പഠന യാത്രക്കിടെ കടപ്പുറത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വൃത്തിയാക്കി : മാതൃകയായി കയരളം നോർത്ത് എൽ പി സ്കൂളിലെ കുട്ടികൾ

പഠന യാത്രക്കിടെ കടപ്പുറത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വൃത്തിയാക്കി കുട്ടികൾ.മയ്യിൽ കയരളം നോർത്ത് എൽ പി സ്കൂൾ വിദ്യാർത്ഥികളാണ് മാട്ടൂൽ കടപ്പുറത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിതകർമ്മ സേനയ്ക്ക് കൈമാറിയത്.വിനോദ യാത്രക്കെത്തിയ കുട്ടികൾ തീരത്തെ സുന്ദരമായ കാഴ്ച്ചകൾ മാത്രമല്ല കണ്ടത്.കണ്ണൂരിൻറെ വിനോദ സഞ്ചാര പട്ടികയിൽ ഏറെ പ്രധാന്യമുള്ള മാട്ടൂൽ തീരത്ത് ദിവസവും നിരവധി നിരവധി പേരാണ് സന്ദർശകരാണ് എത്തുന്നത്. പ്ലാസ്റ്റിക് മാലിന്യം തീരത്തെ പ്രധാന പ്രശ്നവുമാണ്.തീരത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കണ്ടകുട്ടികൾ രണ്ട് മണിക്കൂർ ചെലവഴിച്ചാണ് മാലിന്യങ്ങൾ ശേഖരിച്ചത്.

തീരത്തെത്തിയ കുട്ടികൾ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കണ്ടപ്പോൾ അവ ശേഖരിച്ച് ഹരിതകർമ്മ സേനക്ക് കൈമാറിയത് ഒരു സുപ്രഭാതത്തിൽ ഉണ്ടായ തോന്നലിൽ നിന്ന് ഉണ്ടായതല്ല.നിരന്തരമായ പ്രവർത്തനങ്ങളിലൂടെയാണ് കയരളം നോർത്ത് എൽ പി സ്കൂളിലെ എൽ കെ ജി മുതൽ അഞ്ചാംതരം വരെയുള്ള കുട്ടികൾ ഈ പൊതു ബോധ്യത്തിലേക്ക് എത്തി ചേരുന്നത്.

കഴിഞ്ഞ ഓണാഘോഷം മുതൽ തുടങ്ങിയ “ക്വിറ്റ് പ്ലാസ്റ്റിക്ക്” എന്ന ക്യാമ്പയിൻ ഉണ്ടാക്കിയ സ്വാധീനമാണ് ഇത്തരം പൊതു ഇടപെടലിലേക്ക് കുട്ടികളെ എത്തിച്ചത്.ക്യാമ്പയിനിന്റെ ഭാഗമായി സ്കൂളിൽ നിരവധി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.ആദ്യം പ്രദേശത്തെ വീടുകളിലേയും സ്ഥാപനങ്ങളിലേയും പ്ലാസ്റ്റിക്‌ ഉപയോഗത്തിൻറെ സർവ്വേ നടത്തി.മുഴുവൻ കുട്ടികൾക്കും തുണിസഞ്ചി വിതരണം ചെയ്‌തു.
പേപ്പര്‍ ബാഗ്‌ നിര്‍മാണ പരിശീലനം, പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, കരകൗശല വസ്തുക്കളുടെ നിര്‍മാണ ശില്‍പ്പശാല, നാടകം തുടങ്ങിയ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു.ഇത്തരം ഇടപെടൽ നടന്നതോടെ പ്ലാസ്റ്റിക്ക് മാലിന്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ധാരണ ഈ കുഞ്ഞു മനസുകളിൽ പതിഞ്ഞു.അതോടെ പ്ലാസ്റ്റിക്ക് മാലിന്യ നിർമാർജനം കുട്ടികളുടെ ജീവിതചര്യയുടെ ഭാഗമായി.

സർക്കാർ നടപ്പിലാക്കുന്ന മാലിന്യ മുക്ത നവകേരള പദ്ധതിയിൽ മയ്യിൽ ഗ്രാമപഞ്ചായത്തിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌ക്കാരം കയരളം നോർത്ത് എൽ പി സ്കൂളിനായിരുന്നു. പ്രധാനാദ്ധ്യാപിക എം ഗീതയുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെയും,പി ടി എ യുടെയും നിരന്തരമായ ഇടപെടലാണ് കുട്ടികളിൽ ഇത്തരത്തിലുള്ള പൊതുബോധം വളർത്താൻ ഇടയാക്കിയത്.കയരളം സ്കൂള്‍ ക്യാമ്പസ്‌ പുര്‍ണമായും പ്ലാസ്റ്റിക്‌ വിമുക്തമാണ് എന്നതും ഈ കുട്ടികളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവാണ്.

 

About The Author