തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രതിസന്ധിയിൽ പരിഹാരം; മുൻവർഷത്തെ വാടക സംബന്ധിച്ച് ധാരണ തുടരാൻ തീരുമാനിച്ചു

തൃശൂർ പൂരം പ്രതിസന്ധിക്ക് പരിഹാരമായി. എക്സിബിഷൻ ഗ്രൗണ്ടിന്റെ തറവാടക നിലവിലുള്ള ധാരണ പ്രകാരം 42 ലക്ഷം രൂപ യെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം ദേവസ്വങ്ങൾ അംഗീകരിച്ചു. രണ്ട് കോടി ഇരുപത് ലക്ഷമായിരുന്നു കൊച്ചിൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത്. ഇന്ന് നടന്ന യോഗത്തിലാണ് പ്രതിസന്ധിക്ക് പരിഹാരമായത്.

തൃശൂര്‍ പൂരം ഇത്തവണയും മികച്ച രീതിയില്‍ നടക്കുമെന്നും രാജ്യത്തിന്റെ പ്രധാന പരിപാടിയാണ് പൂരമെന്നും അത് നടത്താന്‍ വിവാദങ്ങള്‍ ഉണ്ടാകേണ്ടതില്ലെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

നാടിന്റെ അഭിമാനമായി കാണാവുന്ന ഒന്നാണ് പൂരം. പൂരം നടത്താന്‍ ഇനി കുറച്ച് സമയമേ ബാക്കിയുള്ളു. വിവാദങ്ങള്‍ ഒഴിവാക്കണം. തടസങ്ങള്‍ ഉണ്ടാവരുത്. ഏകമനസോടെ പൂരം നന്നാക്കുകയാണ് വേണ്ടത്. സമയം ആവശ്യമാണെന്ന് കോടതിയെ ബോധിപ്പിക്കണം. കൊച്ചിന്‍ ദേവസ്വവും ഇരുദേവസ്വങ്ങളും തമ്മിലുള്ള ധാരണയില്‍ മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതിനും തല്‍സ്ഥിതി തുടരാന്‍ നിര്‍ദ്ദേശിച്ചതിലും പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങള്‍ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു. പൂരം മികച്ച രീതിയില്‍ നടത്താനാണ് തീരുമാനമെന്നും ദേവസ്വങ്ങള്‍ അറിയിച്ചു. തൃശ്ശൂര്‍ പൂരം എക്സിബിഷന്‍ തറവാടക കുത്തനെ ഉയര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് പൂരം നടത്തുന്നതില്‍ പ്രതിസന്ധി നേരിട്ടത്. പൂരം നടത്തിപ്പിന് പണം കണ്ടെത്തുന്ന പൂരം എക്സിബിഷന് ഗ്രൗണ്ട് അനുവദിക്കുന്നതില്‍ വാടക ക്രമാതീതമായി കൂട്ടിയ നടപടിയില്‍ പ്രതിഷേധിച്ച് ഇരുദേവസ്വങ്ങളും പൂരം ചടങ്ങു മാത്രമാക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് പ്രമേയം പാസാക്കിയിരുന്നു. 39 ലക്ഷമായിരുന്നു എക്‌സിബിഷന്‍ ഗ്രൗണ്ടിന് കഴിഞ്ഞ വര്‍ഷത്തെ വാടക. ഈ വര്‍ഷം 2.2 കോടി വേണമെന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇതോടെയാണ് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ പൂരം ചടങ്ങു മാത്രമാക്കി നടത്തേണ്ടി വരുമെന്ന് പ്രമേയം അവതരിപ്പിച്ചത്.

ഏപ്രില്‍ 19 നാണ് തൃശൂര്‍ പൂരം. 2016 മുതല്‍ അനിയന്ത്രിതമായ രീതിയില്‍ വാടക വര്‍ദ്ധിപ്പിച്ചിരുന്നു. പൂരം പ്രതിസന്ധി സര്‍ക്കാര്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പകല്‍പൂരം നടത്താന്‍ തീരുമാനിച്ചിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫിസിന് മുമ്പിലാണ് പ്രതീകാത്മക പകല്‍പൂരം നടത്താന്‍ തീരുമാനിച്ചിരുന്നത്. പൂരം പ്രദര്‍ശന നഗരിയ്ക്ക് ഭൂമി സൗജന്യമായി വിട്ടു നല്‍കണമെന്ന് തൃശൂര്‍ എം പി ടി എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ തറവാടക ഒഴിവാക്കുമെന്നും ടി എന്‍ പ്രതാപന്‍ വ്യക്തമാക്കിയിരുന്നു.

About The Author