വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

നിര്‍മിത ബുദ്ധിയില്‍ പരിശീലനവുമായി ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ദ്വിദിന ക്യാമ്പുകള്‍ 27 മുതല്‍

ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ദ്വിദിന ക്യാമ്പുകള്‍ ജില്ലയില്‍ ഡിസംബര്‍ 27 മുതല്‍ തുടങ്ങും. 15 ഉപജില്ലകളിലായി 19 ക്യാമ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഡിസംബര്‍ 31 വരെയുള്ള ദിവസങ്ങളിലാണ് ക്യാമ്പുകള്‍ നടക്കുക. ആനിമേഷന്‍, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലാണ് കുട്ടികള്‍ക്ക് പരിശീലം നല്‍കുന്നത്. ആദ്യമായാണ്  എ ഐ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഓപ്പണ്‍ ടൂണ്‍സ്,  കെഡിയെന്‍ ലൈവ് , ബ്ലെന്‍ഡര്‍ തുടങ്ങിയ സോഫ്‌റ്റ്വെയറുകളിലാണ് ആനിമേഷന്‍പരിശീലനം നല്‍കുന്നത്. പ്രോഗ്രാമിംഗ് വിഭാഗത്തില്‍ പിക്‌റ്റോബ്ലാക്ക് സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചുള്ള ഗെയിം നിര്‍മ്മാണം, നിര്‍മ്മിതബുദ്ധി, റോബോട്ടിക്‌സ് എന്നിവ അടിസ്ഥാനമാക്കി മുഖം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന വാതില്‍, ഡ്രൈവര്‍ ഉറങ്ങിയാല്‍ മുന്നറിയിപ്പ് നല്‍കുന്ന ഉപകരണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന തരംതിരിക്കല്‍ യന്ത്രം തുടങ്ങിയവ തയ്യാറാക്കും.
ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന 147 ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളിലായി 4888 അംഗങ്ങളാണുള്ളത്. സെപ്റ്റംബര്‍ മാസത്തില്‍ നടന്ന സ്‌കൂള്‍തല ക്യാമ്പുകളില്‍ നിന്ന് പ്രവര്‍ത്തന മികവിന്റെയടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത 1108 കുട്ടികളാണ് 19 ഉപജില്ലാ ക്യാമ്പുകളിലായി പങ്കെടുക്കുന്നത്. സബ്ജില്ലാ ക്യാമ്പില്‍ നിന്ന് തിരഞ്ഞെടുക്കുന്ന കുട്ടികളെ ജില്ലാ ക്യാമ്പിലും തുടര്‍ന്ന് സംസ്ഥാന ക്യാമ്പിലും പങ്കെടുപ്പിക്കും.

അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗക്കാരുടെ തനത് കലകള്‍ക്ക് പരിശീലനവും അവതരണവും പദ്ധതി നടപ്പാക്കുന്നതിന് പാരമ്പര്യകലകളിലൊന്നായ തുടി  പരിശീലനം ആവശ്യമുള്ള പട്ടികവര്‍ഗ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 30ന് വൈകിട്ട് മൂന്ന് മണിക്കകം ഐ ടി ഡി പി ഓഫീസിലോ വകുപ്പിന് കീഴിലുള്ള ഇരിട്ടി, പേരാവൂര്‍, കൂത്തുപറന്ന്, തളിപ്പറമ്പ് എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ആറളം സൈറ്റ് മാനേജരുടെ ഓഫീസിലോ എത്തിക്കണം.  ഫോണ്‍: 0497 2700357.

ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ പ്രയര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി/ ആശുപത്രികളിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു..  അപേക്ഷകര്‍ 1970 ഏപ്രില്‍ ഒന്നിനുശേഷം ജനിച്ചവരും ബി എച്ച് എം എസ് ബിരുദവും ടി സി എം സി രജിസ്ട്രേഷന്‍ ഉള്ളവരുമായിരിക്കണം.
ഇ മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, അനുബന്ധ രേഖകള്‍ സഹിതമുളള അപേക്ഷ ജനുവരി ആറിന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഹാജരാക്കണം. dmohomknr@gmail.com എന്ന ഇ മെയില്‍ വിലാസത്തിലും സമര്‍പ്പിക്കാം.

വിചാരണ മാറ്റി

ഡിസംബര്‍ 27ന് കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ ജനുവരി 24 ലേക്ക്   മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
ഡിസംബര്‍ 27, 28 തീയതികളില്‍ കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന ഇരിട്ടി തലശ്ശേരി ലാന്റ് ട്രൈബ്യൂണല്‍ പട്ടയകേസുകള്‍ യഥാക്രമം ജനുവരി 30, 31 തീയതികളിലേക്ക് മാറ്റിയതായി ഡി എം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ പഠിക്കാം ജോലി നേടാം അസാപിലൂടെ

ഐ ടി ഐ കഴിഞ്ഞവര്‍ക്ക് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി. ആറ് മാസത്തെ കോഴ്‌സില്‍ ഫിറ്റര്‍, ഷീറ്റ് മെറ്റല്‍, വെല്‍ഡര്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

