‘ഖേല്‍രത്‌ന-അര്‍ജുന അവാര്‍ഡുകള്‍ തിരിച്ചുനല്‍കും’; മോദിക്ക്‌ കത്തയച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്

ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിന് പിന്നാലെ ശക്തമായ പ്രതിഷേധത്തിൽ വിനേഷ് ഫൊഗട്ടും പങ്കാളിയാകുന്നു. ബ്രിജ്ഭൂഷൺ പാനലിന്റെ വിജയത്തിന് പിന്നാലെയാണ് ​ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമായത്. താരങ്ങളായ സാക്ഷി മാലിക് കരിയർ അവസാനിപ്പിച്ചും ബജ്റം​ഗ് പൂനിയയും വിജേന്ദർ സിം​ഗും പദ്മശ്രീ തിരിച്ചുനൽകിയും പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ ഖേൽ രത്ന, അർജുന പുരസ്കാരവും തിരിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിനേഷ് ഫൊഗട്ട്. ഇക്കാര്യം സൂചിപ്പിച്ച് താരം പ്രധാനമന്ത്രിക്ക് കത്തെഴുതി.

താരങ്ങളുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെ സഞ്ജയ് സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള പുതിയ ​ഗുസ്തി ഫെഡറേഷൻ സമിതിക്ക് കേന്ദ്ര കായിക മന്ത്രാലയം വിലക്കേർപ്പെടുത്തിയിരുന്നു. രാജ്യത്തെ നിയമ സം​വിധാനങ്ങൾ ലംഘിച്ചുവെന്നാണ് വിലക്കിന് കേന്ദ്രത്തിന്റെ വിശദീകരണം. ദേശീയ ജൂനിയർ ​ഗുസ്തി ചാമ്പ്യൻഷിപ്പ് ഈ മാസം 28ന് തുടങ്ങാൻ പുതിയ സമിതി തീരുമാനിച്ചിരുന്നു. ഉത്തർപ്രദേശിലെ ​ഗോണ്ടിലാണ് ചാമ്പ്യൻഷിപ്പ് നടത്താൻ തീരുമാനിച്ചത്. എന്നാൽ താരങ്ങൾക്ക് തയ്യാറെടുപ്പിനായി കുറഞ്ഞത് 15 ദിവസം അനുവദിക്കണമെന്നാണ് നിയമം. ഇത് ലംഘിച്ചതിന് പിന്നാലെയാണ് സമിതിയ്ക്ക് വിലക്ക് ലഭിച്ചിരിക്കുന്നത്.

​ഗുസ്തി ഫെഡറേഷന്റെ പുതിയ സമിതി പഴയ ഭാരവാഹികൾക്ക് കീഴിൽ പ്രവർത്തിക്കുന്നതായും കായിക മന്ത്രാലയം കണ്ടെത്തി. മുമ്പ് ലൈംഗികാതിക്രമ കേസിൽ ആരോപണ വിധേയരായവർ തന്നെ വീണ്ടും അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നു. നിലവിൽ കോടതിയുടെ പരിഗണനയിലുള്ള കേസാണിതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

കേന്ദ്ര സർക്കാർ വിളിച്ചുവരുത്തിയതിന് പിന്നാലെ ഗുസ്തി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് പറഞ്ഞിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി ചര്‍ച്ച നടത്തിയതിന് ശേഷം ബ്രിജ് ഭൂഷണ്‍ ഇക്കാര്യം അറിയിച്ചതാണ്. 12 വര്‍ഷം ഗുസ്തി താരങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. തെറ്റ് ചെയ്തിട്ടില്ലെന്ന് കാലം തെളിയിക്കും. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ സഞ്ജയ് സിങ് തന്റെ ബന്ധുവല്ലെന്നും ബ്രിജ് ഭൂഷണ്‍ വ്യക്തമാക്കിയിരുന്നു.

About The Author