പൂഞ്ച് ആക്രമണത്തിൻ്റെ ഉത്തരവാദിത്വം പീപ്പിൾസ് ആൻ്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തു

പൂഞ്ചിലെ ഭീകരാക്രമണത്തിൽ ഒരു സൈനികന് കൂടി കൊല്ലപ്പെട്ടു. ഇതോടെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ച് ആയി. ഗുരുതരമായി പരിക്കേറ്റ് രണ്ട് സൈനികർ ചികിത്സയിലാണ്. ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. ഇതിനിടെ പൂഞ്ച് ആക്രമണത്തിൻ്റെ ഉത്തരവാദിത്വം പീപ്പിൾസ് ആൻ്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തു. ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ ഭാഗമാണ് പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്.

വ്യാഴാഴ്ച വൈകുന്നേരം പൂഞ്ച് ജില്ലയിലെ ബഫ്ലിയാജിലെ സവാനി മേഖലയിൽ രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ നാല് ജവാൻമാർ കൊല്ലപ്പെടുകയും മൂന്ന് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭീകരർ ആദ്യം ഗ്രനേഡ് എറിയുകയും പിന്നീട് തുടരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3.45 ഓടെ സവാനി ഏരിയയിലെ രജോരി-തന്നമണ്ടി-സുരൻകോട്ട് റോഡിലാണ് സംഭവം. ദേര ഗലി ഭാഗത്തുനിന്ന് വരികയായിരുന്ന 48 രാഷ്ട്രീയ റൈഫിൾസിന്റെ രണ്ട് വാഹനങ്ങൾക്ക് നേരെയായിരുന്നു ഭീകരാക്രമണം എന്നാണ് റിപ്പോർട്ട്. അതിലൊന്ന് ജിപ്‌സിയും മറ്റൊന്ന് ട്രക്കുമായിരുന്നു. രജൗരി-തന്നമണ്ടി-സുരൻകോട്ട് റോഡിൽ ആദ്യം ഭീകരർ സൈനിക വാഹനത്തിന് നേരെ പതിയിരുന്ന് ആക്രമണം നടത്തുകയും സാവ്നി പ്രദേശത്ത് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. പിന്നാലെ രണ്ട് വാഹനങ്ങളും വളഞ്ഞ ഭീകരർ തുടരെ വെടിയുതിർക്കുകയായിരുന്നു. നാല് മുതൽ ആറ് വരെ ഭീകരർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. രഹസ്യാന്വേഷണ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാത്രി മുതൽ സംയുക്ത തിരച്ചിൽ ആരംഭിച്ചിരുന്നതായി ജമ്മുവിലെ സൈനിക വക്താവ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഭീകരർ സൈനീകരെ ആക്രമിച്ചതിന് പിന്നാലെ പ്രദേശത്ത് ആരംഭിച്ച ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ പോലീസ് സേനയെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ആക്രമണം നടന്ന ഉടൻ തന്നെ സൈന്യം പ്രദേശം മുഴുവൻ വളഞ്ഞിരുന്നു.

About The Author