകി. പിന്നാലെ വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് മനസിലായതെന്ന് വീട്ടമ്മയുടെ ബന്ധുവായ കുഞ്ഞബ്ദുള്ള പറഞ്ഞു.
വീട്ടമ്മയുടെ അക്കൗണ്ടിൽ കൂടുതൽ പണം ഇല്ലാത്തത് കൊണ്ടാണ് പണം നഷ്ടപെടാതിരുന്നത്. പാസ്പോർട്ട് ഡലിവറി എസ്എംഎസ് വഴി ട്രാക്ക് ചെയ്ത് പണം തട്ടാനുള്ള ശ്രമമാണ് വടകര നടന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തട്ടിപ്പിനിരയായ ആയഞ്ചേരി സ്വദേശിനി സൈബർ സെൽ, എൻസിആർപി, വടകര റൂറൽ എസ്പി തുടങ്ങിയവർക്ക് പരാതി നൽകി.