ലാലൻ സിം​ഗ് രാജിവെച്ചു; ജെഡിയു അദ്ധ്യക്ഷനായി വീണ്ടും നിതീഷ് കുമാർ

ലോക്സഭാ തിരഞ്ഞെടു‍പ്പ് അടുത്തിരിക്കെ ജെഡിയുവിൽ നേതൃമാറ്റം. ജെഡ‍ിയു അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ലാലൻ സിം​ഗ് എന്ന രാജീവ് രഞ്ജൻ സിം​ഗ് രാജിവെച്ചതോ‌ടെ നിതീഷ് കുമാർ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. ഡൽഹിയിൽ ചേർന്ന ജെഡിയു ദേശീയ എക്സിക്യൂട്ടീവ് ഐക്യകണ്ഠമായി നിതീഷ് കുമാറിനെ തിരഞ്ഞെടുക്കുകയായിരുന്നു.

പാർട്ടിയിലെ ഭിന്നതയെക്കുറിച്ചുളള ചോദ്യത്തിന് താൻ എന്തിന് ദേഷ്യപ്പെടണമെന്ന് സ്ഥാനമൊഴിഞ്ഞതിന് ശേഷം മാധ്യമ പ്രവർത്തകരോട് ലാലൻ സിം​ഗ് ചോദിച്ചു. അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ലാലൻ സിം​ഗിനെ മാറ്റി നിതീഷ് കുമാറിനെ നിയോ​ഗിക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. ലാലൻ സിം​ഗും നിതീഷ് കുമാറും സ്വരചേർച്ചയിലല്ല എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നേതൃമാറ്റം.

സഖ്യകക്ഷിയായ ആര്‍ജെഡിയുമായുള്ള ലാലൻ സിം​ഗിന്റെ അടുപ്പമാണ് ഈ അകല്‍ച്ചയ്ക്ക് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏതെങ്കിലും ഘട്ടത്തിൽ ബിജെപി സഖ്യത്തിലേക്ക് മടങ്ങേണ്ടി വന്നാൽ ലാലൻ സിം​ഗ് അതിന് തട‌സ്സമാകുമോ എന്ന് നിതീഷ് കുമാറിന് ഭയമുണ്ടെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. കടുത്ത ബിജെപി വിരുദ്ധനാണ് ലാലൻ സിം​ഗ്.

ഇൻഡ്യ സഖ്യത്തിന് മുൻകൈ എടുത്ത നിതീഷ് കുമാർ അടുത്ത കാലത്തായി മുന്നണിയോട് അകൽച്ച കാണിക്കുന്നുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് നിര്‍ദേശിച്ചത് അനിഷ്ടങ്ങള്‍ക്ക് വഴിയൊരുക്കിയെന്നാണ് വിലയിരുത്തൽ.

About The Author