‘നവകേരള സദസ്സിന്റെ ബോർഡുകൾ നശിപ്പിച്ചു’; കെഎസ്‍യു പ്രവർത്തകർക്ക് എതിരെ കലാപാഹ്വാനത്തിനും കേസ്

ഡിജിപി ഓഫീസിലേക്ക് കഴിഞ്ഞ ദിവസം പ്രതിഷേധ മാർച്ച് നടത്തിയ കെഎസ്‍യു പ്രവർത്തകർക്ക് എതിരെ കലാപാഹ്വാനത്തിനും കേസ് എടുത്തു. നവ കേരള സദസിന്റെ ബോർഡുകൾ നശിപ്പിച്ചതിനാണ് കേസെടുത്തത്. വി കെ പ്രശാന്ത് എംഎൽഎയുടെ പരാതിയിലാണ് നടപടി

j

നവകേരളാ സദസ്സിന്റെ ബോർഡുകൾ നശിപ്പിച്ചത് കലാപാഹ്വാനമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. കേസിൽ കെഎസ്‍യു പ്രവർത്തകർക്ക് കോടതി ജാമ്യം നൽകി. ഡിജിപി ഓഫീസ് മാർച്ചിനിടെയാണ് പ്രവർത്തകർ ബോർഡുകൾ നശിപ്പിച്ചത്. ഇതിലൂടെ നവകേരള സദസ്സ് സംഘാടക സമിതിക്ക് നഷ്ടം സംഭവിച്ചെന്നാണ് പൊലീസ് പറയുന്നത്. 25,000 രൂപയുടെ നഷ്ടം സംഭവിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് പൊലീസ് ആസ്ഥാനത്തേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസിനിടയില്‍ സംഘപരിവാര്‍വല്‍ക്കരണം നടക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അതിന് മറുപടി പറയണമെന്നും മാർച്ചിന് നേതൃത്വം നൽകിയ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. കറുത്ത ബലൂണുകള്‍ ഉയര്‍ത്തിയും പ്രവർത്തകർ പ്രതിഷേധിച്ചു. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം പൊലീസ് ബാരിക്കേഡ് കെഎസ്‌യു പ്രവര്‍ത്തകര്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. ശക്തമായ ജലപീരങ്കി പ്രയോഗത്തില്‍ കെഎസ്‌യു വനിതാ പ്രവര്‍ത്തകര്‍ അടക്കം നിലത്തുവീണു. പിന്നാലെ പൊലീസ് ലാത്തി വീശി. തലക്കടിക്കരുതെന്ന് പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചെങ്കിലും പൊലീസ് പ്രവര്‍ത്തകരെ തള്ളി മാറ്റുന്ന സ്ഥിതിയുമുണ്ടായി. ലാത്തി ചാര്‍ജ്ജിലും നിരവധി കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.

ഡിജിപി ഓഫീസ് മാര്‍ച്ചിനിടെ കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് മൃഗീയമായി ആക്രമിച്ചെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് അക്രമം നടന്നത്. എല്ലാത്തിനും കാലം കണക്ക് ചോദിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.’വിദ്യാര്‍ഥി നേതാക്കളേയും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മാത്യു കുഴല്‍നാടന്‍ എംഎല്‍എയെയും ക്രൂരമായി തല്ലിച്ചതയ്ക്കുകയാണ് പൊലീസ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പൊലീസിനെ നിയന്ത്രിക്കുന്ന ഉപജാപക സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ അഴിഞ്ഞാട്ടം.എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സമരത്തെ വാത്സല്യത്തോടെ നേരിടുന്ന പൊലീസ് കെഎസ്‌യു പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നു. ഇത് ഇരട്ട നീതിയാണ്. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്ന് ഓര്‍ക്കണം.’ വി ഡി സതീശൻ പ്രതികരിച്ചിരുന്നു.

അതേസമയം, കെപിസിസിയുടെ നേതൃത്വത്തിൽ നാളെ ഡിജിപി ഓഫീസ് മാർച്ച് ഉണ്ട്. കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന പൊലീസിൻ്റെയും സിപിഐഎമ്മിൻ്റെയും മുഖ്യമന്ത്രിയുടെ അംഗരക്ഷകരുടെയും ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഡിജിപി ഓഫീസ് മാർച്ച്. ശനിയാഴ്ച രാവിലെ 10 മണിക്ക് കാല്‍ലക്ഷം പേരെ അണിനിരത്തി കെപിസിസിയുടെ നേതൃത്വത്തില്‍ ഡിജിപി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നാണ് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചിരിക്കുന്നത്.

About The Author