കല്യാശ്ശേരി ഔഷധഗ്രാമം പദ്ധതി: വിളവെടുപ്പ് ഡിസംബര്‍ 16ന്

കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള കുറുന്തോട്ടി കൃഷിയുടെ വിളവെടുപ്പ് ഡിസംബര്‍ 16ന് വൈകിട്ട് അഞ്ച് മണിക്ക് എരിപുരം തടത്ത് മുന്‍ എം എല്‍ എ എം വി ജയരാജന്‍ നിര്‍വഹിക്കും. വിളവെടുപ്പിന് മുന്നോടിയായി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന കര്‍ഷകര്‍ക്കുള്ള പരിശീലനം എം വിജിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി കടന്നപ്പള്ളി – പാണപ്പുഴ പഞ്ചായത്തില്‍ പത്ത് ഏക്കറിലും ഏഴോം, കണ്ണപുരം പഞ്ചായത്തുകളില്‍ 7.5 ഏക്കറിലുമായി ആകെ 25 ഏക്കറിലാണ് കുറുന്തോട്ടി കൃഷി ചെയ്ത്.

കൃഷി വകുപ്പ്, ഔഷധി, മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 16.75 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഒന്നാംഘട്ട പദ്ധതിക്കായി അനുവദിച്ചത്. മെയ് 26ന് പിലാത്തറ ഹോപ്പിന് സമീപം രണ്ടര ഏക്കറിലായി വിത്തിട്ട് തയ്യാറാക്കിയ ചെടികളാണ് കൃഷിക്കായി ഉപയോഗിച്ചത്.

ജൂലൈ 15നാണ് കുറുന്തോട്ടി ചെടിനട്ട് നടീലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പഞ്ചായത്തടിസ്ഥാനത്തില്‍ കര്‍ഷകരുടെ ഗ്രൂപ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. നിലം ഒരുക്കലിനും മറ്റുമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തി. കര്‍ഷകര്‍ക്ക് വിപണനത്തിലുള്ള സഹായവും സേവനവും ഉറപ്പുവരുത്തുന്നതിന് സൊസൈറ്റി രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനവും ആരംഭിച്ചു.

പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി 100 ഏക്കറിലേക്ക് ഔഷധക്കൃഷി വ്യാപിപ്പിക്കും. കടന്നപ്പള്ളി – പാണപ്പുഴ പഞ്ചായത്തില്‍ 20 ഏക്കറിലും, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം, പട്ടുവം, കല്യാശേരി, കണ്ണപുരം പഞ്ചായത്തുകളില്‍ 10 ഏക്കര്‍ വീതവും, ചെറുതാഴത്ത് 15 ഏക്കറിലും, ചെറുകുന്നില്‍ അഞ്ച് ഏക്കറിലും, മാട്ടൂല്‍ പഞ്ചായത്തില്‍ 2.5 ഏക്കറിലും ഔഷധ കൃഷി നടപ്പാക്കും.

ചെറുകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി നിഷ അധ്യക്ഷത വഹിച്ചു. ആത്മ കണ്ണൂര്‍ പ്രൊജക്റ്റ് ഡയറക്ടര്‍ എം എന്‍ പ്രദീപ് പദ്ധതി വിശദീകരിച്ചു. മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി സെക്രട്ടറി കെ പി പ്രശാന്ത് ക്ലാസ്സെടുത്തു. കല്യാശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബി സുഷ, ഏഴോം കൃഷി ഓഫീസര്‍ നിഷ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

About The Author