ആദ്യ രണ്ട് മാസം കണ്ണൂര്‍ തോട്ടട ഗവ.പോളിടെക്‌നിക്കിലും തുടര്‍ന്നുള്ള മൂന്നു മാസം കൊച്ചിന്‍ ഷിപ്യാര്‍ഡിലുമായിരിക്കും പരിശീലനം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ ജോലി ലഭിക്കത്തക്ക രീതിയിലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. എന്‍ സി വി ടിയും അസാപും കൊച്ചിന്‍ ഷിപ്യാര്‍ഡും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും.
അപേക്ഷകരില്‍ നിന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പും അസാപ്പും ചേര്‍ന്ന് സംയുക്തമായി തെരഞ്ഞെടുക്കുന്ന  അര്‍ഹരായ  ന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 100 ശതമാനം സ്‌കോളര്‍ഷിപ് നേടാനും അവസരമുുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ അസാപ് കേരള വെബ്സൈറ്റ് ആയ www.asapkerala.gov.in ല്‍ ലഭിക്കും.  ഫോണ്‍: 8075851148, 9633015813, 7907828369.

മടമ്പം ആര്‍ സി ബിയുടെ ഷട്ടറുകള്‍ അടക്കും

ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ മടമ്പം ആര്‍ സി ബിയുടെ ഷട്ടറുകള്‍ ഡിസംബര്‍ 27ന് അടക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ ആര്‍ സി ബിയുടെ മുകള്‍ഭാഗത്തേയും താഴ്ഭാഗത്തേയും ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന്  ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

കൂടാളിയുടെ പ്രാദേശിക ചരിത്രം തയ്യാറാകുന്നു

കൂടാളി ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടാളിയുടെ പ്രാദേശിക ചരിത്രം തയ്യാറാക്കുന്നു. ഇതിനായുള്ള പഞ്ചായത്ത്തല ശില്‍പശാല ഡിസംബര്‍ 27ന് ഉച്ചക്ക് 2.30ന് പഞ്ചായത്ത് ഹാളില്‍ നടക്കും. ചരിത്രകാരനും ആകാശവാണി പ്രോഗ്രാം മേധാവിയുമായിരുന്ന ബാലകൃഷ്ണന്‍ കൊയ്യാല്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഷൈമ അധ്യക്ഷത വഹിക്കും. പി കെ ബൈജു അവതരണം നടത്തും. പ്രാദേശിക ചരിത്രം തയ്യാറാക്കുന്നതിന് മുന്നോടിയായി പഞ്ചായത്ത് തലത്തിലും 18 വാര്‍ഡ് അടിസ്ഥാനത്തിലും സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിവരശേഖരണവും ചരിത്ര രചനയും നടത്തുക.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തലശ്ശേരി താലൂക്കിലെ കോട്ടയം തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും  മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ല്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 20ന് വൈകീട്ട് അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം.

ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ സര്‍വീസ് ഗ്രൂപ്പ് നടത്തുന്ന ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ്, ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ്  കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ തലശ്ശേരി കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക.  ഫോണ്‍: 9072592458, 9747527514.

ചുമതലയേറ്റു

റെയ്ഡ്കോയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി വി രതീശന്‍ ചുമതലയേറ്റു.  കേരള ഗവ.സെക്രട്ടറിയായി വിരമിച്ചയാളാണ്.

ലേലം

പയ്യന്നൂര്‍ പൊതുമരാമത്ത് നിരത്തുകള്‍ ഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയ പരിധിയില്‍പെടുന്ന വിവിധ റോഡുകളിലുള്ള മരങ്ങളുടെ ലേലം ജനുവരി അഞ്ചിന് രാവിലെ 11.30ന് പൊതുമരാമത്ത് നിരത്തുകള്‍ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടത്തും.  ഫോണ്‍: 04985 209954.

കണ്ണൂര്‍ സിറ്റി പൊലീസ് ജില്ലയിലെ വളപട്ടണം പൊലീസ് സ്റ്റേഷന്‍ വളപ്പിലുള്ള ഏഴ് മരങ്ങള്‍ ഡിസംബര്‍ 29ന് രാവിലെ 11 മണിക്ക് വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ലേലം ചെയ്യും.  ഫോണ്‍: 0497 2763332.

കണ്ണൂര്‍ സിറ്റി ജില്ലാ പൊലീസ് ട്രെയിനിങ് സെന്റര്‍ വളപ്പിലുള്ള മഴമരത്തിന്റെ ലേലം ഡിസംബര്‍ 29ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ സിറ്റി ഡി എച്ച് ക്യു പരിസരത്ത് നടക്കും.

ക്വട്ടേഷന്‍

ജില്ലാ പഞ്ചായത്തിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായും മികച്ച ജില്ലാ പഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡിനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്നതിനുമായി ഫോട്ടോ, വീഡിയോ ഉള്‍പ്പെടെയുള്ള ഡോക്യുമെന്റേഷന്‍ തയ്യാറാക്കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ഡിസംബര്‍ 29ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും.

About The Author