യുപിയിൽ ഡോക്ടറെ വീട്ടിൽ കയറി വെടിവച്ചു കൊന്നു

ഉത്തർപ്രദേശിൽ 35 കാരനായ ആയുർവേദ ഡോക്ടറെ വീട്ടിൽ കയറി വെടിവച്ചു കൊന്നു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ജൗൻപൂർ ജില്ലയിലെ ജലാൽപൂർ മേഖലയിൽ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഡോ തിലക്ധാരി സിംഗ് പട്ടേൽ ആണ് കൊല്ലപ്പെട്ടത്. ബിരുദധാരിയായ സിംഗ് കഴിഞ്ഞ എട്ട് വർഷമായി വാടകക്കെട്ടിടത്തിൽ ‘സായി ചികിത്സാലയ’ എന്ന ക്ലിനിക്ക് നടത്തിവരുന്നു. വീട്ടിൽ തന്നെയാണ് ക്ലിനിക്ക് പ്രവർത്തിച്ചിരുന്നത്.

ഇന്ന് പുലർച്ചെയോടെ ചിലർ സിംഗിനെ വീട്ടിൽ കയറി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിൽ. രാത്രികാലങ്ങളിൽ പട്ടേൽ വീട്ടിലെ വാതിൽ തുറന്നിടാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അത്യാവശ്യഘട്ടങ്ങളിൽ രോഗികളെ സഹായിക്കാൻ വേണ്ടിയായിരുന്നു ഇത്.

കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് (സിറ്റി) ബ്രിജേഷ് കുമാർ ഗൗതം പറഞ്ഞു. ഒളിവിൽ പോയ പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

About The Author